തിരുവനന്തപുരം: യുഡിഎഫ് സർക്കാറിന്റെ അഴിമതി ഭരണത്തിനെതിരായ ജനവിധിയായിരുന്നു എൽഡിഎഫിന് നൽകിയ ഉജ്ജ്വല വിജയം. അതുകൊണ്ട് തന്നെ അഴിമതി വിമുക്ത ഭരണം കാഴ്‌ച്ചവെക്കുക എന്നത് മുഖ്യമന്ത്രി പിണറായി വിജയന് മേൽ നിക്ഷിപ്തമായ കർത്തവ്യമായി മാറുകയും ചെയ്തു. അഴിമതി വച്ചുപൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി അസന്നിഗ്ധമായി വ്യക്തമാക്കുകയും ഉണ്ടായി. അഴിമതിക്കെതിരെ ശക്തമായ നിലപാട് എന്ന നിലയിലാണ് വിജിലൻസിന്റെ തലപ്പത്ത് ജേക്കബ് തോമസിനെ നിയമിച്ചത്. അദ്ദേഹത്തിന് പൂർണ്ണ പ്രവർത്തന സ്വാതന്ത്ര്യവും നൽകി. ഇതോടെ ഉദ്യോഗസ്ഥ തലത്തിൽ അടക്കം ജാഗ്രത വന്നു. താഴെക്കിടയിലുള്ള അഴിമതി തടയുന്നത് മുതൽ മുകൾത്തട്ടിലെ അഴിമതിക്കാരുടെ വരെ ചങ്കിടിപ്പ് തുടങ്ങി. 100 ദിവസത്തെ ഇടതു സർക്കാറിന്റെ ഭരണത്തിൻ കീഴിൽ അഴിമതി കുറഞ്ഞോ എന്ന മറുനാടൻ മലയാളി സർവേയിലെ ചോദ്യത്തിന് അതേയെന്ന മറുപടിയാണ് വായനക്കാർ നൽകിയത്. ഈ വിഷയത്തിൽ വോട്ടെടുപ്പിൽ പങ്കാളികളായ ഭൂരിപക്ഷം പേരും പിണറായി സർക്കാറിന് കീഴിൽ അഴിമതി കുറഞ്ഞെന്ന അഭിപ്രായം രേഖപ്പെടുത്തി. അതേസമയം എം കെ ദാമോദരന്റെ നിയമനത്തിൽ പാളിച്ച സംഭവിച്ചെന്നും ഭരണം മാറിയിട്ടും പൊലീസ് നന്നായില്ലെന്നുമാണ് സർവേയിൽ പങ്കെടുത്തവരുടെ അഭിപ്രായം.

പിണറായി വിജയൻ സർക്കാറിന് കീഴിലിൽ അഴിമതി കുറഞ്ഞെന്ന് അഭിപ്രായപ്പെട്ടത് 73.7 ശതമാനം പേരാണ്. അഴിമതി നന്നായി കുറഞ്ഞെന്ന് 41.2 ശതമാനം പേർ അഭിപ്രായപ്പെട്ടപ്പോൾ മെച്ചപ്പെട്ടു എന്ന് രേഖപ്പെടുത്തിയത് 32.5 ശതമാനം പേരാണ്. പഴയതു പോലെ തന്നെയെന്ന അഭിപ്രായം രേഖപ്പെടുത്തിയത് 23.3 ശതമാനം പേരാണ്. അഴിമതി കൂടിയെന്ന് മൂന്ന് ശതമാനം പേരും അഭിപ്രായപ്പെട്ടു. അഴിമതി തടയുന്നതിൽ സർക്കാറിന്റെ നടപടികൾക്ക് ജനപിന്തുണയേറുന്നു എന്ന് വ്യക്തമാക്കുന്നതാണ് സർവേഫലം.

അതേസമയം തന്നെ പൊലീസിന്റെ സമീപത്തിൽ മാറ്റം വരേണ്ടതുണ്ടെന്ന സൂചനയും സർവേയിലുണ്ട്. പൊലീസിന്റെ സമീപനം മെച്ചപ്പെട്ടുവെന്ന് 41.7 ശതമാനം പേർ അഭിപ്രായപ്പെട്ടെങ്കിലും ഇക്കാര്യത്തിൽ ആശാവഹമായ പുരോഗതിയില്ലെന്ന സൂചനയാണ് ശക്തമായിട്ടുള്ളത്. വളരെ നന്നായെന്ന് അഭിപ്രായപ്പെട്ടത് 6.5 ശതമാനം പേരാണ്. മുഖ്യമന്ത്രി പിണറായി നേരിട്ടാണ് പൊലീസ് വകുപ്പിനെ ഭരിക്കുന്നത്. എന്നിട്ടും അധികം പുരോഗതി ഉണ്ടായിട്ടില്ലെന്ന സൂചനയാണ് സർവേഫലം. പഴയതു പോല തന്നെയാണ് പൊലീസിന്റെ പോക്കെന്ന് 30.2 ശതമാനം അഭിപ്രായപ്പെട്ടപ്പോൾ മോശമായി എന്ന് 9.9 ശതമാനവും വളരെ മോശമായി എന്ന് 11.7 ശതമാനവും രേഖപ്പെടുത്തി.

