- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാതാ വൈഷ്‌ണോദേവി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലുംപെട്ട് ഭക്തർ മരിച്ച സംഭവം ; ഉന്നത തല അന്വേഷണം പ്രഖ്യാപിച്ച് ഭരണകൂടം; ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകും; ദുരന്തത്തിന് വഴിവെച്ചത് പാസില്ലാതെ കൂടുതൽ പേർ എത്തിയത്; തിരക്കൊഴിവാക്കാൻ പുതിയ പദ്ധതികൾ ആലോചിച്ച് സർക്കാർ
ശ്രീനഗർ : മാതാ വൈഷ്‌ണോദേവി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും 12 പേർ മരിച്ച സംഭവത്തിൽ ജമ്മു കശ്മീർ ലഫ്. ഗവർണർ മനോജ് സിൻഹ അന്വേഷണത്തിന് ഉത്തരവിട്ടു. ആഭ്യന്തര വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, ജമ്മു എഡിജിപി, ഡിവിഷനൽ കമ്മിഷണർ എന്നിവരുൾപ്പെടുന്ന സംഘം ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകും.
സാധാരണ നവരാത്രിക്കും ദീപാവലിക്കുമാണ് ക്ഷേത്രത്തിൽ കൂടുതൽ തിരക്ക്. ഏതാനും വർഷങ്ങളായി പുതുവർഷ ദിവസവും തിരക്കേറെയാണ്. ഇതു കണക്കിലെടുത്തുള്ള അധിക ക്രമീകരണങ്ങൾ ആലോചിക്കുമെന്ന് സ്ഥലം സന്ദർശിച്ച കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് അറിയിച്ചു. ഓൺലൈൻ ദർശനം, ആരതിക്ക് എൽഇഡി സ്‌ക്രീൻ തുടങ്ങിയവയാണു പരിഗണനയിലുള്ളത്.
ക്ഷേത്രത്തിന്റെ മൂന്നാം ഗേറ്റിനു മുന്നിൽ ഇന്നലെ പുലർച്ചെ രണ്ടേമുക്കാലോടെയായിരുന്നു ദുരന്തം.പുതുവർഷത്തോടനുബന്ധിച്ച് പ്രത്യേക ചടങ്ങുകളുണ്ടായിരുന്ന ഇന്നലെ പാസില്ലാതെ ഒട്ടേറെ തീർത്ഥാടകരെത്തിയിരുന്നു. ഗുഹാക്ഷേത്രത്തിൽ ദർശനത്തിനുള്ള തിരക്കിനിടെ ഏതാനും ചെറുപ്പക്കാർ തമ്മിലുണ്ടായ സംഘർഷം പൊടുന്നനെ ദുരന്തത്തിൽ കലാശിക്കുകയായിരുന്നുവെന്ന് ജമ്മു കശ്മീർ ഡിജിപി ദിൽബാഗ് സിങ് പറഞ്ഞു.
നിലത്തു കിടന്നുറങ്ങുകയായിരുന്നവർ ഉൾപ്പെടെ അപകടത്തിൽപ്പെട്ടെന്നും ചിലർ ചവിട്ടിയരയ്ക്കപ്പെട്ടെന്നും ദൃക്‌സാക്ഷികൾ പറഞ്ഞു. ഇടുങ്ങിയ ഭാഗമാണെന്നതും ദുരന്തവ്യാപ്തി കൂട്ടി.യുപിയിൽനിന്നുള്ള 7 പേരും ഡൽഹിയിൽനിന്നുള്ള 3 പേരും ഹരിയാന, ജമ്മു കശ്മീർ എന്നിവിടങ്ങളിൽനിന്നുള്ള ഓരോരുത്തരുമാണു മരിച്ചത്. പരുക്കേറ്റവരെ മാതാ വൈഷ്‌ണോ ദേവി നാരായണ സൂപ്പർ സ്‌പെഷ്യൽറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏതാനും പേരെ പ്രഥമശുശ്രൂഷ നൽകി വിട്ടയച്ചിരുന്നു.
മരിച്ചവരുടെ കുടുംബങ്ങൾക്ക് 2 ലക്ഷം രൂപയും പരുക്കേറ്റവർക്ക് അരലക്ഷം രൂപയും വീതം പ്രധാനമന്ത്രി അടിയന്തര സഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപയും പരുക്കേറ്റവർക്ക് 2 ലക്ഷവും രൂപയും വീതം ലഫ്. ഗവർണറും പ്രഖ്യാപിച്ചു. പരുക്കേറ്റവരുടെ ചികിത്സച്ചെലവ് ക്ഷേത്ര ഭരണസമിതി വഹിക്കും.
അതിപുരാതനമായ വൈഷ്‌ണോദേവി ക്ഷേത്രത്തിൽ ഓരോ വർഷവും ലക്ഷക്കണക്കിനു തീർത്ഥാടകരാണ് എത്തുന്നത്. ത്രികുട പർവതത്തിലെ പ്രകൃതിദത്ത ഗുഹയിലാണ് ശ്രീകോവിൽ. 24 മണിക്കൂറും ദർശനസൗകര്യമുണ്ട്. കട്രയിൽനിന്നു കാൽനടയായും കുതിരപ്പുറത്തും ഹെലികോപ്റ്ററിലും തീർത്ഥാടകർക്ക് എത്താം.ജമ്മുവിൽനിന്ന് 50 കിലോമീറ്ററും ജമ്മു ശ്രീനഗർ പാതയിലെ കട്ര പട്ടണത്തിൽനിന്ന് 13 കിലോമീറ്ററും അകലെ, ത്രികുട പർവതത്തിലാണ് ക്ഷേത്രം
മറുനാടന് മലയാളി ബ്യൂറോ