മനില: ഫിലിപ്പീൻസ് കടലിൽ ചരക്ക് കപ്പൽ മുങ്ങിയതിനെത്തുടർന്ന് ഇന്ത്യക്കാരായ 11 കപ്പൽ ജീവനക്കാരെ കാണാതായി. ശക്തമായ ചുഴലിക്കാറ്റിനെ തുടർന്നാണ് കപ്പൽ മുങ്ങിയതെന്ന് ജപ്പാൻ കോസ്റ്റ് ഗാർഡിനെ ഉദ്ധരിച്ച് എ.എഫ്.പി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

എമറാൾഡ് സ്റ്റാർ എന്ന കപ്പലാണ് അപകടത്തിൽപ്പെട്ടത്. ഹോങ്കോങ്ങിൽ രജിസ്റ്റർ ചെയ്ത കപ്പലാണിത്. 26 ഇന്ത്യക്കാരാണ് കപ്പലിൽ ഉണ്ടായിരുന്നത്. ഫിലിപ്പീൻസ് തീരത്തിന് 280 കിലോമീറ്റർ ദൂരത്തുകൂടി സഞ്ചരിക്കുന്നതിനിടെ കപ്പലിൽനിന്ന് അപായ സിഗ്‌നൽ ലഭിച്ചിരുന്നുവെന്ന് ജപ്പാൻ കോസ്റ്റ് ഗാർഡ് വ്യക്തമാക്കി.
അപകടത്തിൽപ്പെട്ട കപ്പലിന് സമീപത്തുകൂടി സഞ്ചരിച്ച മറ്റൊരു കപ്പലിലെ ജീവനക്കാർ 15 പേരെ രക്ഷപെടുത്തി. എന്നാൽ 11 ജീവനക്കാരെ രക്ഷപെടുത്താൻ അവർക്ക് കഴിഞ്ഞില്ല. കപ്പൽ പൂർണമായും മുങ്ങിയെന്ന് ജപ്പാൻ കോസ്റ്റ് ഗാർഡ് വക്താവ് അറിയിച്ചു. മൂന്ന് ബോട്ടുകളും രണ്ട് വിമാനങ്ങളും കാണാതായ കപ്പൽ ജീവനക്കാർക്കുവേണ്ടി തിരച്ചിൽ നടത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.