തിരുവനന്തപുരം: ഇടതു സർക്കാർ അധികാരത്തിൽ എത്തുന്ന വേളയിൽ പൊതുവേയുള്ള പ്രചരണമാണ് മതവിശ്വാസികൾക്ക് എന്തൊക്കെയോ സംഭവിക്കാൻ പോകുന്നു എന്നത്. എല്ലാക്കാലത്തും ഇത്തരം പ്രചരണങ്ങൾ ചില കേന്ദ്രങ്ങളിൽ നിന്നും ഉണ്ടായിട്ടുണ്ട്. മതവിശ്വാസത്തിന് എതിരാണ് കമ്മ്യൂണിസ്റ്റുകാർ എന്ന പൊതുചിന്തയിൽ നിന്നാണ് ഈ ചോദ്യം ഉയർന്നത്. പതിവുപോലെ പിണറായി വിജയൻ സർക്കാറിന്റെ മതസമീപന കാര്യത്തിലും വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്. ഇക്കാര്യത്തിൽ ഏറ്റവും ശക്തമായിരുന്നത് ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തിൽ ആയിരുന്നു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ പ്രസ്താവന ഏറെ വിവാദങ്ങൾക്ക് വഴിവച്ചു. കൂടാതെ ഓണാഘോഷത്തിന്റെ പേരിൽ നല്ലകാര്യത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണവും അനാവശ്യമായി വിവാദമായി ചർച്ച ചെയ്യപ്പെട്ടു.

ഇങ്ങെയുള്ള നിരവധി വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പിണറായി വിജയൻ സർക്കാറിന്റെ 100 ദിവസങ്ങളെ കുറിച്ച് മറുനാടൻ മലയാളി സർവേ സംഘടിപ്പിച്ചത്. പിണറായി സർക്കാറിന്റെ മത സമീപനത്തെ എങ്ങനെ കാണുന്നു എന്നതായിരുന്നു ഇതിലെ പ്രധാനചോദ്യം. വിവിധ കേന്ദ്രങ്ങളിൽ നിന്നും എതിർപ്പും ആശങ്കയും ഉയരുമ്പോൾ തന്നെ സർക്കാറിന്റെ നിലപാട് മാതൃകാപരമെന്ന അഭിപ്രായമാണ് സർവേയിൽ പങ്കെടുത്തവർ പറഞ്ഞത്. 60.5 ശതമാനം പേർ മാതൃകാപരമാണ് സർക്കാറിന്റെ മതസമീപനം എന്ന അഭിപ്രായം രേഖപ്പെടുത്തി. ന്യൂനപക്ഷ പ്രീണനമാണെന്ന അഭിപ്രായം 23.5 ശതമാനം രേഖപ്പെടുത്തിയപ്പോൾ ഹിന്ദുത്വ പ്രീണനം എന്നഭിപ്രായപ്പെട്ടത് 2.5 ശതമാനം പേർ മാത്രമാണ്. സർവമത പ്രീണനം എന്ന അഭിപ്രായം രേഖപ്പെടുത്തിയത് 3.4 ശതമാനം പേരാണ്. അതേസമയം മതവിരുദ്ധ നിലപാടാണ് പിണറായി സർക്കാറിനെന്ന് 10. 1 ശതമാനം രേഖപ്പെടുത്തി.

ശബരിമലയിൽ അടക്കമുള്ള വിഷയങ്ങളിൽ ഇടതു സർക്കാറിനെതിരെ തിരിഞ്ഞ പ്രതിപക്ഷ കക്ഷികളുടെ നിലപാടിനെ തള്ളിയാണ് ഈ വിഷയത്തിൽ സർക്കാറിന് വായനക്കാർ പിന്തുണ അറിയിച്ചിരിക്കുന്നത്. ദേവസ്വം ബോർഡിലെ നിയമനങ്ങൾ നടത്താൻ വേണ്ടിയുള്ള റിക്രൂട്ട്‌മെന്റ് ബോർഡ് ഇല്ലാതാക്കുമെന്ന് പ്രഖ്യാപിച്ച സർക്കാർ പിന്നീട് ഇക്കാര്യത്തിൽ പിന്നോട്ടു പോയിരുന്നു. ഇത് നിരാശാജനകമായ കാര്യമായാണ് വിലയിരുത്തിയത്. അതേസമയം ബിജെപിക്ക് മുതലെടുക്കുമെന്ന് ഭയന്ന് ശബരിമല വിഷയങ്ങളിലെ നിലപാടിൽ ഇടതുസർക്കാർ പിന്നോട്ടു പോയേക്കാം.

ഇടതു സർക്കാർ തൊഴിലാളി വർഗ്ഗത്തിന്റെയും പാവങ്ങളുടെയും സർക്കാർ എന്നാണ് പൊതുവിൽ വിലയിരുത്തുന്നത്. ആ നിലപാടിനെ ശരിവെക്കുന്ന വിധത്തിൽ തന്നെയാണ് സർവേഫലവും ഈ സർക്കാർ പാവപ്പെട്ടവർക്കൊപ്പമാണ് നിൽക്കുന്നതെന്ന് 31.8 ശതമാനം അഭിപ്രായപ്പെട്ടപ്പോൾ ഇടത്തരക്കാർക്കൊപ്പമെന്ന് 22.3 ശതമാനവും അഭിപ്രായപ്പെട്ടു. ദരിദ്രർക്കൊപ്പം നിൽക്കുന്നുവെന്ന് 10.5 ശതമാനവും അഭിപ്രായപ്പെട്ടു. അതിസമ്പന്നരുടെ താൽപ്പര്യമാണ് പിണറായി സർക്കാർ സംരക്ഷിക്കുന്നതെന്ന് 15 ശതമാനം അഭിപ്രായപ്പെട്ടപ്പോൾ സമ്പന്നർക്കൊപ്പമെന്ന് 20.3 ശതമാനവും അഭിപ്രായപ്പെട്ടു.

ക്ഷേമ പെൻഷനുകൾ വീട്ടിലെത്തിച്ചതും കശുവണ്ടി ഫാക്ടറികൾ തുറന്നതുമൊക്കെയാണ് സർക്കാറിന്റെ ഇക്കാലയളവിലെ പ്രധാന നേട്ടം. ഇതിന്റെ ഗുണഭോക്താക്കളായിരുന്നത് സാധാരണക്കാരായിരുന്നു. അതുകൊണ്ട് തന്നെ ഇടതു സർക്കാറിന്റെ പ്രവർത്തനം സാധാരണക്കാർക്കൊപ്പം തന്നെയായിരുന്നു. ഇക്കാര്യം വ്യക്തമാക്കുന്നതാണ് മറുനാടൻ മലയാളി സർവേഫലം.