- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യയുടെ വെള്ളത്തിൽ കലക്കി കഴിക്കുന്ന പൊടി കോവിഡിനെ ആട്ടിയോടിക്കും; ഡിആർഡിഒയുടെ കോവിഡ് മരുന്ന് ഇന്നുമുതൽ ലഭ്യമാകും; ഉദ്ഘാടനം പതിനായിരത്തോളം ഡോസുകൾ ഡൽഹിയിലെ ആശുപത്രികൾക്കു വിതരണം ചെയ്ത് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് നിർവഹിക്കും; ആശ്വാസത്തോടെ രാജ്യം
ന്യൂഡൽഹി: കോവിഡിനെതിരെ ഇന്ത്യയുടെ അത്ഭുതമരുന്ന് ഇന്നുമുതൽ ലഭ്യമാകും.ജനതിക വ്യതിയാനം വന്ന വൈറസിനെക്കുടി പ്രതിരോധിക്കുമെന്നതിനാൽ വളരെയേറെ പ്രതീക്ഷയോടെയാണ് രാജ്യം മരുന്നിനെ നോക്കിക്കാണുന്നത്.ഡിഫൻസ് റിസർച് ആൻഡ് ഡവലപ്‌മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) യുടെ നേതൃത്വത്തിലാണ് കോവിഡ് പ്രതിരോധ മരുന്ന് വികസിപ്പിച്ചെടുത്തത്.മരുന്നിന്റെ ഉദ്ഘാടനം പതിനായിരത്തോളം ഡോസുകൾ ഡൽഹിയിലെ ചില ആശുപത്രികൾക്കു വിതരണം ചെയ്തുകൊണ്ട് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് നിർവഹിക്കും.
ഹൈദരാബാദ് ആസ്ഥാനമായുള്ള ഡോ. റെഡ്ഡീസ് ലബോറട്ടറീസുമായി സഹകരിച്ച് ഡിആർഡിഒ ലാബ് വികസിപ്പിച്ചെടുത്ത 2-ഡിയോക്‌സി-ഡി-ഗ്ലൂക്കോസ് അഥവാ 2-ഡിജി എന്ന മരുന്നാണു കോവിഡിനു നൽകുന്നത്. രാജ്യത്ത് അടിയന്തര ഉപയോഗത്തിനു ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) അനുമതി നൽകിയിരുന്നു.
രണ്ട്, മൂന്ന് ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങളിൽ മികച്ച ഫലമാണു മരുന്നു കാണിച്ചത്. കോവിഡ് രോഗികളുടെ ആശുപത്രി വാസം കുറയ്ക്കുന്നതിനും അവരുടെ ഓക്‌സിജൻ ആശ്രിതത്വം കുറയ്ക്കുന്നതിനും മരുന്നു ഫലപ്രദമാണെന്നാണു കണ്ടെത്തൽ. പൊടി രൂപത്തിൽ ലഭ്യമാകുന്ന മരുന്ന് വെള്ളത്തിനൊപ്പം കഴിക്കാം.
കോവിഡ് ചികിത്സയ്ക്കു കൃത്യമായി മരുന്ന് ലഭ്യമായിട്ടില്ലാത്ത സാഹചര്യത്തിൽ രോഗതീവ്രത കുറയ്ക്കുന്നതിന് ഉപയോഗിക്കുന്ന ചുരുക്കം ചിലതിന്റെ കൂട്ടത്തിലാണ് 2-ഡിജിയും വരുന്നത്. കോവിഡിന്റെ രണ്ടാം തരംഗത്തിൽ ഏതാനും ആഴ്ചകളായി മൂന്നു ലക്ഷത്തിലധികം കേസുകളും ആയിരക്കണക്കിനു മരണങ്ങളും റിപ്പോർട്ട് ചെയ്യുന്ന ഇന്ത്യയ്ക്കു വലിയ ആശ്വാസമാകും പുതിയ മരുന്നെന്നാണു പ്രതീക്ഷിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