റോം: ഇറ്റലിയിൽ ഒരു മില്യണിലധികം കുട്ടികൾ കടുത്ത ദാരിദ്ര്യത്തിൽ കഴിയുന്നതായി റിപ്പോർട്ട്. രാജ്യത്തെ കടുത്ത സാമ്പത്തിക മാന്ദ്യം പിടിപെട്ടപ്പോൾ അത് കുട്ടികളിലേക്കും വ്യാപിച്ചതായി സേവ് ദ ചിൽഡ്രൽ ഇറ്റലി എന്ന സംഘടന വെളിപ്പെടുത്തുന്നു. ചാരിറ്റി സംഘടനയുടെ അറ്റ്‌ലസ് ഓഫ് ചിൽഡ്രൽ അറ്റ് റിസ്‌ക് ഇൻ ഇറ്റലി എന്ന റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

കഴിഞ്ഞ വർഷത്തെ കണക്കനുസരിച്ച് 1,434,000 കുട്ടികളാണ് ഇറ്റലിയിൽ കടുത്ത ദാരിദ്ര്യം അനുഭവിക്കുന്നത്. 2012-നെക്കാൾ 90,000 എണ്ണം കൂടുതലാണ് 2013-ൽ. ഇറ്റലിയിലെ മൊത്തെ കുട്ടികളുടെ എണ്ണത്തിന്റെ നാലു ശതമാനത്തോളം പേരാണ് ദാരിദ്ര്യം അനുഭവിക്കുന്നത്. പ്രത്യേകിച്ച് തെക്കൻ മേഖലകളിൽ കഴിയുന്നവർ. വാടക അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയ 65,000 കുടുംബങ്ങളെയാണ് 2013-ൽ ഒഴിപ്പിക്കപ്പെട്ടിട്ടുള്ളത്. അതിൽ നാലിൽ ഒരു കുട്ടി എന്ന കണക്കിൽ തീരെ മോശം അവസ്ഥയിലാണ് ജീവിക്കുന്നതെന്നും റിപ്പോർട്ട് കണ്ടെത്തിയിട്ടുണ്ട്.

കഴിഞ്ഞ വർഷം തന്നെ 68 ശതമാനം വീട്ടുകാർ ആഹാരത്തിന് ചെലവഴിക്കുന്ന പണം വെട്ടിച്ചുരുക്കാൻ നിർബന്ധിതരായിട്ടുണ്ട്. കൂടാതെ കുട്ടികൾക്കു സന്തോഷം പകരുന്ന ഹോബികൾ, സ്പോർട്സ്, യാത്ര എന്നിവയ്ക്കുള്ള ചെലവുകളും വെട്ടിച്ചുരുക്കിയിരിക്കുകയാണ് ഈ കുടുംബങ്ങൾ. കുട്ടികൾക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യം ഒരുക്കുന്നതിൽ ഇറ്റലിയിലെ വൻകിട നഗരങ്ങൾ പിന്നോക്കം പോയിരിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.

ആറു വയസു മുതൽ പതിനേഴു വയസുവരെയുള്ള 3.1 മില്യൺ കുട്ടികൾ കഴിഞ്ഞ വർഷം ഒരു ബുക്കു പോലും വായിച്ചിട്ടില്ലെന്നാണ് കണക്ക്. നാലു മില്യണോളം കുട്ടികൾ സിനിമയ്ക്കു പോകുകയോ മ്യൂസിയം സന്ദർശിക്കുകയോ ചെയ്തിട്ടില്ല. ഇറ്റലിയിൽ കുട്ടികളുടെ സാഹചര്യം തീർത്തും മോശമായിക്കൊണ്ടിരിക്കുകയാണെന്നാണ് സേവ് ദ ചിൽഡ്രൽ ഇറ്റലി ജനറൽ ഡയറക്ടർ വലേറിയോ നേരി വ്യക്തമാക്കുന്നത്.