ലണ്ടൻ: വഴിയെ നടന്നുപോയ വെള്ളക്കാരിയായ യുവതിയെ നടുറോഡിൽ ബലാത്സംഗം ചെയ്ത കേസിലും ജോലി ചെയ്തിരുന്ന ആശുപത്രിയിലെ വനിതാ ജീവനക്കാരെ ലൈംഗിക താൽപര്യത്തോടെ സ്പർശിച്ച കേസിലുമായി യുകെയിലെ ഈസ്റ്റ്‌ബോണിൽ താമസിച്ചിരുന്ന മലയാളിക്ക് 14 വർഷം തടവ്. ഏറെ കോളിളക്കം സൃഷ്ടിച്ച കേസിൽ മാണി കുര്യൻ എന്ന അൻപതു വയസുകാരനെയാണ് ഇന്നലെ ലണ്ടനിലെ കോടതി കുറ്റക്കാരനായി കണ്ടെത്തി ശിക്ഷ വിധിച്ചത്.

ഏതാനും മാസങ്ങളായി നടന്നു വന്നിരുന്ന വിചാരണയിൽ മാണി കുര്യൻ കുറ്റക്കാരൻ ആണെന്നു കോടതി നേരത്തെ കണ്ടെത്തിയിരുന്നു. ഇന്നലെയാണു ശിക്ഷ വിധിച്ചത്. ശിക്ഷാ കാലാവധിക്കു ശേഷം ഇയാളെ കേരളത്തിലേയ്ക്കു നാടുകടത്തുമെന്നാണു കോടതി വൃത്തങ്ങൾ പറഞ്ഞത്.

കോട്ടയം സ്വദേശിയായ മാണി കുറ്റക്കാരൻ ആണ് എന്ന് ജൂറി ഏകകണ്ഠമായി ഏതാനും ആഴ്ചയ്ക്കു മുമ്പേ കണ്ടെത്തിയിരുന്നു. കുറ്റം സമ്മതിക്കാതെ എതിർ വാദ മുഖങ്ങൾ ഉയർത്താൻ ശ്രമം ഉണ്ടായെങ്കിലും കോടതി അതൊന്നും മുഖവിലയ്ക്ക് എടുത്തില്ല. എന്ന് മാത്രമല്ല കുറ്റം സമ്മതിക്കാതെ ഇരകളെ കോടതിയിൽ എത്തിച്ച് തെളിവെടുപ്പ് നടത്താൻ സാഹചര്യം ഒരുക്കിയത് കൂടി കണക്കിലെടുത്താണ് 14 വർഷം തടവ് വിധിച്ചതെന്ന് ജഡ്ജി ഇന്നലെ വിധി ന്യായത്തിൽ വ്യക്തമാക്കി.

കഴിഞ്ഞ ജൂലൈയിലാണ് മാണി കുര്യൻ അറസ്റ്റിലായത്. അറസ്റ്റിലാകുമ്പോൾ വർത്തിങ് എൻഎച്ച്എസ് ആശുപത്രിയിൽ പോർട്ടറായി ജോലി എടുക്കുകയായിരുന്നു മാണി. അവിടെ വച്ചാണു മൂന്നു വനിതാ ജീവനക്കാരെ പീഡിപ്പിക്കാൻ ശ്രമിച്ചത്. പരാതി ഉണ്ടായിരുന്നെങ്കിലും കേസ് ആയിരുന്നില്ല. എന്നാൽ ഈസ്റ്റ് ബോണിൽ കഴിഞ്ഞ ഏപ്രിലിൽ 19 കാരിയെ കയറി പിടിച്ചതിനു കേസ് എടുത്തിരുന്നു.

ഈ പരാതി വന്നതോടെയാണു മാണിക്കെതിരെയുള്ള മറ്റു പരാതികളും പൊലീസ് അറിയുന്നത്. 2014 ഒക്ടോബറിൽ ഈസ്റ്റർ ബോണിലൂടെ രാത്രിയിൽ നടന്നു പോയ ഒരു 21 കാരിയെ ബലാത്സംഗം ചെയ്തത് മണിയാണ് എന്നു പിന്നീട് വ്യക്തമാവുകയായിരുന്നു. ഈ കേസുകൾ എല്ലാം ചാർജ് ചെയ്യപ്പെട്ടതോടെ ആശുപത്രി ജീവനക്കാരും പരാതിയുമായി രംഗത്തെത്തി. ഇരകളായവർ എല്ലാവരും കോടതിയിൽ എത്തി തങ്ങളുടെ അനുഭവം വിവരിച്ചതു മാണി കുര്യനു തിരിച്ചടിയായി. സ്ത്രീകളെ കാണുമ്പോൾ പിടിക്കാൻ തോന്നുക ഇയാളുടെ ശീലമാണെന്നു കോടതി കണ്ടെത്തുകയായിരുന്നു.

