ഡബ്ലിൻ: പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന അയർലണ്ടിലെ ആരോഗ്യമേഖലയ്ക്ക് കടുത്ത പ്രഹരമേൽപ്പിച്ചുകൊണ്ട് ആയിരത്തോളം നഴ്‌സുമാർ പിരിഞ്ഞുപോകാനൊരുങ്ങുന്നു. അടുത്ത സമ്മറോടെ ആയിരത്തിലധികം നഴ്‌സുമാരാണ് സർവീസ് അവസാനിപ്പിക്കുന്നതെന്ന് ജൂനിയർ ഹെൽത്ത് മിനിസ്റ്റർ കാത്‌ലീൻ ലിഞ്ച് അറിയിച്ചു. ഒറ്റയടിക്ക് ഇത്രയധികം നഴ്‌സുമാർ സർവീസ് വിട്ടുപോകുന്നത് എച്ച്എസ്ഇയെ തളർത്തുമെന്ന ആശങ്കയാണ് ഇപ്പോൾ എങ്ങും.

ജൂണിനുള്ളിൽ സർവീസ് കോൺട്രാക്ടുകൾ അവസാനിക്കുന്നവരും സർവീസിൽ നിന്നു വിരമിക്കുന്നവരുമാണ് ആയിരത്തിലധികം പേരും. നിലവിൽ സ്റ്റാഫുകളുടെ പരിമിതി മൂലം ബുദ്ധിമുട്ടുന്ന ആശുപത്രികൾക്ക് നഴ്‌സുമാരുടെ പിരിഞ്ഞുപോകൽ ഇരുട്ടടിയായിത്തീരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം ഒറ്റയടിക്ക് ആയിരത്തിലധികം നഴ്‌സുമാർ എച്ച്എസ്ഇ വിട്ടുപോകുന്നത് പ്രതിസന്ധി സൃഷ്ടിക്കുമെന്നുള്ള കാര്യം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്ന് കാത്‌ലീൻ ലിഞ്ച് പറയുന്നു. സർവീസ് കാലാവധി അവസാനിച്ച് അയർലണ്ട് വിട്ടുപോകാൻ ഒരുങ്ങുന്നവരിൽ കുറച്ചുപേരെ പിടിച്ചു നിർത്താൻ ശ്രമിക്കുന്നുണ്ടെന്നും ജൂണിയർ ഹെൽത്ത് മിനിസ്റ്റർ വ്യക്തമാക്കി.

അയർലണ്ടിലെ മിക്ക ആശുപത്രികളും മതിയായ സ്റ്റാഫുകളുടെ അഭാവം പ്രശ്‌നം രൂക്ഷമാക്കിക്കൊണ്ടിരിക്കുകയാണെന്ന് ഐറീഷ് നഴ്‌സസ് ആൻഡ് മിഡ് വൈഫ്‌സ് ഓർഗനൈസേഷൻ (ഐഎൻഎംഒ) ചൂണ്ടിക്കാട്ടി. അയർലണ്ടിലെ ഒരു മറ്റേണിറ്റി ഹോസ്പിറ്റലിലും രോഗികളുടേയും നഴ്‌സുമാരുടേയും അനുപാതം അന്തർദേശീയ നിലവാരത്തിനടുത്ത് എത്തിയിട്ടില്ലെന്ന് കഴിഞ്ഞവർഷം ഐഎൻഎംഒ നടത്തിയ പഠനം വെളിപ്പെടുത്തിയിരുന്നു. രാജ്യത്തുള്ള 19 മറ്റേണിറ്റി ഹോസ്പിറ്റലുകളിലും നിർദേശിച്ചിരിക്കുന്ന അനുപാതത്തിലും താഴെയാണ് രോഗി- നഴ്‌സ് എണ്ണം. പോർട്ട്‌ലോയ്‌സ് ആശുപത്രിയിൽ മാത്രം 33 സ്റ്റാഫിനെ ആവശ്യമായുണ്ട്.

ആയിരത്തോളം നഴ്‌സുമാർ ഒറ്റയടിക്ക് കൊഴിഞ്ഞുപോകുന്നത് എച്ച്എസ്ഇയുടെ എല്ലാ മേഖലകളേയും സാരമായി ബാധിക്കുമെന്നും കാത്‌ലീൻ ലിഞ്ച് വ്യക്തമാക്കി. ഏറ്റവും കൂടുതലായി ബാധിക്കുന്നത് മാനസികാരോഗ്യ മേഖലയെയാണ്. സർവീസിൽ നിന്നും വിരമിക്കുന്നവരേയും കോൺട്രാക്ട് കാലാവധി അവസാനിക്കുന്നവരേയും കൂടാതെ രാജ്യം വിട്ട് വിദേശങ്ങളിലേക്ക് പോകുന്നവരുടെ എണ്ണവും വർധിച്ചുവരികയാണ്. ഇവരെ പിടിച്ചു നിർത്താനുള്ള ശ്രമങ്ങളും നടത്തിവരുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.