ദോഹ: വിദ്യാഭ്യാസ മന്ത്രാലയം സ്‌കൂളുകൾക്കുള്ള പ്രവേശന മാനദണ്ഡങ്ങൾ കർക്കശമാക്കിയതോടെ കുട്ടികളുടെ പ്രവേശനത്തിനായി നെട്ടോട്ടമോടിയിരുന്ന രക്ഷിതാക്കൾക്ക് ആശ്വാസമായി ഖത്തറിൽ 14 ഇ്ന്ത്യൻ സ്‌കൂളുകൾക്ക് അനുമതിയായി. ഖത്തറിൽ വരുന്ന അദ്ധ്യയന വർഷത്തിൽ 14 പുതിയ ഇന്ത്യൻ സ്‌കൂളുകൾക്കു കൂടി അനുമതി നല്കിയതായി സുപ്രീം എജ്യുക്കേഷൻ കൗൺസിൽ അറിയിച്ചു.

നിലവിലുള്ള ഇന്ത്യൻ സ്‌കൂളുകളിലെ സീറ്റ് അപര്യാപ്തമായ സാഹചര്യത്തിലാണ് പുതിയ സ്‌കൂളുകൾ തുടങ്ങുന്നതിന് വിദ്യാഭ്യാസ മന്ത്രാലയം അനുമതി നല്കിയിരിക്കുന്നത്.തങ്ങൾക്ക് അനുവദിച്ചിരിക്കുന്നതിലും കൂടുതൽ വിദ്യാർത്ഥികളെ പ്രവേശിപ്പിച്ചതിനെ തുടർന്ന് എം.ഇ.എസ് ഇന്ത്യൻ സ്‌കൂളിന്റെ പുതിയ അഡ്‌മിഷനുകൾ റദ്ദാക്കിയതായും മന്ത്രാലയം അറിയിച്ചു. 5,400 സീറ്റുകളുള്ള എം.ഇ.എസ് സ്‌കൂളിൽ ഏതാണ്ട് ഇതിന്റെ ഇരട്ടിയോളം വിദ്യാർത്ഥികളാണ് നിലവിൽ പഠിച്ചുകൊണ്ടിരിക്കുന്നത്.

2012-14 അദ്ധ്യയന വർഷങ്ങളിലായി പുതിയ കെട്ടിടങ്ങൾ സ്ഥാപിക്കുമെന്നായിരുന്നു സ്‌കൂൾ അധികൃതർ അറിയിച്ചിരുന്നതെങ്കിലും പിന്നീട് സ്‌കൂൾ അധികൃതരുടെ ഭാഗത്തു നിന്ന് ഇതു സംബന്ധിച്ച നടപടികൾ ഉണ്ടാവാത്തതിനെ തുടർന്നാണ് പുതിയ പ്രവേശനത്തിന് വിലക്കേർപെടുത്തിയത്.

എന്നാൽ എം.ഇ.എസ് ഒഴികെ മറ്റെല്ലാ ഇന്ത്യൻ സ്‌കൂളുകളിലും അഡ്‌മിഷൻ തുടരുന്നതായും അധികൃതർ അറിയിച്ചു. അതേസമയം 201415 വർഷത്തേക്കായി ഏഴ് പുതിയ സ്‌കൂളുകളും കെ.ജി സ്‌കൂളുകളും കൂടി ആരംഭിച്ചെങ്കിലും ഇതും മതിയാകാത്ത സാഹചര്യമാണ് നിലവിലുള്ളത്. സെപ്റ്റംബറോടെ പുതിയ അദ്ധ്യയന വർഷം ആരംഭിക്കുമെങ്കിലും ഇന്ത്യൻ സ്‌കൂളുകളിൽ ഏപ്രിലോടെ ക്ലാസുകൾ ആരംഭിക്കും. അതിനു മുമ്പായി 14 പുതിയ സ്‌കൂളുകൾ കൂടി സ്ഥാപിക്കുവാനാണ് പദ്ധതി. നിലവിൽ 29 ഇന്ത്യൻ സ്‌കൂളുകളും കെ.ജി സ്‌കൂളുകളുമാണ് ഖത്തറിലുള്ളത്.