- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
അഖിലേന്ത്യാ പരസ്യങ്ങളിൽ തുടങ്ങി വേദികളിലെ നിലവിളക്കുവരെ നീണ്ട വിവാദങ്ങൾ; തൊഴിലാളികളുടെ കണ്ണീരൊപ്പിയും അച്ചടക്കത്തിന്റെ കടിഞ്ഞാണിട്ട് ജീവനക്കാരെ ജോലിയുടെ മൂല്യം പഠിപ്പിച്ചുമുള്ള രാഷ്ട്രതന്ത്രം; പശ്ചാത്തല വികസനവും സാമൂഹ്യക്ഷേമവും ഒരുമിച്ചു യാഥാർത്ഥ്യമാക്കുമെന്ന പ്രഖ്യാപനവുമായി പിണറായി സർക്കാർ നൂറുനാൾ തികയ്ക്കുമ്പോൾ
തിരുവനന്തപുരം: അഖിലേന്ത്യാ പരസ്യങ്ങളിലും അതിരപ്പള്ളിയിലും തുടങ്ങി ശബരിമലയിലും ഓഫീസുകളിലെ ആഘോഷങ്ങളിലും നിലവിളക്കുകൊളുത്തലിലും വരെ എത്തി നിൽക്കുന്ന വിവാദങ്ങൾ. ഗെയിൽ പൈപ്പ്‌ലൈനും കാർഷിക വിപഌവവും മുതൽ സമൂഹത്തിന്റെ താഴേത്തട്ടിലേക്ക് ഇറങ്ങിച്ചെല്ലുന്ന പെൻഷൻ കുടിശ്ശികവിതരണവും കശുവണ്ടി ഫാക്ടറികളുടെ പുതുജീവനുംവരെ ഉയർത്തിക്കാട്ടാവുന്ന നിരവധി നന്മകൾ. ജനങ്ങൾ സർക്കാരിനെ അറിയുന്നത് സർക്കാർ ഓഫീസുകളിലൂടെയും ജീവനക്കാരുടെയും പെരുമാറ്റങ്ങളിലൂടെയുമാണെന്ന് തിരിച്ചറിഞ്ഞുകൊണ്ട് അവരുടെ വഴിവിട്ട പോക്കിന് കടിഞ്ഞാണിടുന്ന സാക്ഷാൽ പിണറായിയുടെ കാർക്കശ്യം. നൂറൂദിനങ്ങൾ പിന്നിടുമ്പോഴേക്കും പല കാരണങ്ങളാൽ നൂറുനൂറു വിവാദങ്ങൾ ഉയർന്നുവന്നെങ്കിലും അതിലപ്പുറത്ത് ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊപ്പം സാധാരണ ജനങ്ങൾക്കിടയിൽ എൽഡിഎഫ് സർക്കാർ പതുക്കെപ്പതുക്കെ കാര്യങ്ങൾ ശരിയാക്കുന്നുവെന്ന സൂചനകൾ തന്നെ മുന്നിൽ നിറയുന്നു. തെരഞ്ഞെടുപ്പിന് മുമ്പ് പ്രകടനപത്രികയിൽ പറഞ്ഞ വാഗ്ദാനങ്ങളിലോരോന്നും പടിപടിയായി നടപ്പാക്കിത്തുടങ്ങുന്ന സർക്കാരിന് ചുരുങ്ങിയ ക
തിരുവനന്തപുരം: അഖിലേന്ത്യാ പരസ്യങ്ങളിലും അതിരപ്പള്ളിയിലും തുടങ്ങി ശബരിമലയിലും ഓഫീസുകളിലെ ആഘോഷങ്ങളിലും നിലവിളക്കുകൊളുത്തലിലും വരെ എത്തി നിൽക്കുന്ന വിവാദങ്ങൾ. ഗെയിൽ പൈപ്പ്‌ലൈനും കാർഷിക വിപഌവവും മുതൽ സമൂഹത്തിന്റെ താഴേത്തട്ടിലേക്ക് ഇറങ്ങിച്ചെല്ലുന്ന പെൻഷൻ കുടിശ്ശികവിതരണവും കശുവണ്ടി ഫാക്ടറികളുടെ പുതുജീവനുംവരെ ഉയർത്തിക്കാട്ടാവുന്ന നിരവധി നന്മകൾ. ജനങ്ങൾ സർക്കാരിനെ അറിയുന്നത് സർക്കാർ ഓഫീസുകളിലൂടെയും ജീവനക്കാരുടെയും പെരുമാറ്റങ്ങളിലൂടെയുമാണെന്ന് തിരിച്ചറിഞ്ഞുകൊണ്ട് അവരുടെ വഴിവിട്ട പോക്കിന് കടിഞ്ഞാണിടുന്ന സാക്ഷാൽ പിണറായിയുടെ കാർക്കശ്യം.