2014 ഒക്ടോബർ 19 ന് പുലർച്ചെ രണ്ടോടെയാണ് അൻപതുകാരനായ ഇയാൾ 21 കാരിയായ യുവതിയെ കടൽ തീരത്തോട് ചേർന്നുള്ള വിനോദ കേന്ദ്രത്തിന്റെ ഓരത്ത് വച്ച് പീഡിപ്പിച്ചത്. ഈ കേസാണ് മാണിയെ കുരുക്കുന്നതിനും പ്രധാന കാരണമായത്. ഇരു ദിശയിൽ നിന്നും ഇരുവരും നടന്നു വരുന്നത് ഉൾപ്പെടെയുള്ള സിസി ടിവി ദൃശ്യങ്ങൾ കേസിൽ പൊലീസിനു നിർണ്ണായക തെളിവായി മാറുകയും ചെയ്തു. കൂടാതെ പ്രതിയെ കുറിച്ച് പീഡനത്തിന് ഇരയായ യുവതി നൽകിയ കൃത്യമായ ശാരീരിക വിവരണങ്ങളും യുവതിയുടെ വസ്ത്രങ്ങളിൽ നിന്നും ശരീരത്തിൽ നിന്നും ലഭിച്ച ഫോറൻസിക് തെളിവുകളും സംശയാതീതമായി കുറ്റം തെളിയിക്കാൻ പൊലീസിനു സഹായകമായി. ശക്തമായ തെളിവുകളുടെ സാഹചര്യത്തിൽ സംശയാതീതമായി കുറ്റം തെളിഞ്ഞതായി കോടതിക്ക് ബോധ്യപ്പെടുക ആയിരുന്നു.

രാത്രിയിൽ ജോലി കഴിഞ്ഞു വീട്ടിലേക്കു മടങ്ങവേ വീക്കെൻഡ് പാർട്ടി ആഘോഷിച്ചു മടങ്ങുക ആയിരുന്ന യുവതി മാണി കുര്യന്റെ മുന്നിൽ പെടുക ആയിരുന്നു. ആൾ ഒഴിഞ്ഞ സാഹചര്യം മുതലാക്കി ഇയാൾ മദ്യ ലഹരിയിൽ ആയിരുന്ന യുവതിയെ കയറി പിടിച്ചു. ലോവർ പ്രോമിനറ്റ് ഏരിയയിൽ വച്ച് പീഡിപ്പിച്ചു എന്നാണ് കേസ്. എന്നാൽ പൂർണ്ണമായും മദ്യത്തിനു അടിപ്പെടാതിരുന്ന യുവതി ഇയാളുടെ ശാരീരിക പ്രത്യേകതകളും മറ്റും കൃത്യമായി മനസ്സിലാക്കിയിരുന്നു. ഇക്കഴിഞ്ഞ ജൂലൈയിൽ പൊലീസ് അന്വേഷണം പൂർത്തിയാക്കിയതിനെ തുടർന്ന് ആണ് ഇയാൾ അറസ്റ്റിൽ ആകുന്നത്. സംഭവത്തിൽ ദൃക്‌സാക്ഷികൾ ഇല്ലാതിരുന്നെങ്കിലും സ്ഥലത്ത് ഉണ്ടായിരുന്ന സിസി ടിവി പൊലീസിനു പ്രതിയെ തിരിച്ചറിയാൻ സഹായകമായി.

ഇത്തരം കുറ്റങ്ങളിൽ ഉൾപ്പെടുന്ന വിദേശ വംശജരായ പ്രതികളെ ശിക്ഷ കാലാവധി അവസാനിക്കുന്ന മുറയ്ക്ക് ജന്മ നാട്ടിലേക്കു മടക്കി അയക്കുന്ന സാധ്യത മാണി കുര്യന്റെ കാര്യത്തിലും പ്രാവർത്തികം ആകാൻ സാധ്യതയുണ്ട്. ബ്രിട്ടീഷ് പൗരത്വവും പാസ്‌പോർട്ടും ഉള്ളവരാണെങ്കിലും ഇങ്ങനെ ചെയ്യാമെന്ന് അടുത്ത കാലത്ത് പാർലമെന്റ് പാസാക്കിയ നിയമത്തിന്റെ പിൻബലത്തിലാകും ഇങ്ങനെ മടക്കി അയക്കുക. ഇതിനകം നൂറു കണക്കിന് ആഫ്രിക്കൻ വംശജരെ ഇങ്ങനെ മടക്കി അയച്ചിട്ടുണ്ട്.

