ടെക്‌സാസ്: കാൻസർ രോഗിയായ പതിനഞ്ചുകാരൻ വീടിനു മുന്നിൽ വെടിയേറ്റു മരിച്ചു. ഡങ്കൻവില്ല ഷെവി സബർബനിലുള്ള വീടിനു മുന്നിൽ വച്ചാണ് റയാൻലാറ എന്ന ടീനേജുകാരന് വെടിയേൽക്കുന്നത്. പിതാവിന്റെ കാർ ഡ്രൈവ് വേയിലേക്ക് മാറ്റിയിടുന്ന സമയത്താണ് കാറിലെത്തിയ അക്രമികൾ വെടിയുതിർത്തത്.

വെടിയേറ്റ റയാന്റെ നിലവിളി കേട്ടെത്തിയ സഹോദരൻ അക്രമികൾക്കു നേരെ വെടിയുതിർത്തെന്നു പറയപ്പെടുന്നു. അക്രമികളിലാർക്കെങ്കിലും വെടിയേറ്റിട്ടുണ്ടോ എന്നു സംശയപ്പെടുന്നതായി പൊലീസ് അറിയിച്ചു. മോഷണശ്രമമാണ് വെടിവയ്പിൽ കലാശിച്ചതെന്ന് പൊലീസ് സംശയിക്കുന്നു. മാരകമായി മുറിവേറ്റ റയാനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ഏതാനും മാസങ്ങൾക്കു മുമ്പാണ് റയാന് കാൻസർ രോഗം പിടിപെട്ടിട്ടുണ്ടെന്ന് കണ്ടെത്തുന്നത്. ചികിത്സയുടെ ഭാഗമായി കീറോതെറാപ്പിക്ക് വിധേയനായിക്കൊണ്ടിരിക്കുന്ന ഈ പതിനഞ്ചുകാരൻ രോഗത്തിൽ നിന്ന് വിമുക്തനാകുന്നതിന്റെ ലക്ഷണങ്ങളാണ് കാട്ടിയിരുന്നതെന്ന് കുടുംബാംഗങ്ങൾ വെളിപ്പെടുത്തുന്നു.

അതേസമയം വെടിവയ്‌പ്പിനു ശേഷം കാറിൽ രക്ഷപ്പെട്ട അക്രമികളെക്കുറിച്ച് ഇതുവരെ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ലെന്നും അക്രമികളെക്കുറിച്ച് വിവരം നൽകുന്നവർക്ക് 5000 ഡോളർ ഇനാം നൽകുമെന്നും ഡങ്കൻവില്ലെ പൊലീസ് അറിയിച്ചിട്ടുണ്ട്.  അക്രമികളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 9727805000, 18773738477 എന്നീ നമ്പരുകളിൽ ബന്ധപ്പെടണമെന്ന് പൊലീസ് വ്യക്തമാക്കി.