രാഷ്ട്രീയം ബോക്‌സിങ് പോലെയാണ്. പരാജയപ്പെട്ട് ഗോദയിൽ വീഴുമ്പോൾ എല്ലാവരും കയ്യടിക്കും. എന്നാൽ കൗണ്ട് ഡൗൺ അവസാനിക്കും മുമ്പ് അതുവരെ ഒളിപ്പിച്ചു വച്ച ഊർജ്ജം ആവാഹിച്ചെടുത്ത് ഇടിക്കാരൻ കാലുറപ്പിച്ചു നിൽക്കും. പൊരുതും. ഡൽഹിയുടെ രാഷ്ട്രീയ ഗോദയിൽ എഎപിയും അരവിന്ദ് കേജ്രിവാളും നടത്തിയ പ്രകടനവും ഇതു തന്നെയായിരുന്നു. എന്നാൽ ബോക്‌സിങ് റിംഗിൽ ഒരു എതിരാളി തോൽക്കുന്നതിനേക്കാൾ ദയനീയമായി ബിജെപിയെ നിലംപരിശാക്കിക്കളഞ്ഞുവെന്നു മാത്രം. എല്ലാം തകർന്നടിഞ്ഞ് പ്രതീക്ഷകളുടെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ഉയിർത്തെഴുന്നേറ്റ് ഡൽഹി നിയമസഭയിലേക്ക് ഒരു ഗംഭീര ഘർവാപ്പസി നടത്താൻ ആം ആദ്മി പാർട്ടിക്ക് വഴിയൊരുക്കി കൊടുത്തത് എന്താണ്? പ്രധാനമായും ഈ ഗംഭീര വിജയത്തിലേക്ക് എഎപിയെ നയിച്ചത് പത്തു കാരണങ്ങളാണ്.

1. കെജ്‌രിവാളിന്റെ വ്യക്തിപ്രഭാവം

ണ്ണാ ഹസാരെ സമരത്തോടെ ഡൽഹിക്കാർക്കിടയിൽ സ്വീകാര്യത ഏറി വന്ന വ്യക്തിയാണ് അവരിന്ദ് കേജ്‌രിവാൾ. ചുകപ്പും നീലയും ബീക്കണുകൾ വച്ച കാറിൽ തലങ്ങും വിലങ്ങും പായുന്ന വിഐപികളേയും വിവിഐപികളേയും മാത്രം കണ്ട് പരിചയമുള്ള ഡൽഹിക്കാർക്കിടയിൽ ഒരു മഫഌ ചുറ്റി ചുകപ്പോ നീലയോ മേൽക്കുപ്പായവുമിട്ട് ആൾക്കൂട്ടത്തിനിടയിലൂടെ കേജ്‌രിവാൾ നടന്നത് നഗരത്തിലെ സാധാരണക്കാർക്കിടയിൽ അദ്ദേഹത്തെ സുപരിചിതനാക്കി. അതുകൊണ്ടു തന്നെ തലസ്ഥാന നഗരത്തിലെ വിഐപി സംസ്‌കാരത്തിനെതിരേ അദ്ദേഹം സംസാരിക്കുമ്പോൾ അത് ജനങ്ങൾക്ക് നന്നായി മനസ്സിലാകുകയും ചെയ്യുന്നു.

2. എഎപിയുടെ അഴിമതി വിരുദ്ധ വിശ്വാസ്യത

പേക്കിനാവെന്ന് ബിജെപി ആക്ഷേപിച്ച എഎപിയുടെ കഴിഞ്ഞ വർഷത്തെ 49 ദിവസത്തെ ഡൽഹി ഭരണം പലർക്കും ഒരു സ്വപ്‌ന കാലയളവായിരുന്നു. പൊലീസിന്റേയും മുനിസിപ്പൽ കോർപറേഷൻ അധികൃതരുടേയും പകൽക്കൊള്ളയും നടുറോട്ടിലെ അഴിമതിയും വളരെ ചുരുങ്ങിയ ദിവസങ്ങൽ കൊണ്ടാണ് എഎപി സർക്കാർ ഇല്ലാതാക്കിയത്. എഎപി സർക്കാർ പിരിച്ചു വിട്ടതോടെ ഇതെല്ലാം പൂർവ്വ സ്ഥിതിയിലാകുകയും ചെയ്തു. ബിജെപിയുടെ പരമ്പരാഗത വോട്ട് ബാങ്കായ വ്യാപാരികളുടേയും ക്ച്ചവടക്കാരുടേയും വോട്ടിൽ ചോർച്ചയുണ്ടാക്കിയത് ഇതാണ്.

