ദോഹ: ഖത്തറിൽ വ്യാപകമായ തോതിൽ കണ്ടുവരുന്ന പ്രശ്‌നമാണ് കാൻസർ എന്നും ഇതിൽ സ്തനാർബുദമാണ് വൻ തോതിൽ രാജ്യത്തിൽ വ്യാപിക്കുന്നതെന്നും റിപ്പോർട്ട്. 2010നു ശേഷം ഇതുവരെ 140 സ്തനാർബുദ കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇക്കൂട്ടത്തിൽ വിദേശീയരും ഖത്തറികളും ഉൾപ്പെടുന്നുണ്ട്. നാഷണൽ കാൻസർ പ്രോഗ്രാമിന്റെ (എൻസിപി) ഭാഗമായി നടത്തുന്ന ബി ബ്രെസ്റ്റ് അവേർ കാമ്പയിനോടനുബന്ധിച്ചാണ് സ്തനാർബുദത്തെക്കുറിച്ചുള്ള റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്.

സ്ത്രീകൾ സ്തനാർബുദത്തെക്കുറിച്ച് ബോധവതികളായിരിക്കണമെന്നും തുടക്കത്തിൽ തന്നെ കണ്ടെത്തി അതു ചികിത്സിച്ചു മാറ്റുകയാണ് വേണ്ടതെന്നും കാമ്പയിൻ ഉദ്‌ബോധിപ്പിക്കുന്നു. അവസാന ഘട്ടത്തിലേക്ക് രോഗം നീങ്ങും തോറും ചികിത്സിച്ചു ഭേദമാക്കാനുള്ള സാധ്യതയാണ് കുറയുന്നത്. എന്നാൽ ലജ്ജയും ഭയവും നിമിത്തം ബോധവത്ക്കരണ ക്യാമ്പുകളിൽ പങ്കെടുക്കാൻ സ്ത്രീകൾ ആരും മുന്നോട്ടു വരുന്നില്ലെന്നും അതിന്റെ ഭാഗമായാണ് ഈ മാസം ബ്രസ്റ്റ് കാൻസർ അവേർനസ് മാസമായി ആചരിക്കാൻ തീരുമാനിച്ചതെന്നും അധികൃതർ വ്യക്തമാക്കി.
ലുലു സൂപ്പർമാർക്കറ്റുമായി സഹകരിച്ചാണ് എൻസിപി കാമ്പയിൻ സംഘടിപ്പിച്ചിരിക്കുന്നത്.

ബ്രസ്റ്റ് കാൻസർ ബോധവത്ക്കരണത്തിന്റെ അന്താരാഷ്ട്ര ചിഹ്നമായ പിങ്ക് പേപ്പർ റിബണുകൾ കടകളിൽ ഡിസ്‌പ്ലേയ്ക്ക് വച്ചിട്ടുണ്ട്. സ്തനാർബുദ ബോധവത്ക്കരണത്തിന് ആവശ്യമായ സന്ദേശങ്ങളും ഇവയ്‌ക്കൊപ്പം പ്രദർശിപ്പിച്ചിട്ടുണ്ട്.