റിയാദ്: സൗദിയിൽ ഒട്ടകങ്ങൾക്കായി നടക്കുന്ന സൗന്ദര്യ മത്സരത്തിൽ നിന്നും പന്ത്രണ്ടു ഒട്ടകങ്ങളെ അയോഗ്യരാക്കി. റിയാദിനടുത്തു വച്ചു നടക്കുന്ന കിങ്ങ് അബ്ദുല്ലാസിസ്സ് കാമൽ ഫെസ്റ്റിവലിൽ നിന്നാണ് 12 ഒട്ടകങ്ങളെ പുറത്താക്കിയത്. ചർമ്മത്തിലെ ചുളിവുകളും മറ്റും മാറാൻ ഉപയോഗിക്കുന്ന ബോട്ടോക്സ് എന്ന ഉത്തേജകമരുന്ന് ഒട്ടകങ്ങൾക്കു നൽകി എന്ന കണ്ടെത്തലിനെ തുടർന്നാണ് ഈ ഒട്ടകങ്ങളെ അയോഗ്യരാക്കിയത്.

ഇരുപത്തിയെട്ടു ദിവസം നീണ്ടു നിൽക്കുന്ന ഫെസ്റ്റിവലിൽ ഒട്ടകങ്ങൾക്കു പണോപഹാരങ്ങളും നൽകുന്നുണ്ട്. വിജയികൾക്ക് ലഭിക്കുന്നത് 57 ദശലക്ഷം ഡോളറിന്റെ സമ്മാനമാണ്. അതിനാൽ തട്ടിപ്പിനുള്ള സാധ്യതയും കൂടുതാലാണ്.

സ്വാഭാവികമായ ശരീരത്തിൽ നിന്നും എന്തെങ്കിലും തരത്തിലുള്ള കൃത്രമമായ മാറ്റങ്ങൾ വരുത്തുന്നതായി കണ്ടെത്തപ്പെട്ടാൽ അവരെ അയോഗ്യരായി കണക്കാക്കപ്പെടും. ഒട്ടകത്തിന്റെ ഓട്ടമത്സരം, അനുസരണ, ഹെയർ ആർട്ട്, ഒട്ടകങ്ങളുടെ ചിത്രങ്ങൾ എന്നിവയ്ക്കും പ്രത്യേകം അവാർഡുകൾ നൽകുന്നുണ്ട്.

കുറച്ചു വർഷങ്ങളായിട്ടാണ് സൗദി രാജകുടുംബാംഗങ്ങൾ തങ്ങളുടെ സംസ്‌കാരത്തിന്റെ പ്രതീകമായ ഒട്ടകങ്ങളുടെ മത്സരത്തിനു പ്രാധാന്യം കൊടുത്തു തുടങ്ങിയത്. ഫുഡ് കോർട്ടുകളും, ലോകത്തിലെ ഏറ്റവും ചെറുതും ഏറ്റവും വലുതുമായ ഒട്ടകങ്ങളെ ഉൾപ്പെടുത്തികൊണ്ടുള്ള പ്രദർശനവുമുണ്ട്.