ചെന്നൈ: ചെന്നൈ: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ സുപ്രീംകോടതി ശിക്ഷ ശരിവച്ച അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി ശശികല താമസിക്കുന്ന കാഞ്ചീപുരത്തെ കൂവത്തൂരിൽ സെക്ഷൻ 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചു. എഐഡിഎംകെ എംഎൽഎമാരെ താമസിപ്പിച്ചിരിക്കുന്ന ഗോൾഡൻ ബേ റിസോർട്ടിലാണ് ശശികല ഇപ്പോഴുള്ളത്. വിധി വന്നതോടെ റിസോർട്ടിന് സമീപത്തെ സുരക്ഷ പൊലീസ് ശക്തമാക്കിയിരുന്നു. ഇവിടെ കാവലിന് ഏർപ്പെടുത്തിയിരുന്ന ഗുണ്ടകളെ അറസ്റ്റു ചെയ്ത് നീക്കിയതായും റിപ്പോർട്ടുകളുണ്ട്.

ശശികലയ്‌ക്കെതിരായ സുപ്രീംകോടതി വിധിക്കു പിന്നാലെ കാവൽ മുഖ്യമന്ത്രി പനീർസെൽവം എംഎൽഎമാരുടെ പിന്തുണ തേടി കൂവത്തൂരിലെത്തുമെന്ന സൂചനകൾക്കിടെയാണ് ഇവിടെ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. പനീർസെൽവത്തിന്റെ യാത്ര സുരക്ഷാ കാരണങ്ങളാൽ പൊലീസ് വിലക്കിയതായും റിപ്പോർട്ടുണ്ട്. കൂവത്തൂരിലേക്ക് പുറപ്പെട്ട പനീർസെൽവത്തിന്റെ അനുയായികളെ വഴിക്ക് പൊലീസ് തടഞ്ഞു.

കൂവത്തൂരിലേക്കു പോകുന്നതിൽനിന്ന് പനീർസെൽവത്തെ പൊലീസ് വിലക്കിയ പശ്ചാത്തലത്തിൽ അദ്ദേഹത്തിന്റെ അടുത്ത നീക്കം വ്യക്തമല്ല. പനീർസെൽവം എത്തിയാലുണ്ടാകുന്ന ക്രമസമാധന പ്രശ്‌നം പരിഗണിച്ച് റിസോർട്ടിൽ വൻ പൊലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്. പനീർസെൽവം കൂവത്തൂരിലേക്കു പോയാൽ, വിദ്യാഭ്യാസ മന്ത്രി പാണ്ഡ്യരാജനും പിന്തുണ പ്രഖ്യാപിച്ചിരിക്കുന്ന എംഎൽഎമാരും എംപിമാരും മറ്റു നേതാക്കളും അദ്ദേഹത്തെ അനുഗമിക്കുമെന്നാണ് കരുതുന്നത്. അതേസമയം, സുപ്രീം കോടതി വിധിക്കുശേഷവും ശശികല, എംഎൽഎമാരെ താമസിപ്പിച്ചിരിക്കുന്ന റിസോർട്ടിൽ തങ്ങുകയാണ്.

പനീർസെൽവത്തെയും പിന്തുണ പ്രഖ്യാപിച്ചിരിക്കുന്ന എംഎൽഎമാരെയും പാർട്ടിയിൽനിന്നു പുറത്താക്കാൻ കൂവത്തൂരിലെ റിസോർട്ടിൽ ചേർന്ന ശശികല വിഭാഗത്തിന്റെ യോഗം തീരുമാനിച്ചിരുന്നു. എടപ്പാടി പളനിസാമിയെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ, പനീർസെൽവത്തിന് പിന്തുണ പ്രഖ്യാപിച്ച എംപിമാരെ പുറത്താക്കിയിട്ടില്ല.

അതിനിടെ, മുഖ്യമന്ത്രി പദവി ഒഴിയില്ലെന്ന് പനീർസെൽവം സൂചന നൽകി. തന്നെ പാർട്ടിയിൽനിന്ന് പുറത്താക്കാൻ ശശികലയ്ക്ക് അധികാരമില്ലെന്നും പനീർസെൽവം വ്യക്തമാക്കി. ജയലളിതയുടെ സദ്ഭരണം മുടക്കമില്ലാതെ തുടരും. ധർമത്തിന്റെയും നീതിയുടെയും വിജയമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. ശശികല ശിക്ഷിക്കപ്പെട്ടതോടെ തമിഴ്‌നാട് രക്ഷപെട്ടു. താൽക്കാലികമായുള്ള പ്രശ്‌നങ്ങൾ മറന്നുകളയണമെന്നും എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും ആഹ്വാനം ചെയ്ത് പനീർസെൽവം എംഎൽഎമാർക്ക് തുറന്ന കത്തെഴുതി.

സഭയിൽ ഭൂരിപക്ഷം ലഭിക്കുമെന്ന പ്രതീക്ഷയുണ്ട്. മറ്റൊരു പാർട്ടിയുടെയും പിന്തുണയില്ലാതെ സർക്കാർ രൂപീകരിക്കും. പിന്തുണ നൽകിയ പ്രവർത്തകർക്കെല്ലാം നന്ദി. അമ്മയുടെ ആത്മാവ് നമ്മളെ വഴിനടത്തും. അമ്മയുടെ കാലടികളെ പിന്തുടരുമെന്നും പനീർസെൽവം പറഞ്ഞു. അതേസമയം, സംസ്ഥാനത്തെ ക്രമസമാധാനനില തകർക്കരുതെന്ന് പ്രവർത്തകരോട് അദ്ദേഹം അഭ്യർത്ഥിച്ചു.