- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വേദനയില്ലാത്ത ലോകത്തേക്ക് ആദിത്യൻ യാത്രയായത് അച്ഛനും അമ്മയും നോക്കി നിൽക്കെ; മകന്റെ മരണകാരണം എന്തെന്ന് ഇനിയും മനസ്സിലാകാതെ മാതാപിതാക്കളും
പത്തനംതിട്ട: കാളകെട്ടി തെക്കേച്ചെരുവിൽ സന്തോഷ്–സ്മിത ദമ്പതികളുടെ12 വയസ്സുള്ള മകൻ ആദിത്യൻ വേദനകളില്ലാത്ത ലോകത്തേക്ക് യാത്രയായത് അച്ഛനോടും അമ്മയോടും ഒപ്പം ആശുപത്രിയിലേക്കുള്ള യാത്രക്കിടെ. ഇടയ്ക്കിടെ എത്തുന്ന വയറുവേദന ഇക്കുറിയും എത്തിയതോടെയാണ് ഇന്നലെ രാവിലെ മാതാപിതാക്കൾ ആദിത്യനെയും കൂട്ടി ആശുപത്രിയിലേക്ക് തിരിച്ചത്. എന്നാൽ, അപ്പോൾ അവർ അറിഞ്ഞിരുന്നില്ല അത് തങ്ങളുടെ മകനൊപ്പമുള്ള അവസാന യാത്രയാണെന്ന്.
ആദിത്യന് വല്ലപ്പോഴും വയറുവേദന അനുഭവപ്പെട്ടിരുന്നു. പല ഡോക്ടർമാരും പരിശോധിക്കുകയും സ്കാനിങ് നടത്തുകയും ചെയ്തെങ്കിലും കാര്യമായ രോഗ വിവരങ്ങൾ ലഭ്യമായില്ല. ബുധനാഴ്ച രാവിലെ വീണ്ടും അസ്വസ്ഥത അനുഭവപ്പെട്ടപ്പോൾ ആദിത്യനെയും സഹോദരൻ അദ്വൈതിനെയും കൂട്ടി മാതാപിതാക്കൾ കാളകെട്ടി നിന്നു ബസിൽ കയറി. 5 കിലോമീറ്റർ പിന്നിട്ടതോടെ കുട്ടി ഛർദിച്ചു. ഉടൻതന്നെ ബസ് ജീവനക്കാർ ഓട്ടോ ഏർപ്പാടാക്കി. മുക്കൂട്ടുതറ അസീസി ആശുപത്രിയിൽ എത്തും മുൻപേ കുരുന്നു ജീവനെ മരണം കവർന്നു.
ആദിത്യന് എടുത്തു പറയത്തക്ക രോഗങ്ങൾ ഇല്ലായിരുന്നെന്നും സ്കാനിങ് റിപ്പോർട്ടിലും നിസ്സാര പ്രശ്നങ്ങൾ പോലും കണ്ടിരുന്നില്ലെന്നും മുക്കൂട്ടുതറ ചെറുപുഷ്പം ആശുപത്രിയിലെ ഡോക്ടർ ടി.എൽ. മാത്യു പറയുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മാത്രമേ മരണകാരണം വ്യക്തമാവൂ. കുട്ടിയുടെ മരണത്തെത്തുടർന്നു ബോധരഹിതയായ അമ്മ സ്മിതയെ ഇതേ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോരുത്തോട് സികെഎംഎം സ്കൂൾ 7ാം ക്ലാസ് വിദ്യാർത്ഥിയാണ് ആദിത്യൻ.
മറുനാടന് മലയാളി ബ്യൂറോ