നൂറൂദിനങ്ങൾ പിന്നിടുമ്പോഴേക്കും പല കാരണങ്ങളാൽ നൂറുനൂറു വിവാദങ്ങൾ ഉയർന്നുവന്നെങ്കിലും അതിലപ്പുറത്ത് ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊപ്പം സാധാരണ ജനങ്ങൾക്കിടയിൽ എൽഡിഎഫ് സർക്കാർ പതുക്കെപ്പതുക്കെ കാര്യങ്ങൾ ശരിയാക്കുന്നുവെന്ന സൂചനകൾ തന്നെ മുന്നിൽ നിറയുന്നു. തെരഞ്ഞെടുപ്പിന് മുമ്പ് പ്രകടനപത്രികയിൽ പറഞ്ഞ വാഗ്ദാനങ്ങളിലോരോന്നും പടിപടിയായി നടപ്പാക്കിത്തുടങ്ങുന്ന സർക്കാരിന് ചുരുങ്ങിയ കാലയളവിൽ ചെയ്യാവുന്ന കാര്യങ്ങൾ ചെയ്തുതുടങ്ങിയെന്നതിൽ അഭിമാനിക്കാനാകും.
മുൻപരിചയമുള്ള അഞ്ചു മന്ത്രിമാരും മറ്റുള്ള പുതുമുഖങ്ങളും ചേർന്ന് ഇക്കഴിഞ്ഞ മെയ് 25ന് അധികാരമേറ്റ് ഭരണം തുടങ്ങുമ്പോൾ ഉമ്മൻ ചാണ്ടി സർക്കാർ കാലിയാക്കിവച്ച ഖജനാവുതൊട്ട് ഉദ്യോഗസ്ഥ തലത്തിൽവരെ പൊളിച്ചെഴുതേണ്ട നിരവധി കാര്യങ്ങളായിരുന്നു പുതിയ സർക്കാരിന് മുന്നിലുണ്ടായിരുന്നത്. ഇതെല്ലാം പടിപടിയായി ശരിയാക്കിയാണ് 'എൽഡിഎഫ് വരും എല്ലാം ശരിയാകും' എന്ന തിരഞ്ഞെടുപ്പു പ്രചരണവാക്യം സർക്കാർ പ്രാവർത്തികമാക്കിത്തുടങ്ങുന്നത്.
വികസനവിരുദ്ധരെന്ന് എൽഡിഎഫിനെ പ്രത്യേകിച്ച് സിപിഎമ്മിനെ ഇത്രയും കാലം വിമർശിച്ചിരുന്ന കോൺഗ്രസിന് അക്കാര്യത്തിൽ ഒന്നും മിണ്ടാനാവാത്ത സ്ഥിതിയിലേക്കാണ് പിണറായിയുടെയും സംഘത്തിന്റെയും ചുവടുവയ്പുകളെന്ന് ഉറപ്പിക്കാം. അടിയന്തിരമായി സംസ്ഥാനത്ത് ശരിയാകേണ്ട ഊർജപ്രതിസന്ധി മുതൽ കാർഷിക, വ്യാവസായിക രംഗത്ത് നടപ്പാക്കേണ്ട ചിട്ടയായ പഌനുകളുമായാണ് സർക്കാർ നൂറാംദിവസത്തിലേക്ക് എത്തുന്നത്. പലതും നടപ്പായി തുടങ്ങി. ഇനിയുമേറെ വരാനുമുണ്ട്. പിണറായി സർക്കാരിന്റെ ഏറ്റവും വലിയ വിമർശകൻ പ്രതിപക്ഷ നേതാവായിരിക്കില്ലെന്നും പകരം പാർട്ടി 'കാസ്‌ട്രോ' ആയി അവരോധിച്ച സാക്ഷാൽ വി എസ് തന്നെയായിരിക്കുമെന്നും ഭൂരിപക്ഷവും കരുതുന്നു.
