- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്ത് ദിവസം മുൻപ് 5000 രൂപ ലോട്ടറി അടിച്ചു; ആ പണം വാങ്ങാൻ പോയപ്പോൾ ബംപറെടുത്തു; അതിലടിച്ചത് 12 കോടി; ഭാഗ്യം തേടിയെത്തിയ വഴി പറഞ്ഞ് ജയപാലൻ; ടിക്കറ്റ് ഹാജരാക്കിയതോടെ എല്ലാ അവകാശവാദത്തിനും വിരാമം
കൊച്ചി: അവകാശ വാദങ്ങൾ മാറിമറിഞ്ഞപ്പോഴും യഥാർത്ഥ ഭാഗ്യവാനായ കൊച്ചി മരട് സ്വദേശി ജയപാലൻ കാത്തുനിൽക്കുകയായിരുന്നു. വാർത്ത കണ്ടതോടെ സമ്മാനം ലഭിച്ചതായി മനസ്സിലായി. എങ്കിലും ഫലപ്രഖ്യാപനം ഒന്നുകൂടി ഉറപ്പിക്കണം. പത്രം വന്നതോടെ ഉറപ്പിച്ചു. പിന്നെ ബന്ധുക്കളോട് ആ ആഹ്ലാദം തുറന്നുപറഞ്ഞു.
ഓണം ബംപറടിച്ചതിന്റെ അമിത ആഹ്ലാദമൊന്നും മരടിലെ ഓട്ടോഡ്രൈവറായ ജയപാലന്റെ മുഖത്തില്ല. മുൻപ് പലപ്പോഴും ചെറിയ തുകകൾ അടിച്ചിട്ടുള്ളതിനാൽ അത് പോലെത്തന്നെയാണ് ഇത്തവണയും. എന്നാൽ ഇക്കുറി തുക അൽപ്പം വലുതാണെന്ന് മാത്രം. ടിക്കറ്റ് കാനറ ബാങ്കിന്റെ മരട് ശാഖയിലേക്ക് കൈമാറി.
വയനാട് പനമരം സ്വദേശി സൈതലവിക്കാണ് ഒന്നാം സമ്മാനം ലഭിച്ചത് എന്ന അവകാശവാദത്തിനിടയിലായിരുന്നു ഈ വമ്പൻ ട്വിസ്റ്റ്. തൃപ്പൂണിത്തുറയിലെ മീനാക്ഷി ഏജൻസിയിൽ നിന്ന് തന്നെയാണ് മരട് സ്വദേശിയായ ജയപാലൻ ടിക്കറ്റെടുത്തത്. പത്താം തിയ്യതിയാണ് ടിക്കറ്റ് എടുത്തതെന്ന് ജയപാലൻ പറയുന്നു.
പത്ത് ദിവസങ്ങൾക്ക് മുൻപാണ് ജയപാലൻ ഓണം ബംപറിലെ ഒന്നാം സമ്മാനം നേടിയ ടിക്കറ്റ് വാങ്ങുന്നത്. സെപ്റ്റംബർ ഒൻപതിന് നറുക്കെടുത്ത കേരള ഭാഗ്യക്കുറിയിൽ 5000 രൂപയുടെ സമ്മാനമുണ്ടായിരുന്നു. തൊട്ടടുത്ത ദിവസം ഈ തുക വാങ്ങാൻ പോയപ്പോഴാണ് ഓണം ബംപറും വാങ്ങിയത്.
അന്ന് തൃപ്പൂണിത്തുറയിലെ മീനാക്ഷി ലോട്ടറി ഏജൻസിയിൽ ഓണം ബംപറിന്റെ ടിക്കറ്റുകൾ നോക്കി. കണ്ടപ്പോൾ ഒരു ഫാൻസി നമ്പർ പോലെ തോന്നിയതുകൊണ്ടാണ് താൻ ആ ടിക്കറ്റ് തന്നെയെടുത്തതെന്നും ജയപാലൻ മാധ്യമങ്ങളോട് പറഞ്ഞു. ടിഇ 645465 എന്ന നമ്പർ അങ്ങിനെ ജയപാലനെ ഈ വർഷത്തെ ഏറ്റവും വലിയ ഭാഗ്യവാനാക്കി മാറ്റി.
നേരത്തെ ഓണം ബംപർ ആയ 12 കോടി തനിക്ക് അടിച്ചെന്ന അവകാശവാദവുമായി പ്രവാസി മലയാളിയായ സെയ്ദലവി രംഗത്തെത്തിയിരുന്നു. ടിക്കറ്റെടുത്തത് സുഹൃത്ത് വഴിയാണെന്നായിരുന്നു ദുബായിൽ ഹോട്ടൽ ജീവനക്കാരനായ സെയ്തലവിയുടെ അവകാശവാദം. എന്നാൽ ടിക്കറ്റെടുത്തെന്ന് പറഞ്ഞ സുഹൃത്ത് ഈ വാദം നിഷേധിച്ചു.