3. അജയ്യനെന്ന മോദി പ്രഭാവത്തിനു തുള വീണു

2014 ലോക്‌സഭാ തെരഞ്ഞെടുപ്പ് ഒറ്റയ്ക്ക് പൊരുതി നേടാൻ നരേന്ദ്ര മോദിക്കു കഴിഞ്ഞു. മഹാരാഷ്ട്രയിലും ഹരിയാനയിലും ഝാർഖണ്ഡിലും അതിന്റെ അനുരണനങ്ങളുണ്ടാക്കാനും ബിജെപിക്കു സാധിച്ചു. പക്ഷേ സംസ്ഥാന സർക്കാരിന്റെ ദൈനം ദിന നടത്തിപ്പിന് മോദി പ്രസക്തനല്ലെന്ന് ഡൽഹിയിലെ വോട്ടർമാർ തീരുമാനിച്ചു. സ്വന്തം പേർ ആയിരം തവണ ആവർത്തിച്ചെഴുതിയ വസ്ത്രമണിഞ്ഞ മോദിയെ സമ്പന്നരുടെ ആളായിട്ടാണ് എല്ലാവരും കണ്ടത്. പ്രത്യേകിച്ച് താഴെക്കിടയിലുള്ളവർ. സംഘ പരിവാര കാവി സംഘടനകളുടെ വിഷം ചീറ്റുന്ന വിദ്വേഷ പ്രസംഗങ്ങളെക്കുറിച്ച് അദ്ദേഹം മൗനം പാലിച്ചതും മധ്യവർഗ വോട്ടർമാർക്കിടയിൽ സ്വാധീനമുണ്ടാക്കി. അദ്ദേഹത്തിന്റെ സുരക്ഷാ സന്നാഹങ്ങൽ മൂലമാകാം ജനങ്ങളിൽ നിന്നും ഏറെ അകലെ ആയാണ് പൊതുവെ മോദി വിലയിരുത്തപ്പെട്ടത്.

4. ബേദി ചീട്ട് കീറിപ്പോയി

ബിജെപി പയറ്റിയ പതിനെട്ടാം അടവ് കിരൺ ബേദിയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടിയത് വൻ തിരിച്ചടിയായി. മോദിയുടെ രാംലീല മൈതാനത്തിലെ റാലി പരാജയപ്പെട്ടതോടെയാണ് ബിജെപി തുറുപ്പുചീട്ടായി ബേദിയെ രംഗത്തിറക്കിയത്. പക്ഷേ അത് വലിയൊരു ബാധ്യതയായി മാറുന്നതാണ് കണ്ടത്. ഡൽഹിയിലെ ബിജെപി നേതാക്കളെല്ലാം തങ്ങൾക്കനുകൂലമായ ഒരു സാഹചര്യവും കാത്തിരിക്കാൻ തുടങ്ങിയിട്ട് 16 വർഷങ്ങളായിരുന്നു. ഇവർക്കിടയിലേക്കാണ് ബേദിയെ അമിത് ഷാ കെട്ടിയിറക്കുന്നത്. ബേദി രംഗത്തെത്തിയതോടെ തങ്ങളുടെ വിജയ സാധ്യത ഇരട്ടിച്ചുവെന്ന എഎപിയുടെ വിലയിരുത്തലിന്റെ പൊരുൾ ഇപ്പോൾ എല്ലാവർക്കും മനസ്സിലായി. ബിജെപി പ്രവർത്തകരുടെ പ്രചാരണ ആവേഷവും ചോർന്നിരുന്നു.

5 വർഗ ഘടകം

രു വിഭാഗം മധ്യ വർഗവും ഉപരി വർഗവും എഎപിയെ പിന്തുണച്ചിട്ടുണ്ടാകാമെങ്കിലും പാവപ്പെട്ടവരും താഴെ തട്ടിലുള്ള മധ്യവർഗവുമാണ് കാര്യമായി എഎപിക്ക് തുണയായത്. കോൺഗ്രസ് വോട്ട് ബാങ്ക് വൻ തോതിൽ എഎപിക്ക് അനുകൂലമായി. ചേരികളിൽ നടത്തിയ പ്രചാരണവും കുറഞ്ഞ വിലയ്ക്ക് കുടിവെള്ളവും വൈദ്യുതിയും വാഗ്ദാനം ചെയ്തതും വിജയത്തിൽ വലിയ സ്വാധീനമുണ്ടാക്കി.

