മ്മുടെ ചെവിയിലൊരു ചെറിയ പ്രാണി പോയെന്ന സംശയമുണ്ടായാൽ തന്നെ എന്തൊരു അസ്വസ്ഥതയായിരിക്കും അല്ലേ....?. അപ്പോൾ പിന്നെ ചെവിയിൽ നിന്നും വരിവരിയായി ഉറുമ്പുകൾ പുറത്തേക്ക് വന്നാലോ...? ഗുജറാത്തിലെ 12കാരിയായ ശ്രേയമോൾക്ക് ഈ വിഷമാവസ്ഥ ഉണ്ടായതിനെ തുടർന്നാണ് ആശുപത്രിയിലേക്ക് കൊണ്ടു പോയിരുന്നത്.തുടർന്ന് കുട്ടിയുടെ ചെവിയിൽ നിന്നും പുറത്തെടുത്തത് ഒന്നും രണ്ടും ഉറുമ്പുകളല്ല...മറിച്ച് ആയിരത്തിലധികം ഉറുമ്പുകളെയാണ്. ചെവിയുടെ ഡ്രം കനാലിനടുത്തായിരുന്നു ഇവ തമ്പടിച്ചിരുന്നത്. ഗുജറാത്തിലെ ദീസയിലുള്ള ശ്രേയ ദാർജിയുടെ ചെവിയിൽ നിന്നും ദിവസത്തിൽ 10 ഉറുമ്പുകളെങ്കിലും പുറത്തേക്ക് വരുന്നത് കാണാമായിരുന്നുവെന്നാണ് അവളുടെ രക്ഷിതാക്കൾ സാക്ഷ്യപ്പെടുത്തുന്നത്.

കഴിഞ്ഞ വർഷം ഓഗസ്റ്റിൽ തന്റെ ചെവിയിൽ നിന്ന് എന്തോ അസ്വസ്ഥത ശ്രേയ അനുഭവിച്ചത് മുതലാണ് പ്രശ്‌നങ്ങളുടെ തുടക്കം.തുടർന്ന് പ്രദേശത്തുള്ള ഹോസ്പിറ്റലിൽ പോയപ്പോൾ ചെവിയിൽ ഉറുമ്പുകളെ കണ്ടെത്തുകയായിരുന്നു.അപ്പോൾ തന്നെ ഡോക്ടർമാർ നൂറുകണക്കിന് ഉറുമ്പുകളെ ചെവിയിൽ നിന്നും നീക്കം ചെയ്തിരുന്നു. എന്നാൽ തുടർന്നും ഉറുമ്പുകൾ ചെവിയിൽ നിന്നും വന്നു കൊണ്ടിരിക്കുകയായിരുന്നു. ചെവിയിൽ നിന്നും നിരവധി ചത്ത ഉറുമ്പുകളെ ഡോക്ടർ നീക്കം ചെയ്യുന്നതിന്റെ എന്റോസ്‌കോപിക് വീഡിയോ പുറത്ത് വന്നിട്ടുണ്ട്. ഉറുമ്പുകളെ നീക്കം ചെയ്യാൻ തങ്ങൾ പരമ്പരാഗതവും ആധുനികവുമായ മാർഗങ്ങളെല്ലാം പരീക്ഷിച്ചിട്ടും ഫലമുണ്ടായില്ലെന്നാണ് ശ്രേയയുടെ രക്ഷിതാക്കൾ നിരാശയോടെ വെളിപ്പെടുത്തിയിരിക്കുന്നത്.

കുട്ടിയുടെ ചെവിയിൽ ഈ അവസ്ഥ സംജാതമായത് കണ്ടെത്താൻ തങ്ങൾ എംആർഐ, സിടിസ്‌കാൻ അടക്കം സാധ്യമായ എല്ലാ സ്‌കാനിംഗുകളും നടത്തിയെങ്കിലും കുട്ടിയുടെ ചെവിക്കുള്ളിൽ അസാധാരണതകളൊന്നും കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നാണ് ഗുജറാത്തിലെ മുതിർന്ന ഇഎൻടി സർജനായ ഡോ. ജവാഹർ ടാൽസാനിയ പറയുന്നത്. ഉറുമ്പു കടിക്കുന്നതല്ലാതെ കുട്ടിക്ക് മറ്റ് തരത്തിലുള്ള വേദനകളില്ലെന്നും ഇയർഡ്രമ്മുകൾക്ക് കേടുപാടുകളുണ്ടായിട്ടില്ലെന്നും ഡോക്ടർ ചൂണ്ടിക്കാട്ടുന്നു.ശ്രേയയുടെ കുടുംബം ശുചിത്വമാർന്ന ചുറ്റുപാടിൽ സാധാരണ ജീവിതം നയിക്കുന്നവരാണെന്നും അതിനാൽ കുട്ടിയുടെ ഇന്നത്തെഅവസ്ഥയ്ക്ക് സാഹചര്യങ്ങളെ കുറ്റം പറയാനാവില്ലെന്നും ഡോക്ടർ അഭിപ്രായപ്പെടുന്നു.

തങ്ങളുടെ മെഡിക്കൽ ചരിത്രത്തിൽ ഇത്തരത്തിലുള്ള സംഭവം ഇതിന് മുമ്പ് കണ്ടിട്ടില്ലെന്നും ഡോ. ജവഹർ സാക്ഷ്യപ്പെടുത്തുന്നു. ഡോക്ടർ ഡ്രോപ്പുകൾ നൽകി ഉറുമ്പുകളെ ശ്വാസം മുട്ടിച്ച് കൊല്ലാൻ ശ്രമിച്ചുവെങ്കിലും അവ വീണ്ടും വളർന്ന് വരുകയാണ് ചെയ്യുന്നത്. ഉറുമ്പുകളുടെ രാജ്ഞിയെ ചെവിക്കകത്ത് കണ്ടെത്താത്തിനാൽ ഇവിടെ മുട്ടകളുള്ളതായി കരുതുന്നില്ലെന്നും ഡോക്ടർ പറയുന്നു. ഉറുമ്പിന്റെ മുട്ടയറ ചെവിക്കത്തുണ്ടോയെന്ന് പരിശോധിക്കാൻ ഒരു ക്യാമറ ചെവിക്കകത്ത് സ്ഥാപിച്ചിട്ടുണ്ട്. ശ്രേയയുടെ അച്ഛൻ സഞ്ജയ് ദാർജി ചെറിയരു ടിവി റിപ്പയർ ഷോപ്പ് നടത്തുന്നയാളാണ്. ഉറുമ്പുകളെ ചെവിയിൽ പേറി ശ്രേയ ഇപ്പോഴും സ്‌കൂളിൽ പോകുന്നുമുണ്ട്.