കൊച്ചി: കൊച്ചി എം.ജി റോഡില്‍ വച്ച് പുലര്‍ച്ചെ ഒന്നരയോടെയുള്ള സിനിമാ ഷൂട്ടിംഗ് വിവാദത്തില്‍. തിരക്കേറിയ റോഡില്‍ മതിയായ സുരക്ഷയില്ലാതെ സാഹസിക രംഗങ്ങളാണ് ചിത്രീകരിച്ചത്. ഈ സാഹചര്യത്തിലാണ് കാറപകടത്തില്‍ കേസെടുത്ത് പൊലീസ് രംഗത്തു വന്നത്. ഇരുചക്ര വാഹനത്തെ ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കവേയാണ് അപകടം.

അമിത വേഗത്തില്‍ വാഹനമോടിച്ചതിനാണ് സെന്‍ട്രല്‍ പൊലീസ് കേസെടുത്തത്. അര്‍ജുന്‍ അശോകന്‍, മാത്യു തോമസ് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ബ്രൊമാന്‍സ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ കൊച്ചി എം.ജി റോഡില്‍ വച്ച് പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അപകടം. അര്‍ജുന്‍ അശോകന്‍, മാത്യു, സംഗീത് പ്രതാപ് എന്നിവരുള്‍പ്പടെ അഞ്ച് പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. സാധാരണ തിരക്കേറിയ റോഡില്‍ ഇത്തരം രംഗങ്ങള്‍ ഷൂട്ട് ചെയ്യാറില്ല. ഇവര്‍ സഞ്ചരിച്ച കാര്‍ തലകീഴായി മറിയുകയായിരുന്നു. സിനിമയിലെ സ്റ്റണ്ട് മാസ്റ്റര്‍ ആയിരുന്നു കാര്‍ ഓടിച്ചത്.

വഴിയില്‍ നിര്‍ത്തിയിട്ട രണ്ടു ബൈക്കുകളില്‍ കാര്‍ തട്ടിയപ്പോള്‍ ബൈക്ക് യാത്രക്കാരായ രണ്ടു പേര്‍ക്കും പരിക്കേറ്റു. സാധാരണക്കാരുടെ ജീവന്‍ പോലും അപകടത്തിലാക്കും വിധം ഷൂട്ടിംഗ് നടന്നു. അതിനിടെ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. നിയന്ത്രണം വിട്ട കാര്‍ തലകീഴായി മറിയുകയും മുന്നിലുണ്ടായിരുന്ന കാറിലിടിക്കുകയും ചെയ്തു. ഈ കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ഫുഡ് ഡെലിവറി ബോയുടെ ബൈക്കിലിടിച്ചു. തലകീഴായി മറിഞ്ഞു. ഭാഗ്യം കൊണ്ടാണ് താരങ്ങള്‍ വലിയ പരിക്കുകളില്ലാതെ രക്ഷപ്പെട്ടത്.

അരുണ്‍ ജോസ് സംവിധാനം ചെയ്യുന്ന ബ്രോമാന്‍സ് എന്ന ചിത്രത്തിന്റെ ചേസ് സീന്‍ ചിത്രീകരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. അര്‍ജുന്‍ അശോകനെയും സംഗീത് പ്രതാപിനെയും അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമിതവേഗതയിലെത്തിയ കാര്‍ ഒരു ബൈക്കിനെ മറികടക്കുന്നതിനിടെ ബൈക്കില്‍ ഇടിക്കുകയും മറ്റൊരു ബൈക്കില്‍ ഇടിച്ച ശേഷം റോഡിലേക്ക് മറിഞ്ഞു വീഴുകയുമായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. കാര്‍ പൂര്‍ണമായും തകര്‍ന്നതായി ദൃശ്യങ്ങളില്‍ കാണാം. രണ്ട് നടന്മാര്‍ക്കും നിസാര പരിക്കുകള്‍ മാത്രമേ ഉണ്ടായിട്ടുള്ളൂവെന്നാണ് വിവരം.

പോലീസ് ഉടന്‍ സ്ഥലത്തെത്തി വാഹനങ്ങള്‍ റോഡില്‍ നിന്ന് മാറ്റി. അപകടത്തെ തുടര്‍ന്ന് സിനിമയുടെ ചിത്രീകരണം നിര്‍ത്തിവച്ചു. ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാന്‍ നിര്‍മ്മിക്കുന്ന ചിത്രമാണ് 'ബ്രോമാന്‍സ്'. ജോ ആന്‍ഡ് ജോ, 18 പ്ലസ്, എന്നീ സിനിമകള്‍ക്ക് ശേഷം അരുണ്‍ ജോസ് സംവിധാനം ചെയ്യുന്നു.

മഹിമ നമ്പ്യാര്‍, കലാഭവന്‍ ഷാജോണ്‍, ബിനു പപ്പു എന്നിവരും പ്രാധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നത് എ ഡി ജെ, രവീഷ് നാഥ്, തോമസ് പി സെബാസ്റ്റ്യന്‍ എന്നിവര്‍ ചേര്‍ന്നാണ്. ഗോവിന്ദ് വസന്തയാണ് സംഗീതം.