ഒന്നര വർഷം മുൻപ് ഗാർഹിക പീഡന കേസിൽ പെട്ട് ബ്രൈട്ടനിൽ അറസ്റ്റിലായി ജയിലിൽ ആയ മലയാളിയെ ശിക്ഷ കാലാവധി പൂർത്തിയാക്കും മുന്നേ കേരളത്തിലേക്ക് നാട് കടത്തിയ സംഭവമുണ്ടായിരുന്നു. ഇങ്ങനെ മടക്കി അയക്കപ്പെടുന്നവർക്ക് പിന്നീട് മറ്റു രാജ്യങ്ങളിൽ പോകുന്നതിനു പോലും പ്രയാസം ഉണ്ടാകും എന്നാണ് വിദഗ്ദ്ധർ നൽകുന്ന സൂചന. ഏറെക്കാലം മസ്‌ക്കറ്റിൽ ജോലി ചെയ്ത ശേഷമാണ് മാണി കുര്യനും കുടുംബവും യുകെയിൽ എത്തുന്നത്. നേരത്തെ സ്‌കോട്ട്‌ലന്റിൽ ആയിരുന്ന ഇവർ അടുത്ത കാലത്താണ് ഈസ്റ്റ് ബോണിലേക്ക് താമസം മാറിയത്.

അടുത്തടുത്തായി സ്ത്രീ പീഡന കേസിൽ ജയിൽ ശിക്ഷ അനുഭവിക്കാൻ തയ്യാറെടുക്കുന്ന മൂന്നാമത്തെ മലയാളിയാണ് മാണി കുര്യൻ. മൂന്നര വർഷം മുൻപ് എക്‌സ് ഫാക്ടർ താരം എൽഎസിനെ ബലാത്സംഗം ചെയ്തു എന്ന കുറ്റത്തിന് സോബി ജോൺ എന്ന മലയാളി യുവാവ് ഇപ്പോൾ ശിക്ഷ അനുഭവിക്കുകയാണ്. തെളിവുകൾ എല്ലാം എതിരായതോടെ വിചാരണ വേളയിൽ തന്നെ ഇയാൾ കുറ്റം സമ്മതിച്ചിരുന്നു. ഇതോടെ 10 വർഷത്തേക്ക് ശിക്ഷിച്ച കോടതി ശിക്ഷാ കാലാവധി കഴിയുന്ന ഉടനെ നാട് കടത്താനും നിർദ്ദേശിച്ചിട്ടുണ്ട്. സംഭവത്തെ തുടർന്ന് മാനസികമായി തകർന്ന പ്രശസ്ത താരം ഐടിവിയുടെ ഏറ്റവും പ്രതിഫല തുകയുള്ള മത്സരത്തിൽ നിന്നും പിന്മാറുകയും ചെയ്തു. പിന്നീട് ഏറെക്കാലം വിഷാദ രോഗിയായി മാറിയ ഇവർ അമേരിക്കയിലേക്ക് ജീവിതം പറിച്ചു നട്ടിരുന്നു. എന്നാൽ അടുത്തിടെ ഇവർ ചെഷയറിൽ മടങ്ങി എത്തിയിട്ടുണ്ട്. സ്വവർഗാനുരാഗി ആയി അറിയപ്പെട്ട ഇവർ ദീർഘകാല സുഹൃത്തിനെ വിവാഹം ചെയ്യാൻ ഉള്ള ഒരുക്കത്തിലാണ്. 2012 ഒക്ടോബറിൽ ആണ് ഈ സംഭവം നടക്കുന്നത്. സംഭവ ദിവസം മദ്യ ലഹരിയിൽ ഹോട്ടലിൽ എത്തിയ ഇവരെ റൂം ബോയ് ആയ സോബിൻ ജോൺ സ്‌പെയർ കീ ഉപയോഗിച്ച് അതിക്രമിച്ചു കയറി ബലാത്സഗം ചെിയ്യുകയും നഗ്‌ന ദൃശ്യം മൊബൈൽ ക്യാമറയിൽ പകർത്തുകയും ആയിരുന്നു. 2013 ഏപ്രിലിൽ ആണ് സോബിനെതിരെ കോടതി ശിക്ഷ പ്രഖ്യാപിച്ചത്.