തിരുവനന്തപുരം: ഒരച്ഛന്റെ മേലും ജീവിതത്തിൽ ഇത്രയും വലിയ കളങ്കം വീഴാതിരിക്കട്ടേ ദൈവമേ. കണ്ണിലെ കൃഷ്ണമണി പോലെ വളർത്തിയ മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന് പൊലീസും യഥാർത്ഥ പ്രതിയും ചേർന്ന് ആ പാവത്തിന് മേൽ മുദ്ര കുത്തി. എന്നാൽ തന്നെ പീഡിപ്പിച്ചത് പിതാവല്ലെന്ന് ആ മകൾ തന്നെ തുറന്ന് പറഞ്ഞിട്ടും ഡിഎൻഎ ഫലത്തിൽ തെളിഞ്ഞിട്ടും ആ പിതാവ് ഇപ്പോഴും ജയിലഴിക്കുള്ളിൽ തന്നെയാണ്. തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ നിന്നാണ് പൊലീസിന്റെ കണ്ണില്ലാത്ത ക്രൂരതയുടെ ഏറ്റവും പുതിയ ഉദാഹരണം പുറത്ത് വന്നിരിക്കുന്നത്. 14കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലെ യഥാർത്ഥ പ്രതിയെ രക്ഷിക്കാനാണ് ലക്ഷങ്ങൾ കൈക്കൂലി വാങ്ങി പൊലീസ് ഒത്തുകളിച്ചിരിക്കുന്നത്.

ഡിഎൻഎ ഫലത്തിലൂടെ തന്റെ നിരപരാധിത്വം തെളിഞ്ഞിട്ടും അച്ഛനല്ല തന്നെ പീഡിപ്പിച്ചതെന്ന് പെൺകുട്ടി പറഞ്ഞിട്ടും യഥാർത്ഥ പ്രതിയെ രക്ഷിക്കുന്നതിന് വേണ്ടിയാണ് പെൺകുട്ടിയുടെ പിതാവിനെ പൊലീസ് ഇപ്പോഴും ജയിലിൽ അടച്ചിരിക്കുന്നത്. സത്യം പുറത്തുകൊണ്ടു വന്ന് തന്റെ ഭർത്താവിനെ നരകയാതനയിൽ നിന്നും രക്ഷിക്കുവാനായി തന്റെ മകളുടെ മൊഴി വീണ്ടും എടുക്കണമെന്ന് ആവശ്യപ്പെട്ട് കുട്ടിയുടെ അമ്മ തിരുവനന്തപുരം റൂറൽ എസ്‌പിക്ക് കത്തയയ്ക്കുകയും ചെയ്തിരുന്നു. മകളെ പീഡിപ്പിച്ചത് താനല്ലെന്ന ആണയിട്ട പറഞ്ഞിട്ടും നീതി ലഭിക്കാത്ത ആ അച്ഛൻ ഇന്ന് ഇരുമ്പഴിക്കുള്ളിൽ ആകെ തകർന്ന അവസ്ഥയിലാണ്.

വലിയകുന്ന് സ്വദേശിയായ യുവാവാണ് കഴിഞ്ഞ ഒമ്പത് മാസമായി പൂജപ്പൂര സെൻട്രൽ ജയിലിൽ നരകയാതന അനുഭവിക്കുന്നത്. വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ നിന്നും 2018 മാർച്ച് ഒന്നിനാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഗർഭിണിയാണെന്ന വിവരം വെഞ്ഞാറമ്മൂട് പൊലീസിന് ലഭിക്കുന്നത്. പോക്സോ കേസ് ആയതിനാൽ വെഞ്ഞാറമ്മൂട് സിഐ ആർ.വിജയന് ആയിരുന്നു അന്വേഷണ ചുമതല.

ഇതിന് പിന്നാലെ പെൺകുട്ടിയുടെ സംരക്ഷണം പൊലീസ് ഏറ്റെടുക്കുകയും ചെയ്തിരുന്നു. ഈ സമയം മുതൽ അമ്മയുമായി സംസാരിക്കാൻ കുട്ടിയെ അനുവദിച്ചില്ലെന്നും പറയുന്നു. പെൺകുട്ടിയെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കിയതിന് പിന്നാലെ പിതാവിനെ അറസ്റ്റ് ചെയ്തിരുന്നു. ജയിലിൽ പൊലീസിന്റെ ഭാഗത്ത് നിന്നും ശാരീരീകമായും മാനസികമായും പീഡനം മൂലം ഇദ്ദേഹം എല്ലാ തരത്തിലും തളർന്ന അവസ്ഥയിലാണെന്നും ജയിലിൽ സന്ദർശിച്ച ബന്ധുക്കൾ പറയുന്നു.

