ദുബൈ ട്രാം നിലവിൽ വന്ന് മൂന്ന് മാസം പിന്നിടുമ്പോൾ നിയമലംഘകരുടെ എണ്ണം നിരവധി. ട്രാം നിയമങ്ങൾ ലംഘിച്ച് വാഹനം ഓടിച്ച 1400 പേർ ഇതുവരെ കുടുങ്ങിയതായി ഗതാഗത വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

ട്രാം ലൈനുകൾ മറികടക്കുമ്പോൾ ആളുകൾ ജാഗ്രത പുലർത്താത്തതാണ് ഭൂരിഭാഗം നിയമലംഘനങ്ങൾക്കും കാരണം. ട്രാം കടന്നു പോകുന്ന സ്ഥലങ്ങളിൽ മറ്റു വാഹനങ്ങൾ നിയമം കണിശമായി പാലിക്കണമെന്നാണ് ചട്ടം. അപകടം വരുത്തി വെക്കാത്ത വിധം ട്രാം ലൈനുകളിലെ ചുകപ്പു സിഗ്‌നൽ മറികടന്നാൽ 2000 മുതൽ 5000 ദിർഹം വരെയാണ് ഫൈൻ.

കാൽനട യാത്രക്കാർക്ക് നിശ്ചയിച്ച സ്ഥലങ്ങളിലൂടെയല്ലാതെ ട്രാം ലൈൻ മുറിച്ചു കടന്നതിന്റെ പേരിൽ നിരവധി പേർക്ക് ഫൈൻ ലഭിക്കുകയുണ്ടായി. ട്രാം ലൈനിൽ ചുകപ്പു സിഗ്‌നൽ മറികടന്ന് ആരുടെയെങ്കിലും മരണത്തിന് കാരണമാകുമാറ് അപകടം വരുത്തി വെക്കുന്ന സംഭവത്തിൽ 10,000 മുതൽ 30,000 വരെ ദിർഹമാണ് ഫൈൻ ഈടാക്കുന്നത്.

ഇത്തരം കേസുകളിൽ അപകടം വരുത്തി വെക്കുന്ന ഡ്രൈവറുടെ ലൈസൻസ് ഒരു മാസം മുതൽ ഒരു വർഷം വരെ കണ്ടുകെട്ടാനും വകുപ്പുണ്ട്. ട്രാം സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഈ ഭാഗങ്ങളിൽ കാൽനട യാത്രക്കാരും വാഹന ഡ്രൈവർമാരും മതിയായ ജാഗ്രത പുലർത്തണമെന്ന് ദുബൈ ട്രാഫിക് പൊലീസ് ആവശ്യപ്പെട്ടു.പ്രതിദിനം ശരാശരി 16 നിയമലംഘനങ്ങൾ ഉണ്ടാകുന്നുണ്ട്. ഗതാഗത വകുപ്പിന്റെ 269 ഉദ്യോഗസ്ഥർക്കും 16 പട്രോളിങ് വാഹനങ്ങൾക്കുമാണ് സുരക്ഷാ ചുമതല.