സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സ് കുടുംബസംഗമം കരിക്കല്‍സ് റാഞ്ചില്‍ സംഘടിപ്പിച്ചു
ഹൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സിന്റെ (SIUCC) ഈ വര്‍ഷത്തെ ആദ്യ കുടുംബസംഗമം കരിക്കല്‍സ് റാഞ്ചില്‍ വെച്ച് ആവേശകരമായി നടന്നു. സംഘടനയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്ത ചടങ്ങില്‍ സ്‌നേഹബന്ധങ്ങള്‍ പുതുക്കുന്നതിനും ഭാവി പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുമുള്ള വേദിയായി ഈ ഒത്തുചേരല്‍ മാറി. സെക്രട്ടറി ബ്രൂസ് കൊളംബേല്‍, ട്രഷറര്‍ സണ്ണി കരിക്കല്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെയും ഡയറക്ടര്‍ ബോര്‍ഡിന്റെയും പൂര്‍ണ്ണ പിന്തുണയോടെ നടന്ന ചടങ്ങില്‍ വിവിധ വിനോദപരിപാടികളും വിഭവസമൃദ്ധമായ ഭക്ഷണവും ഒരുക്കിയിരുന്നു.
കുടുംബസംഗമത്തോടനുബന്ധിച്ച് നടന്ന ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് യോഗത്തില്‍ സംഘടനയുടെ നിലവിലെ പ്രവര്‍ത്തനങ്ങളും ഭാവി വളര്‍ച്ചയ്ക്കായുള്ള തന്ത്രപ്രധാനമായ പദ്ധതികളും ചര്‍ച്ച ചെയ്തു. പരിപാടിയുടെ ഭാഗമായുള്ള ഭക്ഷണക്രമീകരണങ്ങള്‍ക്കും ബാര്‍ബിക്യൂവിനും ജിജി ഒലിക്കന്‍, മോന്‍സി വര്‍ഗീസ്, രഞ്ജിത കൊളംബേല്‍, വിജി തോമസ് എന്നിവര്‍ നേതൃത്വം നല്‍കി.
കഴിഞ്ഞ 15 വര്‍ഷമായി ബിസിനസ്സ് മേഖലയിലെ സംരംഭകരെയും വിവിധ താല്‍പ്പര്യമുള്ള ഗ്രൂപ്പുകളെയും ഒന്നിപ്പിക്കുന്നതില്‍ SIUCC നിര്‍ണ്ണായക പങ്ക് വഹിക്കുന്നുണ്ട്. സാമൂഹിക പ്രതിബദ്ധതയോടെ സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കാനും പുതിയ ബിസിനസ്സുകള്‍ക്ക് ആവശ്യമായ മാര്‍ഗനിര്‍ദ്ദേശങ്ങളും പരിഹാരങ്ങളും നല്‍കാനും സംഘടന എന്നും മുന്‍പന്തിയിലുണ്ട്. ശക്തവും ഐക്യമുള്ളതുമായ ഒരു ബിസിനസ്സ് സമൂഹത്തെ കെട്ടിപ്പടുക്കുന്നതിനുള്ള SIUCC-യുടെ പ്രയാണത്തിലെ മറ്റൊരു നാഴികക്കല്ലായി ഈ കുടുംബസംഗമം മാറി.