അമേരിക്കയിലെ മലയാളി സിസ്റ്റേഴ്‌സിന്റെ ഒത്തുചേരല്‍ ചിക്കാഗോയില്‍ ഏപ്രില്‍ 17, 18 തീയതികളില്‍

Update: 2026-03-26 14:20 GMT

ചിക്കാഗോ: സിറോ മലബാര്‍ ചിക്കാഗോ രൂപതയുടെ ഇരുപത്തിയഞ്ചാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി അമേരിക്കയില്‍ 'ഓള്‍ മലയാളി സിസ്റ്റേഴ്‌സ് സംഗമം' 2026, ഏപ്രില്‍ 17, 18 തീയതികളില്‍ ചിക്കാഗോയില്‍ അരങ്ങേറും. അമേരിക്കയിലെ സേവനമനുഷ്ഠിക്കുന്ന മലയാളി സമര്‍പ്പിത സന്യാസിനികളുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു വിപുലമായ സംഗമം സംഘടിപ്പിക്കപ്പെടുന്നത്.

ഭാരതത്തിന് പുറത്തുള്ള ആദ്യ സിറോ മലബാര്‍ രൂപതയുടെ സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് ഈ സംഗമം വലിയ ഉണര്‍വ്വേകും. അമേരിക്കയിലുടനീളം വിവിധ സഭാസമൂഹങ്ങളിലും റീത്തുകളിലും സമര്‍പ്പിത സേവനം നയിക്കുന്ന മുന്നൂറ്റമ്പതോളം സന്യാസിനികള്‍ ഈ സ്‌നേഹസംഗമത്തില്‍ പങ്കുചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഭാരതത്തിന് പുറത്തുള്ള ആദ്യ സിറോ മലബാര്‍ രൂപതയായ ചിക്കാഗോ രൂപത സ്ഥാപിതമായതിന്റെ ഇരുപത്തിയഞ്ചാം വാര്‍ഷികാഘോഷങ്ങളുടേയും രൂപതയുടെ പ്രഥമ മെത്രാനായിരുന്ന അഭിവന്ദ്യ മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ മെത്രാഭിഷേക രജത ജൂബിലിയുടെയും ഭാഗമായാണ് ഈ സംഗമം

രൂപത വികാരി ജനറാള്‍മാരായ റവ. ഫാ. ജോണ്‍ മേലേപുറം, റവ. ഫാ. തോമസ് മുളവനാല്‍, വികാരി ജനറാളും ചിക്കാഗോ കത്തീഡ്രല്‍ പള്ളി വികാരിയുമായ റവ. ഫാദര്‍ തോമസ് കടുകപ്പള്ളില്‍, ബിന്‍സന്‍വില്‍ സേക്രഡ് ഹാര്‍ട്ട് പള്ളി വികാരി ഫാ. അബ്രഹാം ചാക്കോ കളരിക്കല്‍, സിസ്റ്റര്‍ ലിസ ആഞ്ഞിലിക്കല്‍, എസ്എസ്എഫ് (മില്‍വാക്കി), ടോണി ജോണ്‍ പുല്ലാപ്പള്ളി (ബിന്‍സന്‍വില്‍) എന്നിവരാണ് ഈ സംഗമത്തിന്റെ വിജയത്തിനായി കോര്‍ഡിനേറ്റര്‍മാരായി നേതൃത്വം നല്‍കുന്നത്.

സന്യാസസഭകളോ റീത്തുകളോ ഭേദമില്ലാതെ അമേരിക്കന്‍ അല്ലെങ്കില്‍ ഇന്ത്യന്‍ സന്യാസ സമൂഹങ്ങളില്‍ സേവനമനുഷ്ഠിക്കുന്ന കേരളത്തില്‍ നിന്നുള്ള എല്ലാ സിസ്റ്റേഴ്‌സിനെയും ഈ കൂട്ടായ്മയിലേക്ക് സ്വാഗതം ചെയ്യുന്നു.

