- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
താൻ പഞ്ചപാവമെന്ന് രാജ് കുന്ദ്ര ആണയിടുമ്പോഴും കരയുമ്പോഴും സത്യം മറിച്ചോ? കണ്ടെടുത്തത് 119 നീലച്ചിത്ര വീഡിയോകൾ; പദ്ധതി ഇട്ടിരുന്നത് 9 കോടിക്ക് വിൽക്കാൻ; മുംബൈ ആർതർ റോഡ് ജയിലിൽ നിന്ന് കുന്ദ്ര പുറത്തിറങ്ങിയ ദിവസം തന്നെ വിവരങ്ങൾ പുറത്തുവിട്ട് ക്രൈംബ്രാഞ്ച്
മുംബൈ: നീലച്ചിത്ര വീഡിയോ നിർമ്മാണ കേസിൽ അറസ്റ്റിലായ വ്യവസായി രാജ്കുന്ദ്ര രണ്ടുമാസത്തിന് ശേഷം ജയിലിന് പുറത്തിറങ്ങി. മജിസ്ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചതോടെയാണ് കുന്ദ്രയെ മോചിപ്പിച്ചത്. ആർതർ റോഡ് ജയിലിൽ നിന്ന് ഉച്ചയ്ക്ക് 11.30 ഓടെയാണ് പുറത്തിറങ്ങിയത്. കുന്ദ്രയുടെ കൂട്ടാളിയും പ്രതിയുമായ റയാൻ തോർപ്പിനും കോടതി ജാമ്യം അനുവദിച്ചിരുന്നു.
കുന്ദ്രയ്ക്ക് ജാമ്യം കിട്ടിയതിന് പിന്നാലെ അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്ന ഇലക്ട്രോണിക് ഉപകരണങ്ങളിൽ നിന്ന് 119 നീലചലച്ചിത്ര വീഡിയോകൾ കണ്ടെടുത്തെന്ന് ക്രൈംബ്രാഞ്ച് വെളിപ്പെടുത്തി. കുന്ദ്രയുടെ മൊബൈൽ ഫോൺ, ലാപ്ടോപ്പ്, ഹാർഡ് ഡിസ്ക് എന്നിവയിൽ നിന്നാണ് വീഡിയോകൾ കണ്ടെടുത്തത്. ഈ വീഡിയോകൾ ഒമ്പത് കോടി രൂപയ്ക്ക് വിൽക്കാനാണ് രാജ് കുന്ദ്ര പദ്ധതിയിട്ടിരുന്നതെന്നും റിപ്പോർട്ടുകളുണ്ട്.
അതേസമയം, നീലച്ചിത്ര കേസിൽ തന്നെ ബലിയാടാക്കിയതാണെന്നായിരുന്നു രാജ് കുന്ദ്ര ജാമ്യാഹർജിയിൽ അവകാശപ്പെട്ടിരുന്നത്. നീലച്ചിത്ര നിർമ്മാണത്തിൽ തനിക്കെതിരായ തെളിവുകളൊന്നും അനുബന്ധ കുറ്റപത്രത്തിൽ ഇല്ലെന്നും രാജ് കുന്ദ്ര വാദിച്ചിരുന്നു. എന്നാൽ നീലച്ചിത്ര നിർമ്മാണത്തിന്റെ മുഖ്യസൂത്രധാരൻ കുന്ദ്രയാണെന്നാണ് 1500-ഓളം പേജുള്ള കുറ്റപത്രത്തിൽ പറയുന്നത്. കേസിൽ തന്നെ ബലിയാടാക്കിയതാണെന്നും ഹോട്ട് ഷോട്സ് ആപ്പിലെ നീല വീഡിയോകളുടെ നിർമ്മാണത്തിൽ തനിക്ക് പങ്കുണ്ടെന്ന് തെളിവില്ലെന്നും ആണ് കുന്ദ്രയുടെ വാദം.
ഈ വർഷമാദ്യം മുംബൈയിലെ മലാദിലെ ബംഗ്ലാവിൽ പൊലീസ് നടത്തിയ റെയ്ഡിന് പിന്നാലെയാണ് നീലച്ചിത്ര നിർമ്മാണ റാക്കറ്റിനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവരുന്നത്. കേസിൽ അഭിനേതാക്കളും സിനിമാപ്രവർത്തകരും ഉൾപ്പെടെയുള്ളവർ ആദ്യഘട്ടത്തിൽ അറസ്റ്റിലായിരുന്നു. തുടരന്വേഷണത്തിലാണ് നടി ശിൽപ ഷെട്ടിയുടെ ഭർത്താവും വ്യവസായിയുമായ രാജ് കുന്ദ്രയും കൂട്ടാളികളും അറസ്റ്റിലായത്.
അതേസമയം, കുന്ദ്ര പുറത്തിറങ്ങിയതിന് പിന്നാലെ ഭാര്യ ശിൽപ ഷെട്ടി ഇൻസ്റ്റായിൽ ഇട്ട പോസ്റ്റും ശ്രദ്ധേയമായി. ചൈനീസ്-അമേരിക്കൻ വാസ്തുശിൽപിയായ റോജർ ലീയുടെ ഒരു ഉദ്ധരണിയാണ് ശിൽപ ഷെയർ ചെയ്തത്. ഒരു മോശം കൊടുങ്കാറ്റിന് ശേഷം സുന്ദരമായ കാര്യങ്ങൾ സംഭവിക്കാമെന്ന് മഴവില്ല് തെളിയിക്കുന്നു..എന്നാണ് ആരെയും പരമാർശിക്കാതെ ഉള്ള ശിൽപയുടെ ഇൻസ്ററാ പോസ്റ്റ്. ജയിലിൽ നിന്നറങ്ങിയ കുന്ദ്രയെ കാണാനും വൻജനക്കൂട്ടമായിരുന്നു. ജയിൽ വാസത്തിൽ കുന്ദ്ര അൽപം മെലിഞ്ഞതായി ആളുകൾ അടക്കം പറഞ്ഞു. പുറത്തിറങ്ങിയ കുന്ദ്ര കരയുന്നത് കാണാമായിരുന്നു. മാധ്യമങ്ങളെ ഒഴിവാക്കി മെർസിഡീസിൽ വീട്ടിലേക്ക്.
മറുനാടന് മലയാളി ബ്യൂറോ