റിയാദ്: സൗദിയിൽ ഫർണിച്ചർ നിർമ്മാണ കേന്ദ്രത്തിലുണ്ടായ തീപിടുത്തത്തിൽ എട്ട് ഇന്ത്യാക്കാരടക്കം 10 പേർ മരിച്ചു. റിയാദിലെ ഷിഫയിൽ ബദർ ജില്ലയിലാണ് തീപിടുത്തമുണ്ടായത്. രണ്ട് ബംഗ്ലാദേശികളും രണ്ട് പാക്കിസ്ഥാനികളുമാണ് മരിച്ച മറ്റുള്ളവർ.ഇന്നലെ പുലർച്ചെയാണ് സംഭവം. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് നിഗമനം. പ്രദേശം പൊലീസിന്റെ നിയന്ത്രണത്തിലാണ്.

ഇന്ത്യാക്കാർ ഏത് സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണെന്ന് വ്യക്തമായിട്ടില്ല. പരുക്കേറ്റ മൂന്നുപേരുടെ നില ഗുരുതരമാണ്. ഫർണീച്ചറുകൾക്കുള്ള മര ഉരുപ്പടികൾ തയ്യാർ ചെയ്‌തെടുക്കുന്ന കമ്പനിയാണിത്. മരപ്പടികൾക്ക് പെയിന്റടിക്കലാണ് പ്രധാന ജോലി. മലയാളികളാരും ഇവിടെ ജോലി ചെയ്യുന്നില്ല. ഞായറാഴ്ച പുലർച്ചെ 4.17ഓടെയാണ് സംഭവമെന്ന് സിവിൽ ഡിഫൻസ് വൃത്തങ്ങൾ അറിയിച്ചു. ഫാക്ടറിയിൽ നിറയെ തീ ആളിക്കത്താൻ സഹായിക്കുന്ന പെയിന്റും പോളിമർ വസ്തുക്കളും മര ഉരുപ്പടികളുമാണുണ്ടായിരുന്നത്.

തൊഴിലാളികൾ താമസിച്ചിരുന്നത് ഫാക്ടറിക്കുള്ളിലാണ്. തീപിടിത്തമുണ്ടായ ഉടനെ സിവിൽ ഡിഫൻസിന്റെ നേതൃത്വത്തിൽ അഗ്‌നിശമന സേനയും പൊലീസ്, റെഡ് ക്രസന്റ് വിഭാഗം സ്ഥലത്തത്തെി രക്ഷാപ്രവർത്തനം നടത്തി. ഫാക്ടറിയുടെ ഉള്ളിലാണ് മൃതദേഹങ്ങൾ കിടന്നത്.
പരുക്കേറ്റവർ ഫാക്ടറിക്ക് പുറത്താണ് കിടന്നത്. പുക ശ്വസിച്ച് ശ്വാസം മുട്ടിയ അവസ്ഥയിലായിരുന്ന ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.