ബ്രിഡ്ജ്‌പോർട്ട്: കണക്ടിക്കട്ടിലെ ഒരു വീട്ടിൽ നടന്ന പാർക്കിടെ ഉണ്ടായ വെടിവയ്പിൽ 13 പേർക്ക് പരിക്ക്. നൂറിലേറെ പേർ പങ്കെടുക്ക പാർട്ടിക്കിടെ രണ്ടു പേരാണ് വെടിയുതിർത്തതെന്നാണ് ബ്രിഡ്ജ്‌പോർട്ട് പൊലീസിന്റെ പ്രാഥമിക നിഗമനം. വീടിന്റെ പിന്നിൽ തടിച്ചുകൂടിയിരുന്നവർക്കിടയിലേക്കാണ് അക്രമികൾ വെടിയുതിർത്തത്. പരിക്കേറ്റവർ പതിനെട്ടിനും 24നും മധ്യേ പ്രായമുള്ളവരാണ്.

വെടിയേറ്റ് ആശുപത്രിയിൽ കഴിയുന്നവരിൽ ആർക്കും ജീവന് ഭീഷണിയില്ലെന്നും എന്നാൽ ഒരാളുടെ പരിക്ക് മാത്രമാണ് ഗുരുതരമായിട്ടുള്ളതെന്നും റിപ്പോർട്ടുണ്ട്. മുഖത്തിനും താടിയെല്ലിനും പരിക്കേറ്റ യുവതിയുടെ നില മാത്രമാണ് ആശങ്കാജനകമായിട്ടുള്ളത്. മറ്റുള്ളവർക്കെല്ലാം കാലിനാണ് വെടിയേറ്റത്.

അതേസമയം വെടിവയ്പിലെക്ക് നയിച്ച കാരണം എന്താണെന്ന് പൊലീസിന് ഇതുവരെ വ്യക്തമായിട്ടില്ല. അക്രമികളെ ഉടൻ തന്നെ പിടികൂടൂമെന്ന് പൊലീസ് ചീഫ് അർമാൻഡോ ജെ പെരസ് വ്യക്തമാക്കിയിട്ടുണ്ട്. ഹൗസ് പാർട്ടി ഒരുക്കിയവർ മദ്യം വില്ക്കുന്നതിനുള്ള അനുവാദം പൊലീസിനോട് ആരാഞ്ഞിരുന്നു എന്നും റിപ്പോർട്ടുണ്ട്. എന്നാൽ ഇതിനുള്ള അനുവാദം പൊലീസ് നൽകിയിരുന്നില്ലെന്ന് പൊലീസ് ചീഫ് ചൂണ്ടിക്കാട്ടി. പാർട്ടി ഒരുക്കിയവർ ഇതിന്റെ പേരിൽ ക്രിമിനൽ ചാർജ് നേരിടുമെന്നും വ്യക്തമാക്കുന്നു.

കഴിഞ്ഞ സമ്മറിൽ സമാനമായൊരു വെടിവയ്‌പ്പും സിറ്റിയുടെ വടക്കൻ മേഖലയിൽ നടന്നിരുന്നു. പാർക്കിങ് ഏരിയയിൽ തടിച്ചുകൂടിയിരുന്ന ആൾക്കാരുടെ ഇടയിലേക്ക് രണ്ടു പേർ വെടിവച്ചതിനെ തുടർന്ന് ഒരാൾ മരിക്കുകയും എട്ടു പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.