പുതിയ സർക്കാർ അധികാരമേൽക്കുമ്പോൾ പൊലീസ് തലപ്പത്ത് ഉടച്ചുവാർക്കൽ തന്നെ നടത്തിയിരുന്നു. ഡിജിപി സ്ഥാനത്തു നിന്നും ടി പി സെൻകുമാറിനെ മാറ്റി ബഹ്‌റയെ നിയമിച്ചത് ഏറെ വിവാദങ്ങൾക്കും ഇട നൽകി. കണ്ണൂരിൽ രാഷ്ട്രീയ കൊലപാതകങ്ങൾ അടക്കം നടക്കുമ്പോഴും ക്രമസമാധാനത്തിൽ വീഴ്‌ച്ച വരുന്നു. ഇതൊക്കെ പൊലീസ് വകുപ്പിന്റെ പ്രവർത്തനം മെച്ചപ്പെടേണ്ട അവസ്ഥയിലേക്ക് വിരൽചൂണ്ടുന്ന സംഭവങ്ങളാണ്.

അതേസമയം ഈ സർക്കാറിന്റെ ഏറ്റവും മോശം കാര്യമായി സർവേയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടത് മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവായി എം കെ ദാമോദരനെ നിയമിച്ചതും തുടർന്നുണ്ടായ വിവാദങ്ങളുമാണ്. എംകെ ദാമോദരന്റെ നിയമനം തെറ്റായെന്ന് പറയാൻ മറുനാടൻ സർവേയിൽ പങ്കെടുത്തവർ യാതൊരു ആശങ്കയ്ക്കും ഇടനൽകാതെയാണ് അഭിപ്രായപ്പെട്ടത്. 80 ശതമാനം പേരും എം കെ ദാമോദരന്റെ നിയമനം തെറ്റായെന്ന് സർവേയിൽ അഭിപ്രായപ്പെട്ടു. 8.1 ശതമാനം മാത്രമാണ് ശരിയെന്ന അഭിപ്രായം രേഖപ്പെടുത്തിയത്. ചോദ്യം കൂടാതെ എൽഡിഎഫ് സർക്കാറിന്റെ ഏറ്റവും മോശം കാര്യമായി ഭൂരിപക്ഷം വായനക്കാരും നിർദേശിച്ചത് നിയമോപദേഷ്ടാവിന്റെ നിയമന വിഷയമായിരുന്നു.

ഈ വിഷയം കൂടാതെ ശബരിമല വിഷയത്തിലെ സർക്കാർ ഇടപെടലും മന്ത്രിമാരുടെ വിവാദ പ്രസ്താവനകളും മോശമായെന്ന അഭിപ്രായം പ്രകടിപ്പിച്ചവർ ഏറെയാണ്. രാഷ്ട്രീയ കൊലപാതകങ്ങളും അതിരപ്പള്ളി വിഷയത്തിലെ അടക്കം സർക്കാർ സമീപനത്തെ സർവേയിൽ പങ്കെടുത്തവർ വിമർശിച്ചു. പാഠപുസ്തക വിതരണത്തിലെ വീഴ്‌ച്ചയും സ്വാശ്രയ മാനേജ്‌മെന്റുകാരുമായിരുള്ള കരാറിനെയും വിമർശിക്കുന്നവരുമുണ്ട്. മന്ത്രിസഭാ തീരുമാനങ്ങൾ വാർത്താസമ്മേളനത്തിലൂടെ വിശദീകരിക്കാത്തതും വിവരാവകാശ നിയമപ്രകാരം ലഭ്യമാക്കാത്തതും തെറ്റാണെന്ന അഭിപ്രായം പ്രകടിപ്പിച്ചവരും ഏറെയുണ്ട്.

അതേസമയം ഉപദേശക നിയമനങ്ങളിൽ ഗീതാ ഗോപിനാഥിന്റെ നിയമനത്തിന് വായനക്കാർ കൈയടി നൽകിയപ്പോൾ ജോൺബ്രിട്ടാസിനെ മാദ്ധ്യമ ഉപദേഷ്ടാവാക്കിയ നടപടിയെയും പിന്തുണച്ചു. ലോകം അറിയപ്പെടുന്ന സാമ്പത്തിക വിഗദ്ധയായ ഗീതാ ഗോപിനാഥിന്റെ നിയമനത്തെ 65.2 പേർ പിന്തുണച്ചു. 22.9 ശതമാനം പേർ തെറ്റെയെന്ന് അഭിപ്രായപ്പട്ടപ്പോൾ 11.9 ശതമാനം പേർ ഈ വിഷയതിൽ അഭിപ്രായം പറഞ്ഞില്ല. ഗീതാഗോപിനാഥിനെ ഉപദേശകയാക്കിയത് സർക്കാറിന്റെ യശസ്സ് ഉയർത്തിയെന്ന അഭിപ്രായമാണ് ഭൂരിപക്ഷത്തിനും.

അതേസമയം ജോൺ ബ്രിട്ടാസിനെ മാദ്ധ്യമ ഉപദേഷ്ടാവാക്കിയതിനെ ഏകപക്ഷീയമായ പിന്തുണ വായനക്കാർ നൽകിയില്ല. 53.2 ശതമാനം പിന്തുണ അറിയിച്ചപ്പോൾ 34.2 ശതമാനം എതിർപ്പ് രേഖപ്പെടുത്തി. 12.6 ശതമാനം പേർ അഭിപ്രായം പറഞ്ഞില്ല. മാദ്ധ്യമങ്ങളോട് അത്രയ്ക്ക് സൗഹൃദ സമീപനമല്ല മുഖ്യമന്ത്രി പിണറായിക്ക്. അതുകൊണ്ട് തന്നെ ഈ വിഷയത്തിൽ ബ്രിട്ടാസിൽ നിന്നും കൂടുതൽ നടപടികളും പൊതുസമൂഹം പ്രതീക്ഷിക്കുന്നുണ്ട്.