- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അജ്മീർ തീർത്ഥാടക സംഘത്തിന്റെ വാഹനം ട്രക്കിലിടിച്ച് കൊല്ലപ്പെട്ടത് 14 പേർ; തീർത്ഥാടക സംഘത്തിൽ രക്ഷപെട്ടത് നാല് കുട്ടികൾ മാത്രം; ഞായറാഴ്ച്ച വെളുപ്പിനെ ആന്ധ്രയെ നടുക്കിയ വാഹനാപകടം ഇങ്ങനെ
കുർണൂൽ: ആന്ധ്രപ്രദേശിൽ വാഹനാപകടത്തിൽ കുട്ടിയടക്കം അജ്മീർ തീർത്ഥാടകരായ 14 പേർ മരിച്ചു. മഡനപ്പള്ളിയിൽ നിന്ന് അജ്മീറിലേക്ക് പോകുകയായിരുന്ന സംഘമാണ് കൊല്ലപ്പെട്ടത്. ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബസിലുണ്ടായിരുന്ന നാല് കുട്ടികൾ മാത്രമാണ് രക്ഷപ്പെട്ടത്. പരിക്കേറ്റ രണ്ട് കുട്ടികളുടെ നില ഗുരുതരമാണ്. ഞായറാഴ്ച പുലർച്ചെ കുർണൂലിലാണ് അപകടമുണ്ടായതെന്ന് പൊലീസ് പറഞ്ഞു.
ദേശീയപാത 44ൽ മദർപുർ ഗ്രാമത്തിന് സമീപത്താണ് നാടിനെ നടുക്കിയ അപകടം. അപകട സമയത്ത് ബസിൽ 18 യാത്രക്കാരാണ് ഉണ്ടായിരുന്നതെന്നും പുലർച്ചെ നാലിനാണ് അപകടമുണ്ടായതെന്നും പൊലീസിനെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്തു. പൊട്ടിപ്പൊളിഞ്ഞ വാഹനത്തിൽ നിന്ന് യന്ത്രസാമഗ്രികൾ ഉപയോഗിച്ചാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. ഡ്രൈവർ ഉറങ്ങിയതോ ടയർ പൊട്ടിപ്പോയതോ ആകാം അപകട കാരണമെന്നാണ് പൊലീസിന്റെ നിഗമനം.
കർനൂൾ ജില്ലയിലെ വെൽദുർത്തി മണ്ഡലത്തിലെ ഒരു ഗ്രാമത്തിനടുത്താണ് അപകടം. 18 പേരുമായി സഞ്ചരിച്ചിരുന്ന മിനി ബസ് അതിവേഗത്തിൽ റോഡ് ഡിവൈഡറിൽ ഇടിച്ച് ഡിവൈഡറിന് മുകളിലൂടെ വീഴുകയും റോഡിന് മറുവശത്ത് എതിർദിശയിൽ വരികയായിരുന്ന ലോറിയുമായി കൂട്ടിയിടിക്കുകയും ചെയ്യുകയായിരുന്നു. അപകടസമയത്ത് വാഹനത്തിൽ 18 പേർ ഉണ്ടായിരുന്നു. പുലർച്ചെ നാലുമണിയോടെ മദാപുരത്തിനടുത്തുള്ള വെൽദുർത്തി മണ്ഡലിലാണ് അപകടം നടന്നത്. ചിറ്റൂർ ജില്ലയിലെ മദനപ്പള്ളിൽ നിന്ന് രാജസ്ഥാനിലെ അജ്മീറിലേക്ക് പോവുകയായിരുന്നു ബസിലുണ്ടായിരുന്നവർ.
സംഭവത്തിൽ ആന്ധ്ര മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡ്ഡി ഞെട്ടൽ രേഖപ്പെടുത്തി. ദുരിതാശ്വാസ പ്രവർത്തനങ്ങളും വൈദ്യസഹായവും വേഗത്തിലാക്കാൻ അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. മരിച്ചവരുടെ കുടുംബാംഗങ്ങളെ അദ്ദേഹം അനുശോചനം അറിയിച്ചു. പരിക്കേറ്റവർക്ക് വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു. അപകട കാരണം സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. ഡ്രൈവർ ഉറങ്ങിയതോ ബസിന്റെ ടയർ പൊട്ടിയതോ ആകാം അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം.
മറുനാടന് മലയാളി ബ്യൂറോ