നൂറുനാൾ പിന്നിടുന്ന സർക്കാരിനെ എങ്ങനെ വിലയിരുത്തുന്നുവെന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ പ്രതികരണം 'സമയമായിട്ടില്ല' എന്നു മാത്രമായിരുന്നുവെന്നത് ശ്രദ്ധേയമാണ്. വലിയൊരളവിൽ അത് ശരിയുമാണ്. കാരണം ഉമ്മൻ ചാണ്ടി ഭരണംകഴിഞ്ഞിറങ്ങുമ്പോൾ വലിച്ചുവാരിയിട്ട മുറിപോലെ കിടന്ന സർക്കാർ സംവിധാനത്തെ ഒന്നു പൊളിച്ചടുക്കി പിണറായി ഭരണം തുടങ്ങിയിട്ടേയുള്ളൂ. അവയെല്ലാം ശരിയാക്കുന്നതിനിടയിൽ വന്ന വിവാദങ്ങൾ സർക്കാരിനെ മോശമെന്ന് ചിത്രീകരിക്കാൻ കാരണമാകുന്നില്ലെന്ന വിഎസിന്റെ വിലയിരുത്തൽ തന്നെയാകും വലിയൊരു വിഭാഗം വിമർശകർക്കും ഉണ്ടാകുകയെന്ന് വ്യക്തം.
ഭദ്രമാക്കിയ അടിത്തറയിൽ പൊളിച്ചടുക്കി തുടക്കം
തിരഞ്ഞെടുപ്പിൽ മികച്ച ഭൂരിപക്ഷം നേടി അധികാരത്തിലെത്തി ഭദ്രമായ അടിത്തറയിൽനിന്നുകൊണ്ടാണ് സർക്കാർ പ്രവർത്തനങ്ങൾ തുടങ്ങിയത്. മുതിർന്ന ഉദ്യോഗസ്ഥതലത്തിൽ വിശ്വസ്തരായവരെ കൂടെനിർത്തിയും ഉദ്യോഗസ്ഥ ഭരണസംവിധാനത്തിന്റെ തലപ്പത്ത് കൃത്യമായ ഉദ്ദേശങ്ങളോടെ പൊളിച്ചെഴുത്തുനടത്തിയുമാണ് പിണറായിയുടെ തുടക്കമെന്നതുതന്നെയാണ് ഇനിയുള്ള അഞ്ചുവർഷക്കാലത്ത് നിർണായകമാകുക. അതിനുള്ള നാന്ദികുറിക്കലായിരുന്നു ആദ്യദിനങ്ങളിലെ മാറ്റങ്ങൾ. കാർക്കശ്യക്കാരിയും ഭരണനിപുണയുമായ നളിനിനെറ്റോയെ പ്രിൻസിപ്പൽ സെക്രട്ടറിയായി ഉദ്യോഗസ്ഥ ഭരണത്തിനുമേൽ ഒരു സൂപ്പർ ചീഫ് സെക്രട്ടറിയാക്കിയും ലോക്‌നാഥ് ബെഹ്‌റയെ ഡിജിപിയും ജേക്കബ് തോമസിനെ വിജിലൻസ് ഡിജിപിയുമാക്കിയുമായിരുന്നു ആദ്യ ചുവടുവയ്പുകൾ.
ബ്യൂറോക്രസിക്ക് വ്യക്തമായ സന്ദേശമായിരുന്നു ഇത്. കൂടെ നിർണായകമായ എക്‌സൈസ് വകുപ്പിന്റെ തലപ്പത്തേക്ക് ഋഷിരാജ് സിംഗിനെ കൊണ്ടുവന്ന് എക്‌സൈസിന് ആദ്യമായി സേനയുടെ മുഖമുദ്ര നൽകിയതും ശ്രദ്ധേയമായി. അഴിമതിക്കെതിരെയും ലഹരിമുക്തിക്കെതിരെയും ശക്തമായ നിലപാടെടുക്കുമെന്ന തിരഞ്ഞെടുപ്പു വാഗ്ദാനങ്ങൾ നടപ്പാകുമെന്ന പ്രതീക്ഷ നൽകാൻ ഈ നീക്കങ്ങൾക്കായി. മോട്ടോർ വാഹന വകുപ്പിന്റെ മേധാവിയായി ടോമിൻ തച്ചങ്കരിക്ക് നിയമനം നൽകിയതും നല്ല തീരുമാനമായിരുന്നു. പക്ഷേ, ജനപക്ഷമല്ലെന്ന് വിലയിരുത്തപ്പെട്ട കർക്കശ നിലപാടുകളും പിറന്നാളാഘോഷ വിവാദവും കാരണം തച്ചങ്കരിയെ മാറ്റേണ്ടിവന്നെങ്കിലും അദ്ദേഹം മുന്നോട്ടുവച്ച നല്ല നിർദ്ദേശങ്ങൾ വകുപ്പ് തുടർന്നും നടപ്പാക്കാനാണ് സാധ്യതകൾ.
