ജിദ്ദ: ശമ്പളത്തോടു കൂടിയുള്ള മറ്റേണിറ്റി ലീവ് പത്ത് ആഴ്ചയാക്കിക്കൊണ്ട് ലേബർ മന്ത്രാലയം ഉത്തരവിറക്കി. അടുത്ത വർഷം മുതൽ നടപ്പാക്കുന്ന നിയമത്തിൽ പ്രസവ തിയതി മുതൽ നാല് ആഴ്ച വരെ ലീവ് അനുവദിക്കും. അതേസമയം ഒരു മെഡിക്കൽ ഓഫീസർ സാക്ഷ്യപ്പെടുത്തിയ പ്രസവ തിയതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഇതിന് ഹാജരാക്കണമെന്നാണ് നിയമം.

ശമ്പളമില്ലാതെ     ഒരു മാസത്തേക്കു കൂടി മറ്റേണിറ്റി ലീവ് നീട്ടിയെടുക്കാനും സാധ്യമാകും. എന്നാൽ വൈകല്യമുള്ള കുട്ടിയോ പ്രത്യേക പരിചരണം ആവശ്യമുള്ള കുട്ടിയോ ആണ് ജനിക്കുന്നതെങ്കിൽ ശമ്പളത്തോടു കൂടി ഒരു മാസം കൂടി പ്രസവാവധി നീട്ടിയെടുക്കാൻ അവകാശമുണ്ട്. അതിനു ശേഷം ശമ്പളമില്ലാതെ ഒരു മാസം കൂടി ലീവ് നീട്ടിയെടുക്കുകയും ചെയ്യാം.

വിധവകളായ മുസ്ലിം അല്ലാത്ത സ്ത്രീകൾക്ക് 15 ദിവസത്തെ ശമ്പളത്തോടു കൂടിയുള്ള അവധിയും അനുവദിക്കും. പുരുഷന്മാർക്ക് മൂന്നു ദിവസത്തെ പറ്റേണിറ്റി ലീവും അനുവദിച്ചിട്ടുണ്ട് പുതിയ പരിഷ്‌ക്കരണത്തിൽ. മാത്രമല്ല, ഭാര്യയെയോ മറ്റു കുടുംബാംഗങ്ങൾ ആരെയെങ്കിലുമോ നഷ്ടപ്പെട്ടാൻ ശമ്പളത്തോടെ അഞ്ചു ദിവസത്തെ അവധിയും ലഭിക്കും.

മന്ത്രാലയത്തിന്റെ ഈ നിയമങ്ങൾ ലംഘിക്കുന്ന സ്ഥാപനങ്ങൾക്ക് ഒരു ലക്ഷം റിയാൽ വരെ പിഴയും 30 ദിവസത്തേക്ക് സ്ഥാപനം അടച്ചിടലും നേരിടേണ്ടിയും വരും. ചിലപ്പോൾ സ്ഥിരമായി സ്ഥാപനം അടപ്പിച്ചേക്കാം. തുടർച്ചയായി നിയമലംഘനം നടത്തിയാൽ പിഴ  ഇരട്ടിയാക്കാനും നിർദേശമുണ്ട്.