ഈസ്റ്റ് ഹൂസ്റ്റണില്‍ എഫ്.ബി.ഐയുടെ വന്‍ റെയ്ഡ്; നിരവധി പേര്‍ കസ്റ്റഡിയില്‍

Update: 2026-04-08 11:14 GMT

ഹൂസ്റ്റണ്‍: ഈസ്റ്റ് ഹൂസ്റ്റണിലെ ക്ലിന്റണ്‍ പാര്‍ക്ക് മേഖലയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ എഫ്.ബി.ഐയുടെ നേതൃത്വത്തില്‍ വിവിധ സുരക്ഷാ ഏജന്‍സികള്‍ സംയുക്തമായി വന്‍ പരിശോധന നടത്തി. കോടതി ഉത്തരവിനെത്തുടര്‍ന്ന് നടത്തിയ ഈ ഓപ്പറേഷനില്‍ നാലോളം വീടുകളില്‍ ഉദ്യോഗസ്ഥര്‍ റെയ്ഡ് ചെയ്യുകയും നിരവധി പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

എഫ്.ബി.ഐക്ക് പുറമെ ഹൂസ്റ്റണ്‍ പോലീസ്, യു.എസ് മാര്‍ഷല്‍സ്, ടെക്‌സസ് പബ്ലിക് സേഫ്റ്റി ഡിപ്പാര്‍ട്ട്മെന്റ് തുടങ്ങിയ ഏജന്‍സികള്‍ ഈ നീക്കത്തില്‍ പങ്കെടുത്തു.മയക്കുമരുന്ന് ഇടപാടുകളുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് ഈ റെയ്ഡ് നടന്നതെന്നാണ് സൂചന.

സൂര്യോദയത്തിന് മുമ്പ് തന്നെ പ്രദേശം വളഞ്ഞ ഉദ്യോഗസ്ഥര്‍ വീടുകളില്‍ നിന്ന് ബോക്‌സുകളില്‍ തെളിവുകള്‍ ശേഖരിക്കുന്നത് കണ്ടതായി നാട്ടുകാര്‍ പറഞ്ഞു.

ആറ് മാസം മുമ്പ് ഇതേ പ്രദേശത്ത് നടന്ന സമാനമായ റെയ്ഡിന്റെ തുടര്‍ച്ചയാണിതെന്ന് ചില താമസക്കാര്‍ വിശ്വസിക്കുന്നു.എത്രപേര്‍ അറസ്റ്റിലായെന്നോ ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ള കുറ്റങ്ങള്‍ എന്താണെന്നോ ഉള്ള ഔദ്യോഗിക വിവരങ്ങള്‍ എഫ്.ബി.ഐ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ചിലരെ മണിക്കൂറുകളോളം തടഞ്ഞുവെച്ച ശേഷം വിട്ടയച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

Similar News