ദോഹ: യുഎഇ ആസ്ഥാനമായുള്ള ഇടിഎ എന്ന കമ്പനിയിലെ ഖത്തർ ശാഖയിലുള്ള തൊഴിലാളികൾക്ക് മാസങ്ങളായി ശമ്പളം മുടങ്ങിയതായി പരാതി. ആഹാരത്തിന് പോലും നിവൃത്തിയില്ലാതെ വലയുന്ന തൊഴിലാളികളെ സഹായിക്കാൻ ഇന്ത്യൻ കമ്മ്യൂണിറ്റി ബെനവലന്റെ ഫോറം (ഐസിബിഎഫ്) എന്ന സംഘടന രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് മുടങ്ങിയ ശമ്പളം വാങ്ങിക്കൊടുക്കാനുള്ള ശ്രമത്തിലാണ് ഐസിബിഎഫ്.

വിദേശ തൊഴിലാളികൾക്ക് ശമ്പളം മുടങ്ങാതെ നൽകുന്നതിനും ചൂഷണം ഒഴിവാക്കുന്നതിനും കഴിഞ്ഞ നവംബർ മുതൽ വേജ് പ്രൊട്ടക്ഷൻ ഫോറം (ഡബ്ല്യൂപിഎസ്) നടപ്പാക്കിയെങ്കിലും ഇതിന്റെ പരിധിയിൽ തൊഴിലാളികളെ കൊണ്ടുവരാതെ ഇടിഎ കമ്പനി തൊഴിലാളികളെ വഞ്ചിക്കുകയായിരുന്നുവെന്നും പരാതി ഉയർന്നിട്ടുണ്ട്. അതേസമയം കമ്പനി സാമ്പത്തിക പ്രതിസന്ധിയിലായതാണ് ശമ്പളം മുടങ്ങാൻ കാരണമെന്ന് കമ്പനി മേലുദ്യോഗസ്ഥൻ പറഞ്ഞതായി തൊഴിലാളികളിലൊരാൾ വെളിപ്പെടുത്തി.

കമ്പനി താമസ സ്ഥലം മാത്രമാണ് തൊഴിലാളികൾക്ക് വാദ്ഗാനം ചെയ്തിരുന്നത്. അതുകൊണ്ടു തന്നെ മാസങ്ങളായി ശമ്പളം മുടങ്ങിയതോടെ ഭക്ഷണം കഴിക്കാൻ പോലും കാശില്ലാതെ വലയുകയാണ് നാനൂറോളം വരുന്ന തൊഴിലാളികൾ. പലയിടങ്ങളിലും കടംപറഞ്ഞാണ് നിലവിൽ ഇക്കൂട്ടർ ജീവിച്ചു പോരുന്നത്. ശമ്പളം കിട്ടാതിരുന്നതിനെ തുടർന്ന് ചിലർ കമ്പനിയിൽ നിന്നു രാജി വച്ചു പോകുകയും ചെയ്തിട്ടുണ്ട്. രാജി വച്ചവർ കമ്പനിക്കെതിരേ കേസ് കൊടുക്കാനുള്ള തയ്യാറെടുപ്പിലാണ്.

അതേസമയം ഇതിനു മുമ്പും പല തവണ കമ്പനിയിൽ ശമ്പളം മുടക്കം പതിവായിരുന്നുവെന്ന് ഇടിഎയിൽ പ്രൊജക്ട് മാനേജരായിരുന്ന ശ്യാം കുമാർ വെളിപ്പെടുത്തുന്നു. ഫെബ്രുവരിയിൽ കമ്പനി വിട്ട ശ്യാം പിന്നീട് കമ്പനിക്കെതിരേ കേസ് കൊടുത്തതിനു ശേഷമാണ് മൂന്നു മാസത്തെ മുടങ്ങിയ ശമ്പളം ലഭിച്ചത്. ശമ്പളം മുടങ്ങിയ കാര്യം വ്യക്തമാക്കിക്കൊണ്ട് ഇന്ത്യൻ എംബസി ഇടിഎ എച്ച് ആർ ഉദ്യോഗസ്ഥനുമായി ബന്ധപ്പെട്ടുവെന്നാണ് റിപ്പോർട്ട്. ഇതുസംബന്ധിച്ച് കമ്പനി വ്യക്തത ഉറപ്പാക്കാത്തതിനാൽ തൊഴിലാളികൾക്ക് എന്നു ശമ്പളം ലഭിക്കുമെന്നറിയില്ല. ഏതായാലും ഐസിബിഎഫിന്റെ നേതൃത്വത്തിൽ തൊഴിലാളികളുടെ ശമ്പളം തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്.