മനാമ: ഗൾഫ് രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ ശമ്പള വർധനവ് നടപ്പിലാക്കുമെന്ന റിപ്പോർട്ടിന് പിന്നാലെ ബഹ്‌റിനിൽ ഈ വർഷം ഏഴ് ശതമാനം ശമ്പളവർദ്ധനവുണ്ടാകുമെന്ന് സർവ്വേ ഫലം. റിക്രൂട്ട്‌മെന്റ് വെബ്‌സൈറ്റായ ഗൾഫ്ടാലന്റ് നടത്തിയ സർവേയിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.

കഴിഞ്ഞ വർഷം 5.9 ശതമാനം വേതനവർദ്ധനവാണ് നടപ്പിലാക്കിയത്. ഈ വർഷം വൻതോതിൽ ശമ്പള വർദ്ധനവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.നിർമ്മാണ മേഖലയിൽ 10 ശതമാനം ശമ്പള വർദ്ധനവുണ്ടാകുമെന്ന് സൂചന. ലോജിസ്റ്റിക് സെക്ടറിൽ 7.7 ശതമാനവും റീട്ടെയ്ൽ സെക്ടറിൽ 6.8 ശതമാനവുമാകും ശമ്പള വർദ്ധനവ്. കഴിഞ്ഞ മാസത്തിനും 2014 ഡിസംബറിനും ഇടയിൽ ഗൾഫ് ടാലന്റ് നടത്തിയ സർവേ റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്.

ജിസിസി രാജ്യങ്ങളിൽ ജോലി ചെയ്യുന്ന 22,000 പ്രൊഫഷണലുകളേയും 600 തൊഴിലുടമകളേയും സർവേയിൽ പങ്കെടുപ്പിച്ചിരുന്നു. 60 ഇന്റർവ്യൂകളും നടത്തി. ഈ വർഷം ഏറ്റവുമധികം ശരാശരി ശമ്പള വർദ്ധനവ് നടത്തുന്ന രാജ്യം ഖത്തർ ആയിരിക്കും. 8.3 ശതമാനം ശമ്പള വർദ്ധനവാണ് ഖത്തറിൽ പ്രതീക്ഷിക്കുന്നത്.