മുകൾത്തട്ടിൽ ഇത്തരത്തിൽ നല്ല നിയമനങ്ങൾ നടത്തിയതിനുപുറമെ ജനങ്ങൾ സർക്കാരിനെ മനസ്സിലാക്കുന്നത്, സർക്കാരിന്റെ ക്ഷേമപ്രവർത്തനങ്ങൾ ജനങ്ങളിലേക്കെത്തുന്നത് ഉദ്യോഗസ്ഥരുടെ പ്രവർത്തനങ്ങളിലൂടെയാണെന്ന വ്യക്തമായ ധാരണയോടെയായിരുന്നു ഈ നൂറുദിവസങ്ങളിലും പിണറായിയുടെ ഇടപെടൽ. സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥരെ വിളിച്ചുകൂട്ടി സർക്കാരിന്റെ കാർക്കശ്യമുള്ള നിലപാട് വ്യക്തമാക്കിയാണ് പിണറായി തുടങ്ങിയത്. ഓഫീസ് സമയങ്ങളിൽ സീറ്റിലുണ്ടാകണമെന്നും രാഷ്ട്രീയവും മറ്റുകാര്യങ്ങളും അതുകഴിഞ്ഞു മതിയെന്നും അടിവരയിട്ടുപറഞ്ഞ പിണറായി തീവണ്ടിയുടെ സമയം നോക്കിയുള്ള വരവുംപോക്കും പറ്റില്ലെന്ന് തീർത്തുപറഞ്ഞതോടെ തന്നെ കാര്യങ്ങൾ വ്യക്തമായി. പിന്നീട് ഇതുപോലെ ലഭിച്ച അവസരങ്ങളിലെല്ലാം ഉദ്യോഗസ്ഥർ പ്രവർത്തിക്കേണ്ടതെങ്ങനെയെന്ന് കൃത്യമായി ഓർമ്മിപ്പിച്ചു.
അഴിമതിക്കാർക്ക് സംരക്ഷണം ഉണ്ടാവില്ലെന്ന് ആവർത്തിച്ച് വ്യക്തമാക്കി. ഏറ്റവുമൊടുവിൽ ഓഫീസ് സമയങ്ങളിൽ ആഘോഷം വേണ്ടെന്ന സർക്കാർ ഉത്തരവുവരെ കാര്യങ്ങൾ എത്തിനിൽക്കുന്നു. ഈയൊരു കടിഞ്ഞാൺ കേരളത്തിലെ സർക്കാർ ഓഫീസുകളുടെ നില അൽപമെങ്കിലും മെച്ചപ്പെടുത്തി തുടങ്ങിയെന്നത് കാണാതെവയ്യ. സെക്രട്ടേറിയറ്റ് ജീവനക്കാരെ വിളിച്ചുകൂട്ടി പിണറായി കൃത്യനിഷ്ഠയെപ്പറ്റി ഓർമ്മപ്പെടുത്തിയതിനു പിറ്റേന്ന് കൃത്യസമയത്ത് സീറ്റുകളിൽ എത്താൻ ജീവനക്കാർ തിക്കുംതിരക്കും കൂട്ടിയതുതന്നെ വാർത്തതന്നെ ഇതിന് വ്യക്തമായ തെളിവായി മാറി.