ടിക്കറ്റ് വിറ്റത് എറണാകുളത്ത് തന്നെയാണെന്ന് തൃപ്പൂണിത്തുറയിലെ മീനാക്ഷി ലോട്ടറി ഏജൻസീസ് അപ്പോഴും ഉറപ്പിച്ച് പറഞ്ഞിരുന്നു. ഒടുവിൽ കാനറാ ബാങ്കിൽ ടിക്കറ്റ് സമർപ്പിച്ച ശേഷമാണ് ജയപാലൻ താനാണ് ആ ഭാഗ്യവാനെന്ന് മലയാളികളോട് വിളിച്ചുപറഞ്ഞത്.
ഭാഗ്യശാലി ആരെന്നറിയാൻ കാത്തിരിപ്പ്, അവകാശ വാദങ്ങൾ
ടി.ഇ. 645465 നമ്പറിനാണ് ഒന്നാം സമ്മാനമെന്ന ഫലപ്രഖ്യാപനം വന്നത് ഞായറാഴ്ച ഉച്ചയ്ക്കു ശേഷമാണ്. തൃപ്പൂണിത്തുറയിൽ വിറ്റ ടിക്കറ്റിനാണ് സമ്മാനമെന്ന് സ്ഥിരീകരിച്ചു. അതോടെ ആരാണ് ആ ഭാഗ്യശാലിയെന്ന് അറിയാനുള്ള അന്വേഷണം കൊണ്ടുപിടിച്ചു. തിങ്കളാഴ്ച ഉച്ചയോടെ തനിക്കാണ് ലോട്ടറി അടിച്ചതെന്ന അവകാശവാദവുമായി വയനാട് പനമരം സ്വദേശി സൈതലവി രംഗത്തെത്തി. അബു ഹെയിലിൽ മലയാളിയുടെ റസ്റ്റോറന്റിലെ ജീവനക്കാരനാണ് 44 കാരനായ സൈതലവി. സൈതലവി അറിയിച്ച വിവരം മാത്രമാണ് തനിക്കുള്ളതെന്ന് സൈതലവിയുടെ ഭാര്യ സുഫൈറത്ത് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
പാലക്കാടുകാരനായ സുഹൃത്തുവഴിയാണ് താൻ ടിക്കറ്റ് എടുത്തതെന്നായിരുന്നു സൈതലവി പറഞ്ഞത്. രണ്ട് ടിക്കറ്റ് എടുത്തെന്നും രണ്ടു ടിക്കറ്റിന്റെയും വിലയായ അറുന്നൂറുരൂപ സുഹൃത്തിന് ഗൂഗിൾ പേ വഴി അയച്ചു കൊടുത്തെന്നും പറഞ്ഞിരുന്നു. ടിക്കറ്റ് എടുത്തതിന് പിന്നാലെ അതിന്റെ ഫോട്ടോ സുഹൃത്ത് വാട്സാപ്പിലൂടെ തനിക്ക് അയച്ചു തന്നെന്നും സൈതലവി കൂട്ടിച്ചേർത്തിരുന്നു. ആറ് വർഷമായി ദുബായിൽ ജോലി ചെയ്യുകാണ് സൈതലവി.
അറിയില്ലെന്ന് ആ സുഹൃത്ത്
''ഒന്നാം സമ്മാനമായ 12 കോടിയുടെ ടിക്കറ്റ് എന്റെ കൈയിൽ ഇല്ല. അതിനെക്കുറിച്ച് എനിക്കൊന്നും അറിയില്ല. ഇന്നലെ ഒരാൾ ഫേസ്ബുക്കിൽ ഇട്ട ടിക്കറ്റിന്റെ പടം ഞാൻ സെയ്തലവിക്ക് അയച്ചു കൊടുത്തതാണ്. ഇന്നലെ 4.10ന് ഫേസ്ബുക്കിൽ നിന്ന് പടം കിട്ടി. 4.53ന് സെയ്തലവിക്ക് അയച്ചു കൊടുത്തു. മറ്റൊരാൾക്ക് സെയ്തലവി കുറച്ച് പണം കൊടുക്കാനുണ്ട്. അപ്പം ലോട്ടറി എനിക്ക് അടിച്ചൂയെന്ന് ഞാൻ പറയുമെന്ന് സെയ്തലവി പറഞ്ഞു. ഞാൻ പറഞ്ഞു, ആയിക്കോട്ടോയെന്ന്. ഇതാണ് സംഭവിച്ചത്. എനിക്ക് ലോട്ടറി ടിക്കറ്റ് കച്ചവടമില്ല. ഞാൻ അയാളുടെ സുഹൃത്ത് മാത്രമാണ്. ''
ലോട്ടറി എടുക്കാതെ 'ഭാഗ്യവാൻ'
അതേസമയം ഓണം ബമ്പറടിച്ചെന്ന വ്യാജപ്രചാരണം കാരണം മനഃസമാധാനം പോയത് ആലപ്പുഴ കായംകുളം സ്വദേശിയായ ഷിജാറിനാണ്. ഇദ്ദേഹത്തിനാണ് ലോട്ടറിയടിച്ചതെന്ന വ്യാജപോസ്റ്റു കാരണം ഫോൺവിളികൾ കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് ഷിജാർ. ഇതുവരെ താൻ ലോട്ടറി എടുത്തിട്ടില്ലെന്നാണ് ഷിജാർ പറയുന്നത്. ഇന്നലെ ലോട്ടറി ഫലപ്രഖ്യാപനം വന്നതിന് തൊട്ടുപിന്നാലെ ഷിജാറിന് വിളികൾ വന്നുതുടങ്ങി. തിങ്കളാഴ്ച പുലർച്ചെ മൂന്നുമണി വരെ തനിക്ക് ഫോൺകോളുകൾ വന്നുകൊണ്ടിരിക്കുകയായിരുന്നെന്ന് ഇദ്ദേഹം കൂട്ടിച്ചേർക്കുന്നു. ആരോ ഒരാൾ തനിക്ക് ഒരു പണി തന്നു. നാട്ടുകാർ മൊത്തം അത് ഏറ്റെടുത്തുവെന്നാണ് ഷിജാറിന്റെ പ്രതികരണം.
