പിറ്റ്സ്ബർഗ് : യുഎസിലെ പെൻസിൽവാനിയയിൽ കഴിഞ്ഞ ദിവസമുണ്ടായ വെടിവയ്‌പ്പിൽ നടുങ്ങിയിരിക്കുകയാണ് ലോകം. ഇതിനിടയിലാണ് മരണ സംഖ്യ 11 ആയി ഉയർന്നുവെന്ന വാർത്ത പുറത്ത് വരുന്നത്. പിറ്റ്സ്ബെർഗിലെ ഒരു യഹൂദ പള്ളിയിലാണ് കഴിഞ്ഞ ദിവസം വെടിവയ്‌പ്പുണ്ടായത്. സംഭവത്തിൽ റോബർട്ട് ബൊവേഴ്സ് എന്ന 46കാരനെ പൊലീസ് പിടികൂടിയിരുന്നു. പിറ്റ്സ്ബർഗ് സ്വദേശിയാണിയാൾ.

പള്ളിക്കകത്തേക്ക് തോക്കുമായി കയറിയ ഇയാൾ എല്ലാ യഹൂദന്മാരും ചാവണം എന്ന് ഉറക്കെ വിളിച്ചു പറഞ്ഞു കൊണ്ട് വെടിയുതിർക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. ഇയാൾ വലതു വംശീയ വാദിയാണെന്നും സൂചനയുണ്ട്. മാത്രമല്ല ഇയാൾ പതിവായി സമൂഹ മാധ്യമത്തിലൂടെ പ്രസിഡന്റ് ഡോണാൾഡ് ട്രംപിനും അമേരിക്കയിൽ യഹൂദ വിഭാഗങ്ങൾക്കും എതിരെയുള്ള സന്ദേശങ്ങൾ പ്രചരിപ്പിച്ചിരുന്നു.

കഴിഞ്ഞ ദിവസം രാവിലെ പത്തു മണിയോടെയാണ് ഏവരേയും നടുക്കിയ സംഭവമുണ്ടായത്. ആരാധനായത്തിൽ സാബത്തുമായി ബന്ധപ്പെട്ട ചടങ്ങുകൾ നടക്കുന്നതിനിടെയാണ് വെടിവയ്‌പ്പുണ്ടായത്. ഇതിന് പുറമേ ഒരു മാമ്മോദീസാ ചടങ്ങു കൂടി ഉണ്ടായിരുന്നതിനാൽ ഇവിടെ പതിവിലും അധികം ആളുകൾ എത്തിയിരുന്നു. ഇതിന് ശേഷം റോബർട്ട് കീഴടങ്ങുകയായിരുന്നു.

സംഭവത്തിൽ ഖേദമുണ്ടെന്ന് അറിയിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ട്വീറ്റ് ചെയ്തു. സാബത്ത് ആചരിക്കാൻ ഒട്ടേറെ വിശ്വാസികൾ ആരാധനാലയത്തിൽ എത്തിയിരുന്നു. വെടിവയ്‌പ്പ് നടക്കുന്നതിനിടെ പൊലീസ് എത്തിയതോടെ അക്രമി ഉദ്യോഗസ്ഥർക്ക് നേരേയും വെടിവയ്ക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ ഏതാനും പൊലീസുകാർക്ക് പരുക്കേറ്റിട്ടുണ്ട്.

വലിയ സുരക്ഷാ വീഴ്ചയാണ് ഇതെന്നാണ് വിലയിരുത്തൽ. അമേരിക്കയിൽ വെടിവയ്‌പ്പ് സംഭവങ്ങൾ പതിവാണ്. ഇതിനെതിരെ നടപടിയെടുക്കാൻ പൊലീസിന് കഴിയുന്നുമില്ല. സ്‌കൂളുകളിലും പള്ളികളിലും നിരന്തര അക്രമങ്ങൾ നടക്കുന്നു. പ്രതികൾ മാനസിക വൈകല്യം ബാധിച്ചവരെന്ന് പറഞ്ഞ് കേസ് ഒതുക്കുകയാണ് പതിവ്. അതിനാൽ കാര്യങ്ങൾ ഒട്ടും സുരക്ഷിതമല്ലെന്നാണ് അമേരിക്കക്കാരുടെ നിലപാട്.