പക്ഷേ, മുകൾത്തട്ടിലെ സ്ഥലംമാറ്റം നല്ല ഫലമുണ്ടാക്കിയെങ്കിലും താഴെത്തട്ടിൽ ഓരോ വകുപ്പിലും ഉണ്ടായ സ്ഥാനചലനങ്ങൾ വൻ പ്രതിഷേധമുണ്ടാക്കുകയും ചെയ്തിട്ടുണ്ട്. തിരുവനന്തപുരം കോർപ്പറേഷനിലുൾപ്പെടെ ഉണ്ടായ മാറ്റങ്ങൾ സിപിഐ അനുകൂല സംഘടനയെപ്പോലും ചൊടിപ്പിച്ചതോടെ അതിൽ തിരുത്തലുകൾ വേണ്ടിവന്നു. കെഎസ്ആർടിസിയിലെ സ്ഥലംമാറ്റത്തിലും ഭരണമുന്നണിയിൽനിന്ന് ഭിന്നസ്വരങ്ങളുയർന്നു. ഇത്തരം കല്ലുകടികൾ വരുംനാളുകളിൽ എത്രത്തോളം പ്രശ്‌നങ്ങൾ ഓഫീസുകളുടെ പ്രവർത്തനങ്ങളിലുണ്ടാകുമെന്ന് കണ്ടറിയണം.
ഈയാംപാറ്റ പൊടിയുംപോലെ വിവാദങ്ങൾ; പലതും അതുപോലെ കെട്ടടങ്ങി
നൂറുനാൾ പിന്നിടുംമുമ്പ് നിരവധിവിവാദങ്ങളാണ് സർക്കാരിനെതിരെ ഉയർന്നുവന്നത്. സത്യപ്രതിജ്ഞയ്ക്കുമുമ്പ് ദേശീയതലത്തിൽ പിണറായിയുടെ അധികാരമേൽക്കലിന്റെ പ്രഖ്യാപന പരസ്യങ്ങൾ നൽകിയതിനെ ചൊല്ലി തുടങ്ങിയ വിവാദങ്ങൾ ഏറ്റവുമൊടുവിൽ സുധാകരൻ കൊളുത്തിവച്ച വേദികളിലെ നിലവിളക്കുവിഷയം വരെ എത്തിനിൽക്കുന്നു. ദേശീയ പരസ്യവിവാദത്തിനു പിന്നാലെ അതിരപ്പിള്ളി വീണ്ടും പുനരുജ്ജീവിപ്പിക്കുമെന്ന വിധത്തിലുള്ള പിണറായിയുടെ പരാമർശവും മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമ്മിച്ചേക്കില്ലെന്ന മട്ടിലുള്ള പ്രതികരണവുമെല്ലാം വലിയ ചർച്ചയായി. ആരംഭത്തിൽ തന്നെയുണ്ടായ ഈ കല്ലുകടികൾക്കുപിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഉപദേഷ്ടാക്കളുടെ വിവാദം പൊട്ടിവിരിഞ്ഞത്. എംകെ ദാമോദരനെ നിയമോപദേഷ്ടാവാക്കിയത് വലിയ വിവാദമാകുകയും ഐസ്‌ക്രീംകേസിലും ലോട്ടറി കേസിലും ക്വാറി കേസിലുമെല്ലാം അദ്ദേഹത്തിന്റെ നിലപാടുകൾ ചോദ്യംചെയ്യപ്പെടുകയും ചെയ്തതോടെ ദാമോദരൻ ആ സ്ഥാനം സ്വീകരിക്കാതെ ഒഴിയേണ്ട സ്ഥിതിയുണ്ടായി. ജോൺ ബ്രിട്ടാസിനെ മാദ്ധ്യമ ഉപദേഷ്ടാവാക്കിയതും ഗീതാ ഗോപിനാഥിനെ സാമ്പത്തിക ഉപദേഷ്ടാവാക്കിയതും ഇതുപോലെ ചോദ്യംചെയ്യപ്പെട്ടെങ്കിലും അത് സർക്കാർ വകവച്ചുകൊടുത്തില്ല. ഡിജിപിയായിരുന്ന ടിപി സെൻകുമാറിനെ മാറ്റി ലോക്‌നാഥ് ബെഹ്‌റയെ നിയമിച്ചത് മറ്റൊരു വിവാദമായി. സെൻകുമാർ ഇക്കാര്യത്തിൽ തന്നെ മാറ്റിയത് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടി അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചതോടെ വിവാദം ആളിപ്പടർന്നു. പക്ഷേ, ഒന്നും സഭവിച്ചില്ല. സ്പോർട്സ് കൗൺസിലുമായി ബന്ധപ്പെട്ട് മന്ത്രി ഇ പി ജയരാജൻ അഞ്ജു ബോബി ജോർജിനോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണം കത്തിപ്പടർന്നുവെങ്കിലും അത് അഞ്ജുവിന്റെ രാജിയിൽ കലാശിച്ചതോടെ സ്പോർട്സ് കൗൺസിലിൽ നടക്കുന്ന അഴിമതികൾക്കെതിരായ സർക്കാരിന്റെ കർശന നിലപാടിന്റെ ജയമായി ആ വിവാദം വഴിമാറി.
