- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമ്മയേയും സഹോദരനെയും വെടിവെച്ച് കൊലപ്പെടുത്തിയത് 14കാരിയായ മകൾ; കടുത്ത വിഷാദത്തിന് അടിമപ്പെട്ട പെൺകുട്ടി ഇരട്ട കൊലപാതകം നടത്തിയത് ജാപ്പനീസ് നോവലിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട്: ഉറങ്ങിക്കിടന്ന അമ്മയേയും സഹോദരനെയും കൊലപ്പെടുത്തിയ പെൺകുട്ടിയെ മണിക്കൂറുകൾക്കുള്ളിൽ കുടുക്കി പൊലീസ്
ലഖ്നൗ: അതീവ സുരക്ഷാ മേഖലയിൽ നടന്ന ഇരട്ട കൊലപാതകത്തിന്റെ ചുരുൾ മണിക്കൂറുകൾ കൊണ്ട് യു.പി പൊലീസ് അഴിച്ചപ്പോൾ കുടുങ്ങിയത് 14കാരിയായ പെൺകുട്ടി. സ്വന്തം അമ്മയേയും സഹോദരനെയും യാതൊരു ദയയും ഇല്ലാതെ വെടിവെച്ചു വീഴ്ത്തിയ മകളെ കുറിച്ചുള്ള വിവരം അറിഞ്ഞ് എന്ത് ചെയ്യണമെന്ന് അറിയാതെ ഞെട്ടിയിരിക്കുകയാണ് റെയിൽവേ ഉദ്യോഗസ്ഥനായ പിതാവ്. നഗരത്തിലെ അതിസുരക്ഷാമേഖലയിൽ താമസിക്കുന്ന മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥന്റെ ഭാര്യയും മകനും വീട്ടിനുള്ളിൽ വെടിയേറ്റ് മരിച്ചത്.
റെയിൽവേ ഉദ്യോഗസ്ഥന്റെ മകളും ദേശീയതലത്തിൽ ഷൂട്ടിങ് താരവുമായ 14-കാരിയാണ് അമ്മയെയും സഹോദരനെയും വെടിവെച്ച് കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. പെൺകുട്ടി കുറ്റംസമ്മതിച്ചതായും എല്ലാകാര്യങ്ങളും തുറന്നുപറഞ്ഞതായും പൊലീസ് പറഞ്ഞു. കടുത്ത വിഷാദത്തിന് അടിമയായ പെൺകുട്ടി ഒരു ജാപ്പനീസ് നോവലിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് അമ്മയെയും സഹോദരനെയും വെടിവെച്ച് കൊലപ്പെടുത്തിയത്. ഇരുവരും ഉറങ്ങുന്ന സമയത്ത് തോക്കുമായെത്തിയ പെൺകുട്ടി കൊലപാതകം നടത്തുക ആയിരുന്നു.
കഴിഞ്ഞദിവസമാണ് റെയിൽവേ ഉദ്യോഗസ്ഥന്റെ ഭാര്യയും മകനും വീട്ടിൽ വെടിയേറ്റ് മരിച്ചത്. 14-കാരിയായ മകൾക്ക് സാരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതാണ് സംശയത്തിന് ഇടയാക്കിയത്. അതിസുരക്ഷാമേഖലയിൽ ഇത്തരമൊരു അക്രമം അരങ്ങേറിയത് സർക്കാരിനെയും പൊലീസിനെയും പ്രതിരോധത്തിലാക്കിയതോടെ തുടക്കംമുതലേ പൊലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു. കവർച്ചാശ്രമമല്ലെന്ന് തുടക്കത്തിലേ ബോധ്യമായതോടെ പെൺകുട്ടിയെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വീട്ടിലേക്ക് ആരും വരികയോ പുറത്തുപോവുകയോ ചെയ്തിട്ടില്ലെന്നും ഉറപ്പുവരുത്തി.
പെൺകുട്ടിയുടെ കിടപ്പുമുറിയും ശുചിമുറിയും പരിശോധിച്ചതോടെ ചില അസ്വാഭാവികതകൾ പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടു. തുടർന്നാണ് അന്വേഷണം പെൺകുട്ടിയിലേക്ക് തിരിഞ്ഞത്. പെൺകുട്ടിയെ മാനസികാരോഗ്യവിദഗ്ധന്റെ സഹായത്തോടെ ചോദ്യംചെയ്തതോടെയാണ് ഇരട്ടക്കൊലയുടെ ചുരുളഴിഞ്ഞത്. ജാപ്പനീസ് നോവലിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട പെൺകുട്ടി നോവലിലെ കഥാപാത്രങ്ങളെ യഥാർഥ ജീവിതത്തിൽ കണ്ടാണ് പെൺകുട്ടി അമ്മയെയും സഹോദരനെയും കൊലപ്പെടുത്തുന്നതിലേക്ക് നീങ്ങിയതെന്നും പൊലീസ് പറഞ്ഞു.
പെൺകുട്ടിയുടെ മുറിയിലെ ചില കുറിപ്പുകളും ശുചിമുറിയിലെ കണ്ണാടി വെടിയേറ്റ് തകർന്നതുമെല്ലാം തുടക്കംമുതലേ സംശയത്തിനിടയാക്കിയിരുന്നു. ഇതേത്തുടർന്നാണ് കൗൺസിലർമാരുടെ സഹായത്തോടെ പൊലീസ് പെൺകുട്ടിയെ ചോദ്യംചെയ്തത്. അമ്മയും സഹോദരനും ഉറങ്ങികിടക്കുന്നതിനിടെയാണ് പെൺകുട്ടി ഇരുവരെയും വെടിവെച്ച് കൊലപ്പെടുത്തിയത്. അതിന് മുമ്പ് ഏറെസമയമെടുത്ത് കുളിച്ചിരുന്നു. ശേഷം കുളിമുറിയിലെ കണ്ണാടിയിൽ 'ഞാൻ അയോഗ്യനായ മനുഷ്യൻ' എന്ന് ടൊമാറ്റോ സോസ് കൊണ്ട് എഴുതി.
പിന്നീട് മുറിയിലെത്തി കൈവശമുണ്ടായിരുന്ന തോക്കിൽ അഞ്ച് ബുള്ളറ്റുകൾ നിറച്ചു. ഇതിൽ മൂന്നെണ്ണമാണ് ഉപയോഗിച്ചത്. ആദ്യ ബുള്ളറ്റ് കൊണ്ട് കുളിമുറിയിലെ കണ്ണാടി വെടിവെച്ച് തകർത്തു. പിന്നാലെ അമ്മയെയും സഹോദരനെയും വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇരുവരും മരിച്ചതിന് ശേഷം പെൺകുട്ടി ബ്ലേഡ് കൊണ്ട് സ്വയം മുറിവേൽപ്പിക്കുകയും ചെയ്തു. പെൺകുട്ടിയുടെ മുറിയിൽനിന്ന് വെടിവെക്കാൻ ഉപയോഗിച്ച തോക്കും തലയോട്ടിയുടെ കളിപ്പാട്ടരൂപവും വിചിത്രമായ ചില ചിത്രങ്ങളും കണ്ടെടുത്തായി പൊലീസ് അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