- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോവിഡ് വാക്സിനേഷൻ യജ്ഞം: ജൂണിൽ പന്ത്രണ്ട് കോടിയോളം വാക്സീൻ ഡോസ് ലഭ്യമാക്കുമെന്ന് കേന്ദ്രസർക്കാർ; മേയിൽ ലഭിച്ചതിനേക്കാൾ അമ്പത് ശതമാനം കൂടുതൽ
ന്യൂഡൽഹി: രാജ്യത്തെ കോവിഡ് വാക്സിനേഷൻ യജ്ഞത്തിന്റെ വേഗത സംബന്ധിച്ച ആരോപണങ്ങൾ നിലനിൽക്കെ ജൂണിൽ 12 കോടിയോളം കോവിഡ് വാക്സീൻ ഡോസ് ലഭ്യമാക്കുമെന്ന് കേന്ദ്രസർക്കാർ.
മെയ് മാസത്തിൽ ലഭ്യമാക്കിയ ഡോസിനേക്കാൾ 50 ശതമാനത്തോളം കൂടുതലാണ് ഇത്. മേയിൽ ഏകദേശം എട്ട് കോടി ഡോസ് കോവിഡ് വാക്സീനാണ് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി നൽകിയത്.
സംസ്ഥാനങ്ങളുടേയും കേന്ദ്രഭരണ പ്രദേശങ്ങളുടേയും ഉപഭോഗ രീതി, ജനസംഖ്യ, വാക്സീൻ വേസ്റ്റേജ് തുടങ്ങിയ ഘടകങ്ങൾ പരിശോധിച്ചാണ് സൗജന്യ വിഹിതം അവർക്ക് ലഭ്യമാക്കുന്നതെന്നും കേന്ദ്ര സർക്കാർ അറിയിച്ചു.
കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ അറിയിപ്പുപ്രകാരം, ആരോഗ്യപ്രവർത്തകർ, മുൻനിര പോരാളികൾ, 45 വയസ്സിനു മുകളിൽ പ്രായമുള്ളവർ തുടങ്ങി പ്രത്യേക പരിഗണന വിഭാഗത്തിനായി സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ജൂണിൽ 6.09 കോടി ഡോസുകൾ സൗജന്യമായി വിതരണം ചെയ്യും.
ബാക്കി 5.86 കോടി ഡോസ് വാക്സീൻ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും സ്വകാര്യ ആശുപത്രികൾക്കും ഉൽപാദകരിൽനിന്നു നേരിട്ടു വാങ്ങാവുന്നതാണ്. ഇതോടെ ജൂണിൽ മാത്രം 12 കോടിയോളം ഡോസുകൾ (11,95,70,000) ദേശീയതലത്തിൽ വാക്സിനേഷൻ യജ്ഞത്തിനായി ലഭ്യമാകും.
മേയിൽ, സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി 4.03 കോടിയിലേറെ വാക്സീൻ ഡോസുകളാണ് സർക്കാർ സൗജന്യമായി ലഭ്യമാക്കിയത്. ഇതിന് പുറമേ സ്വകാര്യ ആശുപത്രികൾക്കും സംസ്ഥാനങ്ങൾക്കും വാക്സീൻ ഉൽപാദകരിൽനിന്നു നേരിട്ട് 3.90 കോടിയിലേറെ ഡോസുകൾ ലഭ്യമാക്കി. മെയ് മാസം ആകെ 7,94,05,200 വാക്സീൻ ഡോസുകളാണ് ലഭ്യമാക്കിയിരുന്നത്.
ജൂണിലെ വാക്സീൻ ലഭ്യത സംബന്ധിച്ച പൂർണമായ കണക്ക് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കൈമാറി കഴിഞ്ഞു. മെയ് 17, 27, 29 എന്നീ ദിവസങ്ങളിൽ ഇതു സംബന്ധിച്ച് കത്തുകൾ ആരോഗ്യ മന്ത്രാലയം സംസ്ഥാന-കേന്ദ്രഭരണപ്രദേശ ഭരണകൂടങ്ങൾക്ക് നൽകി.
ന്യൂസ് ഡെസ്ക്