ഇത്തരത്തിൽ വലുതും ചെറുതുമായ നിരവധി വിഷയങ്ങൾ ഉന്നയിക്കപ്പെടുകയും അത് മാദ്ധ്യമങ്ങളും സോഷ്യൽ മീഡിയയും വലിയ ചർച്ചയാക്കുകയും ചെയ്തതിന് കാരണമായത് മറ്റൊന്നാണ്. അധികാരമേറ്റ ആദ്യനാൾതന്നെ, ആദ്യത്തെ ക്യാബിനറ്റ് ബ്രീഫിംഗിനുശേഷം നടത്തിയ പത്രസമ്മേളനത്തിൽ ഇനി അത്യാവശ്യഘട്ടങ്ങളിലേ ഇത്തരമൊരു ബ്രീഫിങ് ഉണ്ടാകൂ എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന സർക്കാർ മാദ്ധ്യമങ്ങളിൽ നിന്ന് മുഖംതിരിക്കുന്നുവെന്നും ജനങ്ങളിൽനിന്ന് അകലുന്നുവെന്നുമുള്ള ചർച്ചയ്ക്കിടയാക്കി. ഇതിനു പിന്നാലെ മന്ത്രിസഭാ യോഗ തീരുമാനങ്ങൾ 48 മണിക്കൂറിനകം സർക്കാർ അറിയിക്കണമെന്ന വിവരാവകാശ കമ്മിഷണർ വിൻസൻ എം പോളിന്റെ നിർദ്ദേശം സർക്കാർ തള്ളിക്കളഞ്ഞതോടെ ഈ വാദം ബലപ്പെട്ടു.
പക്ഷേ, ജനങ്ങളോട് പറയാനുള്ള കാര്യങ്ങൾ അറിയിക്കാൻ മുഖ്യമന്ത്രിയുടെ പേരിൽ ഫേസ് ബുക്ക് പേജ് തുടങ്ങിയാണ് സർക്കാർ ഇതിനോട് പ്രതികരിച്ചത്. എങ്കിലും ജനങ്ങളുടെ അറിയാനുള്ള അവകാശത്തിനോട് സർക്കാർ മുഖംതിരിച്ചു നിൽക്കുന്നുവെന്ന വാദം ഇപ്പോഴും പ്രബലമായി നിൽക്കുന്നു.ഈ രണ്ടു നടപടികളുമാണ് സർക്കാരിനെതിരായ മറ്റുവിവാദങ്ങൾക്ക് പൊടിപ്പുംതൊങ്ങലുംവച്ച് പ്രചരിപ്പിക്കപ്പെടാൻ ഇടയാക്കിയതും. പലവിഷയങ്ങളിലും സർക്കാരിന്റെ വാദങ്ങൾ പുറത്തുവരാത്തത്, അല്ലെങ്കിൽ വരാൻ വൈകിയത് ഊഹാപോഹങ്ങൾ പ്രചരിക്കാൻ ഇടയാക്കി.
വീണ്ടും ദിനംപ്രതി വിവാദങ്ങൾ ഉണ്ടായി. ശബരിമലയിൽ വിഐപി ക്യൂ കൊണ്ടുവരുന്ന കാര്യവും പിണറായിയും ദേവസ്വംബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണനും തമ്മിൽ ശബരിമല വിഷയങ്ങളെച്ചൊല്ലിയുണ്ടായ വിവാദങ്ങളും ഓഫീസ് സമയത്തെ ഓണാഘോഷനിരോധനവും ഒടുവിൽ ചടങ്ങുകളിൽ നിലവിളക്ക് കൊളുത്തുന്നതിൽ മന്ത്രി ജി സുധാകരൻ രേഖപ്പെടുത്തിയ വിയോജനവും വരെ ഇത്തരത്തിൽ ചർച്ചചെയ്യപ്പെട്ടു. പിണറായി ആഭ്യന്തരം കൈകാര്യം ചെയ്യുന്നവേളയിൽ സംസ്ഥാനത്ത് രാഷ്ട്രീയ കൊലപാതകങ്ങൾ വീണ്ടും സജീവമായെന്നതും ഇതിനിടയിൽ കോടിയേരിയുടെ വരമ്പത്തുകൂലി പ്രയോഗവും വലിയ ചർച്ചയായി. ശബരിമലയിലെ സ്ത്രീപ്രവേശന വിഷയം മുതൽ ശ്രീകൃഷ്ണജയന്തി ആഘോഷത്തിലെ മതവൽക്കരണവും പാർട്ടിയുടെ നിലപാടുകളും ചർച്ചചെയ്യപ്പെട്ടു. ഇത് അൽപമെങ്കിലും ബിജെപിക്കും ഹിന്ദു സംഘടനകൾക്കും മേൽക്കൈ കിട്ടാൻ ഇടയാകുകയും ചെയ്തു.