ഭാഗ്യം വച്ചുനീട്ടിയ 'മീനാക്ഷി'
ഞായറാഴ്ച ഉച്ചയ്ക്കു ശേഷമായിരുന്നു ഓണം ബമ്പർ നറുക്കെടുപ്പ്. തൃപ്പൂണിത്തുറയിൽ വിറ്റ ടിക്കറ്റിനാണ് സമ്മാനം എന്ന് തിരിച്ചറിഞ്ഞതോടെ, ടിക്കറ്റ് വിറ്റ കട മീനാക്ഷി ലോട്ടറീസിനു മുന്നിൽ വൻജനക്കൂട്ടം രൂപപ്പെട്ടിരുന്നു. ആരാണ് ആ ഭാഗ്യശാലി എന്നറിയുക തന്നെ ലക്ഷ്യം. വന്നവർക്കെല്ലാം ലഡു നൽകി കടയിലെ ജീവനക്കാർ സന്തോഷം പങ്കിട്ടു. ഇനി എങ്ങാനും ഭാഗ്യം തുണച്ചാലോ എന്ന പ്രതീക്ഷയിൽ ചിലർ കടയിൽനിന്ന് ടിക്കറ്റും വാങ്ങി.
ജയപാലൻ പറഞ്ഞത്
''ഒൻപതാം തീയതി എനിക്കൊരു ടിക്കറ്റിൽ 5000 രൂപ അടിച്ചിരുന്നു. അത് മാറ്റാൻ വേണ്ടി തൃപ്പൂണിത്തുറയിലെ മീനാക്ഷി ലോട്ടറി കടയിൽ പോയി. ടിക്കറ്റ് മാറ്റിയതിനൊപ്പം ഒരു ഓണം ബമ്പറും അഞ്ച് സാധ ടിക്കറ്റുകളും എടുത്തു. ഫാൻസി നമ്പറായി തോന്നിയതുകൊണ്ടാണ് ഒന്നാം സമ്മാനം നേടിയ ടിക്കറ്റ് എടുത്തത്. ഞാൻ സ്ഥിരം ലോട്ടറി എടുക്കാറുണ്ട്. ദിവസം നാലെണ്ണം വരെ എടുക്കും. 12 കോടി നേടിയതിൽ വളരെ സന്തോഷമുണ്ട്. ആദ്യം വിശ്വാസമായില്ല. പിന്നെ ടിക്കറ്റും പേപ്പറും വച്ച് നോക്കി സ്ഥിരീകരിച്ചു. ടിക്കറ്റ് ബാങ്കിൽ കൈമാറി കഴിഞ്ഞിട്ടാണ് എല്ലാവരോടും പറഞ്ഞത്. കുറച്ച് കടങ്ങളുണ്ട്. പിന്നെ രണ്ട് സിവിൽ കേസുകളുണ്ട്. അത് എങ്ങനെയെങ്കിലും അവസാനിപ്പിക്കണം. പിന്നെ മക്കളെ നല്ല രീതിയിലാക്കണം, പെങ്ങൾമാർക്കും പണത്തിന്റെ ഒരു വിഹിതം കൊടുക്കണം. സമ്മാനാർഹമായ ടിക്കറ്റ് ബാങ്കുകാരെ കാണിച്ച് ബോധിപ്പിച്ചിട്ടുണ്ട്.'' മറ്റ് അവകാശവാദങ്ങളിൽ ഇനി കാര്യമില്ലെന്നും ജയപാലൻ കൂട്ടിച്ചേർത്തു.
മറുനാടന് മലയാളി ബ്യൂറോ