ദുബായ്: കുട്ടികളുടെ വിദ്യാഭ്യാസ ചെലവുകൾ അടിക്കടി വർധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ദുബായിലെ 117 സ്വകാര്യ സ്‌കൂളുകളിൽ ഫീസ് വർധിപ്പിക്കാൻ അനുമതി നൽകിയത് മാതാപിതാക്കളെ കടുത്ത ആശങ്കയിലാഴ്‌ത്തി. 2015-16 അധ്യയന വർഷത്തിൽ ഇന്ത്യൻ സ്‌കൂളുകൾ ഉൾപ്പെടെയുള്ള ദുബായിലെ സ്‌കൂളുകൾക്ക് ഫീസ് വർധിപ്പിക്കാൻ നോളജ് ആൻഡ് ഹ്യൂമൻ ഡെലപ്‌മെന്റ് അഥോറിറ്റി (കെഎച്ച്ഡിഎ)യാണ് അനുമതി നൽകിയിരിക്കുന്നത്. 117 സ്‌കൂളുകൾക്ക് അനുമതി നൽകിയത് കൂടാതെ പത്തു സ്‌കൂളുകൾക്കു കൂടി അനുമതി നൽകിയേക്കുമെന്നാണ് റിപ്പോർട്ട്.

സ്‌കൂളുകളിൽ എഡ്യൂക്കേഷൻ കോസ്റ്റ് ഇൻഡെക്‌സ് നടത്തിയ വാർഷിക പരിശോധനയുടെ അടിസ്ഥാനത്തിലാണ് ഫീസ് വർധിപ്പിക്കാൻ അനുമതി നൽകിയിരിക്കുന്നത്. ശരാശരി 2.92 ശതമാനം ഫീസ് വർധനയാണ് ഇഎസ്‌ഐ നിർദേശിച്ചിരിക്കുന്നതെങ്കിലും ചില സ്‌കൂളുകളിൽ ട്യൂഷൻ ഫീസ് ആറു ശതമാനം വരെ വർധിപ്പിച്ചിട്ടുണ്ട്.

വാർഷിക പരിശോധനയിൽ ഔട്ട്‌സ്റ്റാൻഡിങ് യോഗ്യത നേടിയ സ്‌കൂളുകൾ 5.84 ശതമാനം ആണ് ഫീസ് വർധിപ്പിക്കുന്നത്. നല്ല സ്‌കൂളുകൾ എന്ന യോഗ്യത നേടിയവർ 4.38 ശതമാനവും മറ്റു സ്‌കൂളുകൾ ഇഎസ്‌ഐ റേറ്റായ 2.92 ശതമാനവുമാണ് ഫീസ് വർധിപ്പിക്കുക.