വിവാദങ്ങൾക്കപ്പുറത്ത് വികസനത്തിന്റെ ചുവടുവയ്പുകൾ
ഇത്തരത്തിൽ വിവാദങ്ങൾ ഒരുവഴിക്ക് നടന്നുപോകുമ്പോഴും സർക്കാർ മറുവശത്ത് പുതിയൊരു വികസന അജൻഡ നടപ്പാക്കാനുള്ള ശ്രമങ്ങൾ സജീവമായി നിലനിർത്തുന്നതാണ് സർക്കാരിന് മേൽക്കൈ നൽകുന്നത്. ഇതിനൊപ്പം അവശവിഭാഗങ്ങൾക്കുള്ള പെൻഷൻ കുടിശ്ശിക തീർത്തുനൽകാൻ നടപടിയെടുത്തതിലൂടെയും കശുവണ്ടി ഫാക്ടറികൾ ചിങ്ങപ്പുലരിയിൽ തുറന്നുകൊണ്ട് തൊഴിലാളികളുടെ മനംകുളിർപ്പിച്ചതുമെല്ലാം സർക്കാരിന്റെ പ്‌ളസ് പോയന്റുകളായി. ഊർജരംഗത്ത് കേരളത്തിന് വലിയ കുതിച്ചുചാട്ടം വേണമെന്ന വ്യക്തമായ നിലപാടുമായാണ് പിണറായി ഭരണം തുടങ്ങിയത്. ഈ വിഷയത്തിൽ പ്രധാനമന്ത്രി മോദിയുമായി പിണറായി നടത്തി കന്നി കൂടിക്കാഴ്ചതന്നെ വലിയൊരു ചുവടുവയ്പായി. കേരളത്തിന്റെ ആവശ്യങ്ങളിൽ കേന്ദ്രത്തിന്റെ പിന്തുണ ഊട്ടിയുറപ്പിക്കുന്നതിന് ഈ സന്ദർശനം സഹായകമായെന്ന വിലയിരുത്തലാണ് പൊതുവെ ഉണ്ടായത്. ഗെയിൽ വാതക പൈപ്പ് ലൈൻ പദ്ധതി കാര്യക്ഷമമായി നടപ്പാക്കാനുള്ള നിശ്ചയദാർഢ്യവും കണ്ണൂർ വിമാനത്താവളവും വിഴിഞ്ഞവും മെട്രോയുമെല്ലാം മുൻഗണനയോടെ നടപ്പാക്കുമെന്ന പ്രഖ്യാപനങ്ങളും വികസനരംഗത്ത് ശക്തമായ നിലപാടുകളായി.
