കുവൈറ്റ് സിറ്റി: വിദേശികൾക്ക് കുവൈറ്റിൽ കഴിയാവുന്ന പരമാവധി കാലാവധി 15 വർഷമായി നിജപ്പെടുത്തുന്ന തരത്തിൽ കരട് രേഖയ്ക്ക് രൂപം നൽകി പാർലമെന്ററി കമ്മിറ്റി. നിലവിലുള്ള ജനസംഖ്യാ അസന്തുലനം മാറ്റിയെടുക്കാനുള്ള നടപടികളുടെ ഭാഗമായാണ് വിദേശികൾക്ക് ഇവിടെ കഴിയാനുള്ള പരമാവധി കാലം 15 വർഷമായി നിജപ്പെടുത്താൻ ഒരുങ്ങുന്നത്.

അത്യാവശ്യമെങ്കിൽ മാത്രം 15 വർഷം കഴിയുമ്പോൾ വിദേശികൾക്ക് ഇവിടെ തുടരാം. വിദേശികളുടെ എണ്ണം സ്വദേശികളുടെതിനെക്കാൾ 25 ശതമാനത്തിൽ കൂടാൻ അനുവദിക്കരുതെന്നും നിർദ്ദേശമുണ്ട്. രാജ്യത്ത് വർധിച്ചുവരുന്ന വിദേശികളുടെ എണ്ണം നിയന്ത്രണവിധേയമാക്കാൻ വിദഗ്ധരുടെ നിർദ്ദേശം സ്വീകരിച്ചുവരികയാണ് പാർലമെന്ററി കമ്മിറ്റി. ജനസംഖ്യാ അസന്തുലനം നീക്കിയെടുക്കാൻ വിദഗ്ധ നിർദ്ദേശങ്ങളാണ് പരിഗണിച്ചുവരുന്നത്.

വിദേശികൾക്ക് സർക്കാർ ആശുപത്രികളിൽ ചികിത്സാ ഫീസ് വർധിപ്പിച്ചതുൾപ്പെടെയുള്ള നടപടികൾ ഇതിന്റെ ഭാഗമായി നടപ്പാക്കിയതാണ്. കുവൈറ്റ റോഡുകൾ ഉപയോഗിക്കുന്നതിനും നാട്ടിലേക്ക് പണം അയയ്ക്കുന്നതിനും ഫീസ് ഈടാക്കണമെന്ന് ഒരു എംപി നിർദ്ദേശിച്ചതും അടുത്തകാലത്ത് വിവാദത്തിന് വഴിതെളിച്ചിരുന്നു. സർക്കാർ കരാറിൽ വിദേശികളെ നിയമിക്കുന്ന തസ്തികകളുടെ എണ്ണം കുറയ്ക്കണമെന്ന നിർദ്ദേശവുമായി മാൻ പവർ അഥോറിറ്റിയും രംഗത്തുണ്ട്. സ്വദേശികൾ താൽപര്യം കാണിക്കാത്ത സെക്യൂരിറ്റി, ക്ലീനിങ് ജോലികൾക്കായുള്ള കരാറുകളുടെ എണ്ണത്തിൽ 25% കുറവ് വരുത്താനാണ് അഥോറിറ്റിയുടെ നിർദ്ദേശം.