2018 മാർച്ച് മൂന്നിനാണ് നെടുമാങ്ങാട് കോടതി കുട്ടിയുടെ പിതാവിനെ 353/2018 നമ്പർ കേസിൽ റിമാൻഡ് ചെയ്യുന്നതും പിന്നീട് കേസ് പോക്സോ കോടതയിലേക്ക് മാറ്റുന്നതും. മെയിൽ കുറ്റപത്രം സമർപ്പിക്കുകയും വീചാരണതടവുകാരനാക്കി ഇയാളെ ജയിലിലേക്ക് അയയ്ക്കുകയുമായിരുന്നു. ഇദ്ദേഹത്തെ പൊലീസ് അറസ്റ്റ് ചെയ്തത് ഡിഎൻഎ പരിശോധന നടത്താതെയായിരുന്നുവെന്നും ആരോപണമുയരുന്നുണ്ട്.

മാത്രമല്ല രണ്ട് മാസത്തിന് ശേഷം ഡിഎൻഎ പരിശോധനാ ഫലത്തിൽ ഇദ്ദേഹത്തിന്റെ നിരപരാധിത്വം തെളിഞ്ഞിട്ടും ഈ പരിശോധനാഫലം പൊലീസ് പൂഴ്‌ത്തിവെച്ചെന്നും ഇദ്ദേഹത്തിന്റെ ബന്ധുക്കൾ ആരോപിക്കുന്നു. പെൺകുട്ടിയെ പീഡിപ്പിച്ചത് അച്ഛനല്ലെന്ന് തെളിഞ്ഞിട്ടും ഇക്കാര്യം വെഞ്ഞാറമൂട് സിഐ കോടതിയെ ധരിപ്പിച്ചില്ല. വിവരം മറച്ചുവച്ചു. മകളെ പീഡിപ്പിച്ച ക്രൂരനെന്ന് മുദ്രകുത്തിയതിനാൽ ബന്ധുക്കളാരും ഇയാളുടെ സഹായിക്കാനും എത്തിയില്ല.

ഈ മാസം ആദ്യം പെൺകുട്ടി അമ്മയോട് ഉണ്ടായ കാര്യങ്ങൾ തുറന്ന് പറഞ്ഞിരുന്നു. അച്ഛന്റെ അടുത്ത ബന്ധുവാണ് തന്നെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചതെന്നാണ് കുട്ടി വെളിപ്പെടുത്തിയത്. പൊലീസ് ഉദ്യോഗസ്ഥർ തന്നെ ചോദ്യം ചെയ്തില്ലെന്നും വനിതാ പൊലീസ് കൊണ്ടുവന്ന പേപ്പറിൽ ഭീഷണി ഭയന്ന് ഒപ്പിടുക മാത്രമാണ് ചെയ്തതെന്നും പെൺകുട്ടി അമ്മയോട് പറഞ്ഞതോടെയാണ് പിതാവിനെ കേസിൽ കുടുക്കിയതാണെന്ന ആരോപണം ശക്തമാവുന്നത്. ഈമാസം അഞ്ചിന് നൽകിയ പരാതിയിൽ ഇതുവരെ നടപടി ഉണ്ടായിട്ടില്ലെന്നാണ് പെൺകുട്ടിയുടെ ബന്ധുക്കൾ വിശദമാക്കുന്നത്.

കേസിൽ പ്രതിയാക്കാതിരിക്കാൻ യഥാർത്ഥ പ്രതി പൊലീസിന് ലക്ഷങ്ങൾ കൈക്കൂലി നൽകിയിരുന്നുവെന്നും പൊലീസ് ഒത്തുകളി പുറത്തുകൊണ്ടുവരണമെന്നും ചൂണ്ടിക്കാട്ടിയാണ് കുട്ടിയുടെ അമ്മ റൂറൽ എസ്‌പിക്ക് പരാതി നൽകിയത്. മാത്രമല്ല പെൺകുട്ടിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ മാസം അഞ്ചിനാണ് കത്ത് നൽകിയത്. ദിവസങ്ങൾ പിന്നിട്ടിട്ടും സംഭവത്തിൽ നടപടിയുണ്ടായിട്ടില്ല. മകളെ ക്രൂരമായി പീഡിപ്പിച്ചെന്ന് ലോകം പറഞ്ഞ് കുറ്റപ്പെടുത്തുമ്പോഴും തന്റെ നിരപാധിത്വം പുറത്ത് വരണമേ എന്ന പ്രാർത്ഥനയിൽ ഓരോ ദിവസവും കഴിയുകയാണ് ആ അച്ഛൻ.