ചിക്കാഗോ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ അഭിവന്ദ്യ മാര്‍. ജോയ് ആലപ്പാട്ടിന്റെയും, ബിഷപ്പ് എമിരറ്റസ് അഭിവന്ദ്യ മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെയും സാന്നിധ്യത്തില്‍ ബെന്‍സന്‍വില്ലിലെ സേക്രഡ് ഹാര്‍ട്ട് ക്‌നാനായ സിറോ മലബാര്‍ ഫൊറോന പള്ളിയിലാണ് ഈ ചരിത്ര സംഗമം ഒരുങ്ങുന്നത്.

ഏപ്രില്‍ 17 വെള്ളിയാഴ്ച രാവിലെ 11 മണിക്ക് രജിസ്ട്രേഷനോടെ ആരംഭിക്കുന്ന പരിപാടികളില്‍ സ്പ്രിംഗ്ഫീല്‍ഡ് രൂപതാധ്യക്ഷന്‍ അഭിവന്ദ്യ ഡോ. തോമസ് പാപ്രോക്കി മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്ന് നടക്കുന്ന സമ്മേളനത്തില്‍ ബൈസന്റൈന്‍ കാത്തലിക് എപ്പാര്‍ക്കി ഓഫ് പാര്‍മ മെത്രാന്‍ അഭിവന്ദ്യ റോബര്‍ട്ട് മാര്‍ക്ക് പിപ്ത മുഖ്യാതിഥിയായിരിക്കും.

വൈകുന്നേരം 5 മണിക്ക് ആഘോഷമായ വിശുദ്ധ കുര്‍ബാനയും തുടര്‍ന്ന് സന്യാസിനികള്‍ക്കും വിശിഷ്ടാതിഥികള്‍ക്കും നല്‍കുന്ന ഹൃദ്യമായ സ്വീകരണവും പൊതുസമ്മേളനവും നടക്കും.

രണ്ടാം ദിവസമായ ഏപ്രില്‍ 18 ശനിയാഴ്ച രാവിലെ 7:30-ന് വിശുദ്ധ കുര്‍ബാനയോടെ പ്രഭാത പരിപാടികള്‍ ആരംഭിക്കും. യുഎസ് ഗവണ്‍മെന്റിലെ സീനിയര്‍ എക്‌സിക്യൂട്ടീവ് സര്‍വീസ് (SES) അംഗമായ റവ. ഫാ. അലക്‌സാണ്ടര്‍ കുര്യന്‍ മോട്ടിവേഷന്‍ ക്ലാസ്സും റവ. സിസ്റ്റര്‍ അമെലിയ ഹ്യൂലര്‍ ഒപി പ്രഭാഷണവും നയിക്കും. പൊതുചര്‍ച്ചകള്‍ക്കും ഫോട്ടോ സെഷനും ശേഷം ഉച്ചയ്ക്ക് ഒരു മണിയോടെ സംഗമം സമാപിക്കും. തുടര്‍ന്ന് താല്പര്യമുള്ളവര്‍ക്കായി ശനിയാഴ്ച ഉച്ചകഴിഞ്ഞ് ചിക്കാഗോ ഡൗണ്‍ടൗണിലേക്കും ലേക്ക് മിഷിഗണിലേക്കും ബോട്ട് യാത്രയും സംഘടിപ്പിച്ചിട്ടുണ്ട്. ഈ സംഗമത്തില്‍ പങ്കെടുക്കുന്നതിന് രജിസ്ട്രേഷന്‍ ഫീസ് ഉണ്ടായിരിക്കുന്നതല്ല.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

റവ ഫാ. ജോണ്‍ മേലേപുറം (215-808-4052)

റവ. ഫാ. തോമസ് മുളവനാല്‍ (310-709-5111)

റവ. ഫാ. എബ്രഹാം കളരിക്കല്‍ (630 - 828 - 4513)

എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

Similar News