തിരുവനന്തപുരം: ഹോണ്‍ അടിച്ചതിന് അഭിഭാഷകനെ ഓട്ടോറിക്ഷാക്കാരനും കൂട്ടാളികളും മര്‍ദ്ദിച്ച് കൈ തല്ലിയൊടിച്ച സംഭവത്തില്‍ നിസാര വകുപ്പിട്ട് പേരൂര്‍ക്കട പോലീസ് എഫ് ഐ ആര്‍ ഇട്ടതായി ആരോപണം. ഏണിക്കര ചന്തയില്‍ നിന്നും എസ് ഐ യും, പോലീസ് സംഘവും ഓടിച്ചിട്ട് പിടിച്ച പ്രതികള്‍ക്ക് രാത്രിയില്‍ സി ഐ സ്റ്റേഷന്‍ ജാമ്യം നല്‍കി വിട്ടയച്ചു.

25ന് വ്യാഴാഴ്ച വൈകിട്ട് 6.30 മണിക്ക് പേരൂര്‍ക്കട മെയിന്‍ റോഡിലാണ് സംഭവം നടന്നത്. വഞ്ചിയൂര്‍ ജില്ലാ കോടതിയിലെ അഭിഭാഷകനും പേരൂര്‍ക്കട ചെമ്പകംമൂട് നിവാസിയുമായ ശിലു (45) വിനാണ് പിതാവിന് ഭക്ഷണം വാങ്ങാന്‍ ആക്ടീവ സ്‌കൂട്ടറില്‍ പോകവേ
ദുരനുഭവം ഉണ്ടായത്.

ശിലു ഓടിച്ചു വന്ന സ്‌കൂട്ടര്‍ മുന്നില്‍ പോകുകയായിരുന്ന കെ എല്‍ 0 1 ബി എം 7624-ാം നമ്പര്‍ ഓട്ടോറിക്ഷയെ മറി കടക്കുന്നതിനായി ഹോണടിച്ചു. ഓട്ടോ നിര്‍ത്തിയ ഡ്രൈവര്‍ അസഭ്യം വിളിച്ചു കൊണ്ട് പുറത്തിറങ്ങി, നീയാരാടാ ഹോണടിക്കാന്‍ എന്ന് ആക്രോശിച്ചു കൊണ്ട് പിടിച്ചു തള്ളി. തറയില്‍ വീണ ശീലുവിനെ ഓട്ടോയില്‍ നിന്നും പുറത്തിറങ്ങിയ ഡ്രൈവറുടെ കൂട്ടാളികളായ 3 പേര്‍ ചേര്‍ന്ന് അടിക്കുകയും ഇടിക്കുകയും കാലുകൊണ്ട് ചവിട്ടുകയും ചെയ്തു. നിന്നെ പിന്നെ കാണിച്ചു തരാം എന്ന് ഭീഷണിപ്പെടുത്തിയും ചെയ്തു.

കുറ്റവാളികള്‍ക്കൊപ്പം ഒത്തു കളിച്ച പോലീസ് ഇന്‍സ്‌പെക്ടറുടെ നടപടിക്കെതിരെ മേലധികാരികള്‍ക്ക് പരാതി നല്‍കി നീതിക്കായി കാത്തിരിക്കുകയാണ് അഭിഭാഷകന്‍.