മനാമ: മനാമയിലെ ആശുപത്രിയിൽ പതിനൊന്ന് വയസ്സുള്ള പെൺകുട്ടി ഒരു കുഞ്ഞിന് ജന്മം നൽകി. ഇന്നലെയാണ് രണ്ട് പുരുഷന്മാരും, ഒരു സ്ത്രീയും ചേർന്ന് പെൺകുട്ടിയെ ആശുപത്രിയിൽ കൊണ്ടുവന്നത്. ആശുപത്രിയിൽ അഡ്‌മിറ്റ് ചെയ്യുന്നതിന് മുന്പ് തന്നെ ആശുപത്രി അധികൃതർ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിവരമറിയിച്ചിരുന്നു.

മറ്റൊരു ആശുപത്രിയിൽ കുട്ടിയെ പ്രവേശിപ്പിച്ചുവെങ്കിലും ഇവിടെ ചികിത്സ നിഷേധിച്ചതിനെ തുടർന്നാണ് പെൺകുട്ടിയെ ഇവിടേയ്ക്ക് എത്തിച്ചതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. പെൺകുട്ടിയോടൊപ്പമുണ്ടായിരുന്നവർ സിറിയക്കാർ ആണെന്നാണ് നിഗമനം. ഇവർക്ക് പെൺകുട്ടിയുമായുള്ള ബന്ധമെന്തെന്നോ, കുഞ്ഞിന്റെ പിതാവാരെന്നോ വ്യക്തമല്ലെന്ന് അധികൃതർ അറിയിച്ചു.

അതേസമയം പെൺകുട്ടിക്ക് സാൽമിയ മെഡിക്കൽ കോംപ്ലക്‌സിൽ (എസ്എംസി) ചികിത്സ നിഷേധിച്ചു എന്നു പ്രചരിക്കുന്ന വാർത്ത സത്യമല്ലെന്ന ആരോഗ്യമന്ത്രാലയം വെളിപ്പെടുത്തി. ചികിത്സ തേടിയെത്തിയ പെൺകുട്ടിയെ തിരിച്ചയച്ചുവെന്ന് ചില റിപ്പോർട്ടുകൾ കണ്ടുവെങ്കിലും എസ്എംസിയുമായി ബന്ധപ്പെട്ടപ്പോൾ ഇത്തരമൊരു സംഭവം ഉണ്ടായിട്ടില്ലെന്ന് അധികൃതർ വെളിപ്പെടുത്തി. മിനിസ്ട്രിയുടെ കീഴിലുള്ള ഒരു ആശുപത്രിയിലും ആർക്കും ചികിത്സ നിഷേധിക്കില്ലെന്നും പ്രത്യേകിച്ച് ഇത്തരമൊരു അടിയന്തിര സാഹചര്യത്തിൽ പെൺകുട്ടിക്ക് പറഞ്ഞയയ്ക്കില്ലെന്നും വക്താവ് വെളിപ്പെടുത്തിയിട്ടുണ്ട്.

മിനിസ്ട്രിയുടെ കീഴിലുള്ള എല്ലാ ആശുപത്രികളിലേയും എമർജൻസി ആൻഡ് മറ്റേണിറ്റി ഡിപ്പാർട്ട്‌മെന്റുകളിൽ ഇതുസംബന്ധിച്ച് റിപ്പോർട്ടുകൾ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഒരിടത്തും കുട്ടിക്ക് ഇത്തരത്തിലൊരു രേഖ കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നും മിനിസ്ട്രി ചൂണ്ടിക്കാട്ടി.