അഗളി: അട്ടപ്പാടിയിൽ പന്ത്രണ്ടുകാരി പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ 12 പേരെയും പൊലീസ് അറസ്റ്റുചെയ്തു. ചോദ്യം ചെയ്യലിനെ തുടർന്ന് ഇവർ ദിവസങ്ങളോളം പെൺകുട്ടിയെ പീഡിപ്പിച്ചതായി വ്യക്തമായതിനെ തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പെൺകുട്ടിയെ കോളേജ് വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്ക് കാഴ്ചവയ്ക്കാൻ കൊണ്ടുപോയ പത്തൊമ്പതുകാരിയും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു.

ആനക്കട്ടിയിൽ നിന്ന് പെൺകുട്ടിയെ പ്രലോഭിപ്പിച്ച് കൊണ്ടുപോയ ഇന്ദുമതി (19), നല്ലേപ്പതിയിലെ രതീഷ് (20), ശിവകുമാർ (22), കാരറയിലെ വീനസ് രാജ് (20), താഴേ സാമ്പാർകോട് മണികണ്ഠൻ (20), രാംരാജ് (20), ഭൂതിവഴിയിലെ സുധീഷ് (21), രാജേഷ് (25), എം. കുമാർ (23), കാരയൂരിലെ അരവിന്ദ് (22), ഈശ്വരൻ (20), നല്ലേപ്പതിയിലെ കുമാർ (22) എന്നിവരാണ് അറസ്റ്റിലായത്.

ഇതിൽ ഇന്ദുമതിയാണ് പെൺകുട്ടിയെ പ്രലോഭിപ്പിച്ച് വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് വ്യക്തമാക്കി. തുടർന്ന് മറ്റുള്ളവർക്ക് കാഴ്ചവയ്ക്കുകയായിരുന്നു. പിടിയിലായവർക്കെതിരെ പോക്‌സോ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. പെൺകുട്ടിയെ ഇടയ്ക്ക് അമ്പലത്തിൽ പോകുമ്പോൾ കൊണ്ടുപോകാറുള്ള ഇന്ദുമതി പീഡനത്തിന് കളമൊരുക്കി പെൺകുട്ടിയെ കൊണ്ടുപോകുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.

അട്ടപ്പാടിയിൽ തന്നെ താമസക്കാരായ യുവാക്കൾക്കാണ് പെൺകുട്ടിയെ കാഴ്ചവച്ചത്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും പിടിയിലായ യുവതി സെക്‌സ് റാക്കറ്റുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരാണോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്. ഇക്കാര്യത്തിൽ അന്വേഷണം തുടരുകയാണ്. അഗളി എഎസ്‌പി സുജിത്ത് ദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

കഴിഞ്ഞ ശനിയാഴ്ച മുതലാണ് പെൺകുട്ടിയെ കാണാതായത്. കുട്ടിയുടെ അമ്മ കൂലിപ്പണിക്ക് പോയിരിക്കുകയായിരുന്നു. കുട്ടി വീട്ടിൽ മുത്തശ്ശിക്കൊപ്പം ഉള്ള സമയത്ത് അമ്പലത്തിൽ പോകാൻ കൂട്ടുവിളിച്ച് കുട്ടിയെ കൊണ്ടുപോകുകയായിരുന്നു. ഉത്സവത്തിനാണ് കൊണ്ടുപോയത്. അതിനാൽ വീട്ടുകാർ സംശയിച്ചതുമില്ല. എന്നാൽ പെൺകുട്ടി പിറ്റേന്ന് വൈകീട്ടും തിരിച്ചെത്താതായപ്പോൾ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.

ഇതേത്തുടർന്ന് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈശ്വരി രേശനെ വിവരം അറിയിക്കുകയായിരുന്നു. വിവരം പൊലീസിൽ അറിയിച്ചതോടെ നടന്ന അന്വേഷണത്തിലാണ് പീഡന വിവരം പുറത്തുവരുന്നത്. അട്ടപ്പാടിയിലെ പ്രധാന ഉത്സവമായ പുതൂർ മാരിയമ്മൻ കോവിൽ ഉത്സവത്തിന് കൊണ്ടുപോവുകയാണെന്ന് മുത്തശ്ശിയോട് പറഞ്ഞിരുന്നത്. ഇത്തരത്തിൽ മുമ്പും കൊണ്ടുപോയിരുന്നതായാണ് വിവരം.

കുട്ടിയുടെ കുടുംബവുമായി യുവതിക്ക് ദീർഘനാളത്തെ പരിചയമുണ്ടെന്നാണ് സൂചന. പരാതി ലഭിച്ചയുടൻ പൊലീസ് ഊർജിതമായി നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. ഇന്നലെ തന്നെ പ്രതികളെ കസ്റ്റഡിയിലെടുത്തിരുന്നതായാണ് വിവരം. കൂടുതൽ ചോദ്യംചെയ്യലിനൊടുവിൽ ഇന്ന് അറസ്റ്റ് രേഖപ്പെടുത്തി.

കോട്ടത്തറ ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്ക് പെൺകുട്ടിയെ ഹാജരാക്കിയിരുന്നു. പെൺകുട്ടി പീഡനത്തിന് ഇരയായെന്ന് പരിശോധനയിൽ വ്യക്തമായി. അഞ്ചുദിവസത്തോളം പലയിടത്തുവച്ച് പെൺകുട്ടിയെ പീഡിപ്പിച്ചുവരികയായിരുന്നു. പിടിയിലാവരിൽ മിക്കവരും കോളേജ് വിദ്യാർത്ഥികളാണ്. സംഭവത്തിൽ ഉൾപ്പെട്ട ഒരാളെക്കൂടി പിടികിട്ടാനുണ്ടെന്നും പൊലീസ് വ്യക്തമാക്കുന്നു.

രണ്ടുദിവസം കഴിഞ്ഞും കുട്ടി വീട്ടിൽ തിരിച്ചെത്താതിരുന്നതിനെ തുടർന്ന് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റിനെ വിവരം അറിയിക്കുകയും പിന്നീട് മാതാപിതാക്കളും ചേർന്ന് അഗളി പൊലീസിൽ പരാതി നൽകുകയുമായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയെയും ഇടനിലക്കാരിയായ യുവതിയെയും സൈബർ സെല്ലിന്റെ സഹായത്തോടെ അതിർത്തിപ്രദേശമായ മുട്ടത്തുക്കാടുനിന്ന് കണ്ടെത്തി.

പ്രധാന പ്രതിയായ മറ്റൊരാൾക്കായി അന്വേഷണം നടത്തിവരികയാണെന്നാണ് ലഭിക്കുന്ന വിവരം. കുട്ടിയെ വീട്ടിൽനിന്ന് പ്രലോഭിപ്പിച്ച് കൊണ്ടുപോയ ദിവസം പത്തിൽ താഴെ മാത്രം പ്രായമുള്ള നിരവധി കുട്ടികൾ യുവതിക്കൊപ്പം ഇവർക്കൊപ്പം ഉണ്ടായിരുന്നതായി പറയുന്നു. കുട്ടികളെ ലൈംഗികമായി ഉപയോഗിക്കുന്ന റാക്കറ്റിന്റെ ഭാഗമാണ് ഇവരെന്നും സംശയമുയരുന്നുണ്ട്. അതിനാൽ ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണത്തിന് ഒരുങ്ങുകയാണ് പൊലീസ്.