ലഖ്‌നൗ: ഉത്തർ പ്രദേശിൽ കടുവയുടെ അലറൽ കേട്ട് ഭയന്ന കുരങ്ങന്മാർ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ഒരു ഡസൻ കുരങ്ങന്മാരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കടുവയെ കണ്ട് ഭയന്നോടിയ കുരങ്ങന്മാർക്ക് ഹൃദയാഘാതം വന്നതാണെന്ന് വെറ്റിനറി വിദഗ്ദ്ധർ പറഞ്ഞു. കുരങ്ങന്മാർ ചത്തുകിടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.

വിഷം അകത്ത് ചെന്ന് മരിച്ചതാകാം എന്ന സംശയത്താൽ നടത്തിയ പോസ്റ്റ്മാർട്ടത്തിലാണ് എല്ലാവരും ഒരേസമയത്ത് ഹൃദയാഘാതം വന്നാണ് മരിച്ചതെന്ന് കണ്ടെത്തിയത്. ഉത്തർ പ്രദേശിലെ കൊത്ത് വാലി മുഹമ്മദി ഏരിയയിലാണ് സംഭവം നടക്കുന്നത്. ഡോക്ടർ സഞ്ജീവ് കുമാർ ആണ് കാർഡിയാക് അറസ്റ്റിനെ തുടർന്നാണ് മരിച്ചതെന്ന് വ്യക്തമാക്കിയത്.

സ്ഥിരമായി കടുവകൾ സഞ്ചരിക്കുന്ന പ്രദേശത്താണ് കുരങ്ങന്മാരെ മരിച്ചതായി കണ്ടത്. കടുവയുടെ അലറൽ കേട്ടതാവാം എല്ലാവർക്കും ഒരേ സമയത്ത് കാർഡിയാക് അറസ്റ്റ് വരാൻ കാരണമെന്ന് ഡോക്ടർ പറഞ്ഞു. കുരങ്ങന്മാർ മരിച്ചതായി പറയുന്ന സമയത്ത് കടുവയുടെ അലറൽ കേട്ടതായി ഗ്രാമവാസികളും പറഞ്ഞു.