6. ന്യൂനപക്ഷ വോട്ട്

ബിജെപിയെ തോൽപ്പിക്കാൻ കോൺഗ്രസ് പാളയത്തിൽ നിന്ന് മുസ്ലിംകൾ എഎപിയിലേക്കു ചുവട് മാറി. ഈയിടെ ചർച്ചുകൾക്കു നേരെയുണ്ടായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ക്രിസ്ത്യൻ വോട്ടുകളും എഎപിയിലേക്കു പോയി.

7. പൂർവാഞ്ചലി വോട്ട്

ൽഹി ജനസംഖ്യയിൽ നിർണ്ണായക എണ്ണമുള്ള പാവപ്പെട്ട വിഭാഗമാണ് ബിഹാറിൽ നിന്നും യുപിയിൽ നിന്നും കുടിയേറി വന്നവരിൽ ഭൂരിപക്ഷവും. അഞ്ചു മണ്ഡലങ്ങളിൽ ഇവർ നിർണ്ണായകവും പല മണ്ഡലങ്ങളിലും സ്വാധീന ശേഷിയുമുള്ളവരാണ് ഈ വിഭാഗം. ഈ വിഭാഗത്തിൽ നിന്നുള്ള 14 പേർക്കാണ് എഎപി സീറ്റ് നൽകിയത്. ബിജെപി വെറും മൂന്ന് പേർക്കും.

8. അസംതൃപ്തരായ ഉദ്യോഗസ്ഥർ

ൽഹിയിൽ സർക്കാർ ഉദ്യോഗസ്ഥരെന്ന വിഭാഗം എഴുതിത്ത്ത്ത്തള്ളാവുന്നവരല്ല. ഇക്കൂട്ടർ മോദി സർക്കാരിൻ അസംതൃപ്തരാണ്. കാരണങ്ങൾ ഒരു പക്ഷേ തെറ്റായിരിക്കാം. പുതിയ ബയോമെട്രിക് അറ്റൻഡെൻസ് സംവിധാനം ഏർപ്പെടുത്തിയതും കാലത്ത് 9.30-നു തന്നെ ഓഫീസിലെത്തിയില്ലെങ്കിൽ ശമ്പളം നഷ്ടമാകുമെന്ന ഭീഷണിയുമെല്ലാമാണ് ഇവരെ അസ്വസ്ഥരാക്കിയത്. വിരമിക്കൽ പ്രായം രണ്ടു വർഷം നേരത്തെയാക്കുമെന്ന ചർച്ചകളും ഈ വിഭാഗത്തിന് അത്ര പിടിച്ചിട്ടില്ല.

9. കാലതാമസം എഎപിക്ക് അനുകൂലമായി

ലോക്‌സഭാ തെരഞ്ഞെടുപ്പിനു ശേഷം എഎപി നിരാശയിലായിരുന്നു. തൊട്ടുപിറകെ ഡൽഹി തെരഞ്ഞെടുപ്പും നടന്നാൽ ഒരു പക്ഷേ ജയം ബിജെപിക്കു തന്നെയാകുമായിരുന്നു. പക്ഷേ ഡൽഹി തെരഞ്ഞെടുപ്പ് ഒമ്പത് മാസം വൈകിപ്പിച്ചത് എഎപിക്ക് അനുഗ്രഹമായി. ഇക്കാലയളവിൽ എഎപി പുനസ്സംഘടിക്കുകയും ജനങ്ങളുടെ വിശ്വാസം ആർജ്ജിച്ചെടുക്കുകയും ചെയ്തു.

10. കേജ്‌രിവാളിനു വച്ചതുകൊണ്ടത് സ്വന്തം നെഞ്ചിൽ

കേജ്‌രിവാളിനെ തെരഞ്ഞുപിടിച്ച് ആക്രമിച്ച ബിജെപി ശൈലി അവർക്കു തന്നെ തിരിച്ചടിയായി. പലപേരുകളിലും മറ്റും പരിഹസിച്ചെങ്കിലും മോദിക്കോ ബേദിക്കോ എതിരെ മറുത്ത് ഒരു അക്ഷരം പോലു ഉരിയാടാതെ ശ്രദ്ധിച്ച കേജ്‌രിവാൾ ജനമനസ്സിൽ ബഹുദൂരം മുന്നേറി.