- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൈകൾ കെട്ടി വേമ്പനാട്ട് കായൽ നീന്തി കടക്കാൻ 13കാരൻ; കോതമംഗലം വാരപ്പെട്ടിയിലെ അനന്തദർശൻ സാഹസിക ദൗത്യത്തിന് ഇറങ്ങുന്നത് ഈ മാസം 13 ന്; പ്രദർശന നീന്തൽ ശ്വാസം അടക്കി പിടിച്ച് കണ്ട് നാട്ടുകാർ
കോതമംഗലം:13 കാരൻ കൈകൾ ബന്ധിച്ച് വേമ്പനാട്ട് കായൽ നിന്തി കടക്കാൻ ഒരുങ്ങുന്നു. വാരപ്പെട്ടി പഞ്ചായത്തിലെ അറക്കൽ വീട്ടിൽ എ ജെ പ്രിയദർശന്റെ മകൻ അനന്ത ദർശനാണ് കൈകൾ കെട്ടിയിട്ട് ആലപ്പുഴ ജില്ലയിലെ ചേർത്തല തവണ കടവിൽനിന്ന് കോട്ടയം ജില്ലയിലെ വൈക്കം വരെയുള്ള കായലിൽ ഈ മാസം 13-ന് നീന്താൻ തയ്യാറെടുക്കുന്നത്.
ഇതിനു മുന്നോടിയായി വാരപ്പെട്ടി പഞ്ചായത്ത് കുളത്തിൽ നടന്ന പ്രദർശന നീന്തൽ പരിപാടി ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി കെ ചന്ദ്രശേഖരൻ നായർ,വാർഡ് മെമ്പർ ശ്രീകല ടീച്ചർ,സിപിഎം ഏരിയാ കമ്മിറ്റി അംഗം സി മനോജ് നാരായണൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
കൈകൾ ബന്ധിച്ച അവസ്ഥയിൽ കാലു കൊണ്ട് തുഴഞ്ഞും മുങ്ങാം കുഴിയിട്ടും മറുകരെ വരെ നീന്തി തിരിച്ചെത്തിയ അനന്തദർശന്റെ പ്രകടനംകാഴ്ചക്കാർ ശ്വാസമടക്കിപ്പിടിച്ചാണ് വീക്ഷിച്ചത്. കഴിഞ്ഞ ഏതാനും മാസങ്ങളായി അനന്ത ദർശൻ നീന്തൽ വിദഗ്ധനും ബന്ധുവും കൂടിയായ പിറവം സ്വദേശി ബിജു തങ്കപ്പന്റെ കീഴിൽ ശാസ്ത്രീയമായി നീന്തൽ പരിശീലിച്ചു വരികയാണ്.
കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെയായി നീന്തൽ പരിശീലന രംഗത്ത് പ്രവർത്തിച്ചു വരുന്ന ഇദ്ദേഹം തന്നെയാണ് അനന്ത ദർശന്റെ നീന്തൽ പാടവം തിരിച്ചറിഞ്ഞത്. തുടർന്ന് പിതാവ് പ്രിയദർശനുമായി ആലോചിച്ച് അനന്ത ദർശന് പരിശീലനം നൽകുകയായിരുന്നു. ടെക്‌നിക്കുകൾ ഓരോന്നും പെട്ടെന്ന് മനസിലാക്കിയായിരുന്നു പരിശീലന സമയത്തെ അനന്ത ദർശന്റെ മുന്നേറ്റം.
തുടർന്നാണ് വേമ്പനാട്ട് കായലിൽ നീന്തിക്കാമെന്ന ആശയം പരിശീലകൻ മുന്നോട്ടു വയ്ക്കുന്നത്. പിതാവിനും പൂർണ്ണ സമ്മതം. കഴിഞ്ഞ ദിവസം അനന്ത ദർശനെ പരിശീലകൻ വേമ്പനാട്ട് കായൽ വിശദമായി കാണിച്ചു. ആദ്യമായിട്ടാണ് കാണുന്നതെങ്കിലും കായൽ
കുറുകെ നീന്തുന്നതിന് തയ്യാറെന്ന് ശിഷ്യൻ ഒരിക്കൽക്കൂടി ഉറപ്പിച്ചു പറഞ്ഞതോടെ ഗുരുവിനും ആത്മവിശ്വാസമായി .തുടർന്നാണ് ഈ മാസം 13 - ന് കായലിന് കുറുകെ നീന്താൻ തീരുമാനിച്ചത്.
മറുനാടന് മലയാളി ലേഖകന്.