ന്യൂഡൽഹി: കഴിഞ്ഞ ദിവസമാണ് സാമൂഹ്യപ്രവർത്തകയും മുൻ ഐപിഎസ് ഉദ്യോഗസ്ഥയുമായ കിരൺ ബേദി ബിജെപിയിൽ അംഗത്വമെടുത്തത്. ഡൽഹി തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ വേണ്ടിയാണ് അതുവരെ വിമർശനം ചൊരിഞ്ഞിരുന്ന ബിജെപിയോടൊപ്പം നിൽക്കാൻ ബേദി തീരുമാനിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അടക്കം വിമർശിച്ചിരുന്ന കിരൺ ബേദിയുടെ ഇപ്പോഴത്തെ മലക്കം മറിച്ചിലിനോടെ സോഷ്യൽ മീഡിയ പ്രതികരിച്ചത് അൽപ്പം പരുഷമായാണ്. കിരൺ ബേദിയുടെ തന്നെ മുൻകാല ട്വീറ്റുകളാണ് അവർക്ക് പണിയായത്. ഗുജറാത്ത് കലാപത്തിൽ അടക്കം മോദിയെ വിമർശിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു ബേദി. ഈ ട്വീറ്റുകളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്.

അണ്ണാ ഹസാരെയുടെ കൂടെ ചേർന്ന് അഴിമതി വിരുദ്ധ സമരം തുടങ്ങിയപ്പോൾ ബിജെപിയുടെയും മോദിയുടെയും കടുത്ത വിമർശകയായിരുന്നു കിരൺ ബേദി. ഗുജറാത്ത് കലാപ കേസിൽ മോദിക്ക് അനുകൂലമായി സുപ്രീം കോടതി വിധി വന്നപ്പോൾ, കോടതി വിധി എന്തായാലും, കലാപത്തെക്കുറിച്ച് ഒരുനാൾ സത്യസന്ധമായി പറയാൻ മോദി തയ്യാറാകേണ്ടിവരുമെന്നായിരുന്നു കിരൺ ബേദിയുടെ ട്വീറ്റ്. ഇങ്ങനെയുള്ള മോദി വിമർശനങ്ങൾ എല്ലാം മറന്നുകൊണ്ടാണ് ഡൽഹി മുഖ്യമന്ത്രിയെന്ന മോഹത്തോടെ കിരൺ ബേദി ബിജെപിയിൽ ചേർന്നിരിക്കുന്നത്. എന്തായാലും ബിജെപിയിൽ അംഗത്വമെടുക്കും മുമ്പ് കിരൺ ബേദി ഡിലീറ്റ് ചെയ്യേണ്ടിയിരുന്ന ട്വീറ്റുകൾ ഇവയാണ്..