ദുബായ്: ദുബായ് മെട്രോ ഇനി വെള്ളിയാഴ്ചകളിൽ രാവിലെ മുതൽ സർവീസ് ആരംഭിക്കും. ഒക്ടോബർ രണ്ട് മുതൽ പുതിയ സമയക്രമം നിലവിൽ വരും. ദുബായ് മെട്രോയുടെ സർവ്വീസ് സമയത്തിൽ ഒക്ടോബർ രണ്ട് വെള്ളിയാഴ്ച മുതലാണ് മാറ്റം വരുന്നത്. യാത്രക്കാരുടെ അഭിപ്രായങ്ങൾ കൂടി പരിഗണിച്ചാണ് പുതിയ നടപടി.

ദുബായ് ട്രാമിന്റെ റൂട്ടിലും മാറ്റങ്ങൾ വരുത്താൻ അധികൃതർ തീരുമാനിച്ചിട്ടുണ്ട്. ജെ.എൽ.ടി, ജെ.എൽ.ടി1, ജെ.എൽ.ടി2, ദുബായ് മറീന എന്നീ സ്‌റ്റേഷനുകളാണ് ഒഴിവാക്കുന്നത്. ഈ നാല് സ്‌റ്റേഷനുകളെ ചുറ്റി പോകേണ്ട യാത്രക്കാർ വെറും ആറ് ശതമാനം മാത്രമേ ഉള്ളൂവെന്നതുകൊണ്ടാണ് പുതിയ തീരുമാനം. ഇതോടെ യാത്രാ സമയം 54 മിനിട്ടിൽ നിന്ന് 46 മിനിട്ടായി കുറയും. യാത്രക്കാർ കൂടി വരുന്നതിനാൽ എട്ടു മിനിട്ടു വീതം ഇടവിട്ട് ട്രാം സർവീസ് നടത്തുമെന്നും അധികൃതർ അറിയിച്ചു. വെളുപ്പിന് ഒന്നര വരെയുണ്ടായിരുന്ന ട്രാം സർവ്വീസ് ഇനി മുതൽ ഒരു മണി വരെയാക്കി ചുരുക്കാനും തീരുമാനിച്ചിട്ടുണ്ട്.

നിലവിൽ ഉച്ചയ്ക്ക് ഒന്ന് മുതലാണ് വെള്ളിയാഴ്ചകളിൽ സർവീസ്. അതേസമയം മറ്റ് ദിവസങ്ങളിലെ സമയക്രമത്തിൽ മാറ്റമില്ല. രാവിലെ അഞ്ചര മുതൽ അർദ്ധരാത്രി വരെയാണ് മെട്രോ സർവ്വീസ് നടത്തുന്നത്. വാരാന്ത്യങ്ങളിൽ വെളുപ്പിന് ഒന്ന് വരെ സർവ്വീസുണ്ടാകും. അതിനിടെ പുതുക്കിയ സമയക്രമത്തെ യാത്രക്കാർ സ്വാഗതം ചെയ്തിട്ടുണ്ട്.