കൂടംകുളം വൈദ്യുതി കേരളത്തിലെത്തിക്കാനുള്ള ശ്രമങ്ങൾക്ക് ജീവൻവയ്പിച്ചതാണ് മറ്റൊന്ന്. നാടിന്റെ സമഗ്ര വികസനമാണ് സർക്കാർ ലക്ഷ്യമെന്ന് ഇന്ന് ആകാശവാണിയിലൂടെ മുഖ്യമന്ത്രി ജനങ്ങൾക്കു നൽകിയ സന്ദേശത്തിൽ വ്യക്തമാക്കുമ്പോൾ വരും ദിനങ്ങളിൽ ഈ രംഗത്ത് ശക്തമായി നീങ്ങുമെന്ന പ്രതീക്ഷയും പിറക്കുന്നു. വിവാദങ്ങൾക്കപ്പുറത്ത് ജനകീയ നന്മയ്ക്കായി ചെയ്യുന്ന കാര്യങ്ങൾ ഫലംകണ്ടുതുടങ്ങുന്നുണ്ട്. കാർഷികരംഗത്തും പുത്തനുണർവുണ്ടായിട്ടുണ്ട്. കേരളപ്പിറവി ദിനത്തിൽ എല്ലാ വീടുകളിലും ശുചിമുറിയുണ്ടെന്ന് ഉറപ്പുവരുത്തിക്കൊണ്ട് രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളത്തെ മാറ്റുമെന്ന ഉറച്ച തീരുമാനം മുഖ്യമന്ത്രി പ്രഖ്യാപിച്ചുകഴിഞ്ഞു. പരിസ്ഥിതി സംരക്ഷണം, മയക്കുമരുന്നിനെതിരായ ശക്തമായ നടപടികൾ, വിഷാംശമില്ലാത്ത പച്ചക്കറിയുണ്ടാക്കി ഈ രംഗത്തെ സ്വയംപര്യാപ്തത, സ്ത്രീ സുരക്ഷ, വിലക്കയറ്റം തടയൽ, കൃത്യമായ മാലിന്യ നിർമ്മാർജനം എന്നിങ്ങനെ നിരവധി കാര്യങ്ങൾ മുഖ്യമന്ത്രി മുന്നോട്ടുവയ്ക്കുന്നു. ഇത്തരത്തിലുള്ള പദ്ധതികളുടെ പ്രഖ്യാപനങ്ങളുമായി സർക്കാരിനുവേണ്ടി മന്ത്രി തോമസ് ഐസക് അവതരിപ്പിച്ച ആദ്യ ബജറ്റുതന്നെ വലിയ പ്രതീക്ഷകൾക്ക് വക നൽകിയിരുന്നു. പാരമ്പര്യ സ്വത്ത് മക്കൾക്ക് നൽകുന്നതിന് നൽകേണ്ട രജിസ്‌ട്രേഷൻ ഫീസിൽ വർധനവ് വരുത്തിയ തീരുമാനം വലിയ വിമർശനം ഏറ്റുവാങ്ങിയെങ്കിലും മറ്റുകാര്യങ്ങളിൽ സംസ്ഥാനത്ത് പുരോഗതി നിർദ്ദേശിക്കുന്ന ബജറ്റായിരുന്നു അത്.
വിവാദങ്ങൾക്കപ്പുറത്ത് സാധാരണക്കാരെ, സമൂഹത്തിലെ താഴെത്തട്ടിലുള്ളവരെ, അവശവിഭാഗങ്ങളെ എന്നിങ്ങനെ അടിസ്ഥാന ജന വിഭാഗങ്ങളിലേക്ക് സർക്കാരിന്റെ സേവനങ്ങൾ എത്തിക്കുന്നതിൽ ഈ നൂറുദിവസങ്ങളിൽ സർക്കാരിന് കഴിഞ്ഞുവെന്നതുതന്നെയാണ് പിണറായി സർക്കാരിന് ആദ്യ ദിനങ്ങൾക്ക് നൂറിൽനൂറിന്റെ പകിട്ടുനൽകുന്നത്. ക്ഷേമപെൻഷനുകൾ വീട്ടിലെത്തിച്ചും കശുവണ്ടി ഫാക്ടറികൾ തുറന്നും ആരോഗ്യ, കാർഷിക മേഖലകളിൽ ഉണർവുണ്ടാക്കിയും തുടങ്ങിയ ഇത്തരം പ്രവർത്തനങ്ങളുടെ അടുത്ത പടിയായി 4500ഓളം പട്ടികജാതി കുടുംബങ്ങൾക്കുള്ള വീടുനിർമ്മാണവും 10,000 പട്ടിക ജാതി കുടുംബങ്ങൾക്ക് വിവാഹ ധനസഹായവുമാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇത്തരത്തിൽ പശ്ചാത്തല വികസനവും സാമൂഹ്യക്ഷേമവും ഒരുമിച്ചു യാഥാർത്ഥ്യമാക്കുമെന്ന മുഖ്യമന്ത്രിയുടെ ഇന്നത്തെ പ്രഖ്യാപനത്തിന്റെ വിളംബരം തന്നെയാണ് ഇക്കഴിഞ്ഞ നൂറുദിനങ്ങളിലെ പ്രവർത്തനങ്ങളിൽ ദൃശ്യമായതെന്ന് വ്യക്തം.