ന്ത്യയിൽ ന്യൂനപക്ഷങ്ങൾ ഭൂരിപക്ഷങ്ങൾക്കെതിരെ ആക്രമണം നടത്തുന്നു എന്ന തരത്തിൽ ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി നടത്തിയ പരാമർശങ്ങൾ വിവാദമായിരുന്നു. മലപ്പുറത്തെ മുസ്ലിങ്ങൾ ഹിന്ദുക്കളെ ആക്രമിക്കുന്ന എന്ന തരത്തിൽ വർഗീയത തുളുമ്പുന്ന സുബ്രഹ്മണ്യം സ്വാമിയുടെ പരാമർശത്തിനെതിരെ അദ്ദേഹത്തിന്റെ ട്വിറ്റർ ഫോളോവേഴ്‌സ് തന്നെ രംഗത്തെത്തിയിരുന്നു.

മലപ്പുറത്തിനെതിരായ സുബ്രഹ്മണ്യം സ്വാമിയുടെ പരാമർശങ്ങളിൽ പ്രതിഷേധിച്ച് നിരവധി പേരാണ് നവമാദ്ധ്യമങ്ങളിലൂടെ പ്രതികരിച്ചത്. എഴുത്തുകാരൻ ബഷീർ വള്ളിക്കുന്ന് തന്റെ ബ്ലോഗിൽ സുബ്രമണ്യം സ്വാമിക്ക് അറിയാൻ മലപ്പുറത്തെക്കുറിച്ച് പത്തു കാര്യങ്ങൾ കുറിച്ചിട്ടുണ്ട്. അതിന്റെ പൂർണ രൂപമിതാ.

1. 1969ൽ രൂപം കൊണ്ട മലപ്പുറം ജില്ലയിൽ നിന്നും ഇന്നേ വരെ കാര്യമായ ജാതി-വർഗീയ പ്രശ്‌നങ്ങളോ ലഹളകളോ ഒന്നും ഉണ്ടായിട്ടില്ല

2. മലപ്പുറം ജില്ലയിലെ ജനസംഖ്യയിൽ (68.53%) മുസ്ലീങ്ങളാണ്. പിന്നിൽ (29.17%) ഹിന്ദുക്കളും അതിനുപിറകിൽ (2.22%) ക്രിസ്ത്യാനികളുമാണ് ഉള്ളത്.

3. ഇന്ത്യയിലെ തന്നെ മനോഹരമായ സ്ഥലങ്ങളിൽ ഒന്നായ മലപ്പുറം മതസൗഹാർദ്ദത്തിനും മതസഹിഷ്ണുതയ്ക്കും പേരുകേട്ട ജില്ല കൂടിയാണ്.

4. മലപ്പുറം ജില്ലയിലെ സാക്ഷരത 93.55 ശതമാനം ആണ്. അതായത് ദേശീയ ശരാശരിയിലും 20 ശതമാനം കൂടുതൽ

5. രണ്ടാം കമ്മ്യുണിസ്റ്റ് സർക്കാരിൽ മുഖ്യമന്ത്രിയായിരുന്നു ഇ എം എസ് നമ്പൂതിരിപ്പാടാണ് മലപ്പുറം ജില്ല രൂപീകരിക്കാൻ മുൻകൈ എടുത്തത്. മലപ്പുറം ജില്ലയിലാണ് ഇ എം എസ് ജനിച്ചതും.

6. ആധുനിക മലയാള സാഹിത്യത്തിന്റെ പിതാവെന്നറിയപ്പെടുന്ന തുഞ്ചത്ത് എഴുത്തച്ഛൻ ജനിച്ചത് മലപ്പുറത്തെ തിരൂരിലാണ്. മലപ്പു റത്തിന്റെ സാംസ്‌കാരിക തലസ്ഥാനം എന്നാണ് തിരൂർ അറിയപ്പെടുന്നത്. മഹാകവി വള്ളത്തോൾ നാരായണ മേനോൻ, ജ്ഞാനപ്പാനയുടെ രചയിതാവ് പൂന്താനം എന്നിവർ ജനിച്ചതും മലപ്പുറത്താണ്.

7. മാമാങ്കം നടന്ന തിരുനാവായ, ചരിത്രത്തിൽ ഇടം നേടിയ അങ്ങാടിപ്പുറം തിരുമാന്ദാംകുന്ന് ക്ഷേത്രം, പ്രശസ്ത ആയുർവേദ ചികിത്സാലയമായ കോട്ടയ്ക്കൽ ആര്യവൈദ്യശാല തുടങ്ങി ശ്രദ്ധേയമായ നിരവധി സ്ഥാപനങ്ങളും ചരിത്രശേഷിപ്പുകളും അടങ്ങിയ സ്ഥലമാണ് മലപ്പുറം.

8. കാലിക്കറ്റ് സർവ്വകലാശാല, തുഞ്ചത്ത് എഴുത്തച്ഛൻ മലയാളം സർവ്വകലാശാല, എഎംയു, ഇഎഫ്എൽയു ക്യാംപസുകൾ തുടങ്ങി മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളും മലപ്പുറത്താണ് സ്ഥിതി ചെയ്യുന്നത്.

9. മലപ്പുറം ജില്ലയിലെ ഭൂരിപക്ഷം യുവാക്കളും വിദേശരാജ്യങ്ങളിലാണ് ജോലി ചെയ്യുന്നത്. സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് സുപ്രധാനമായ പങ്കാണ് ഇവർ വഹിക്കുന്നത്.

10. അമ്പലവും, ക്രിസ്ത്യൻ പള്ളിയും, മുസ്ലിം പള്ളിയും എല്ലാം അടുത്തടുത്ത് സ്ഥിതി ചെയ്യുന്ന മലപ്പുറം ജില്ല മതമൈത്രിയുടെ ഉത്തമ ഉദാഹരണം കൂടിയാണ് കാണിച്ചുതരുന്നത്.