കണ്ണൂർ: കണ്ണൂരിൽ വീണ്ടും ഒരു പീഡന കേസുകൂടി. പ്രണയം നടിച്ച് 15 കാരിയെ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ 19 കാരനായ ഒരു യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അഴീക്കോട് ചാലിൽ സ്വദേശി താഴത്ത് വീട്ടിൽ ആനന്ദിനെയാണ് ഡി.വൈ. എസ്. പി. സദാനന്ദൻ അറസ്റ്റ് ചെയ്തതേ്. വളപട്ടണത്ത് എത്തിച്ച് പെൺകുട്ടിയെ പീഡിപ്പിച്ചതെന്നാണ് പരാതി. ഇലക്ട്രിക്കൽ വയറിങ് ജോലിക്കാരനായ പ്രതി വാട്‌സ്ആപ്പ് ചാറ്റിങിലാണ് പെൺകുട്ടിയെ വലയിലാക്കിയത്.

പറശ്ശിനിക്കടവിൽ വെച്ച് കൂട്ട ബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ കേസുമായി ബന്ധപ്പെട്ട് ഷൊർണ്ണൂരും എറണാകുളത്തും അന്വേഷണം വ്യാപിക്കാൻ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. കൂട്ട ബലാത്സംഗം വെളിപ്പെട്ടത് പെൺകുട്ടിയുടെ സഹോദരനെ ഷൊർണ്ണൂർ റെയിൽവേ സ്‌റ്റേഷനിൽ വെച്ച് അജ്ഞാത സംഘം അക്രമിച്ചതോടെയാണ്. സഹോദരിയുടെ അശ്ലീല വീഡിയോ ഞങ്ങളുടെ കയ്യിലുണ്ടെന്നും പണം തന്നാൽ അത് തിരികെ നൽകാമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി ഷൊർണ്ണൂരിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. എറണാകുളം ഭാഷ സംസാരിക്കുന്ന സംഘം സഹോദരനെ മർദ്ദിച്ച് അവശനാക്കിയെന്ന പരാതിയാണ് പൊലീസിന് നൽകിയത്.

സഹോദരന്റെ മൊഴി പൂർണ്ണമായും പൊലീസ് വിശ്വസിക്കുന്നില്ല. ചില അവ്യക്തതകൾ അവശേഷിക്കുന്നുണ്ട്. സഹോദരന്റെ ഫോൺരേഖ പരിശോധിച്ചപ്പോൾ ഇയാൾ ഷൊർണ്ണൂരിലെത്തിയതായി കണ്ടെത്താൻ കഴിയുന്നില്ല. സംഭവ സ്ഥലം ഇയാൾ ബോധപൂർവ്വം മാറ്റി പറഞ്ഞെന്നാണ് പൊലീസ് സംശയിക്കുന്നത്. അതേസമയം ബലാത്സംഗ കേസിൽ തെളിവുകൾ ശേഖരിക്കാൻ എടക്കാട് എത്തിച്ച പെൺകുട്ടി പീഡനത്തിനിരയാക്കപ്പെട്ട മുഴപ്പിലങ്ങാട്ടെ വീട് തിരിച്ചറിയാനായില്ല.

അഭയ കേന്ദ്രത്തിൽ നിന്നും കേസന്വേഷിക്കുന്ന എടക്കാട് പൊലീസ് മുഴപ്പിലങ്ങാട് ഭാഗത്ത് പെൺകുട്ടിയെ എത്തിച്ചെങ്കിലും വീടും സ്ഥലവും ഏതെന്ന് തിരിച്ചറിയാനായില്ല. മുഴപ്പിലങ്ങാട് സ്വദേശിയായ ശരത് എന്നയാളാണ് പീഡനത്തിനിരയായ വീട്ടിലേക്ക് കൊണ്ടു പോയതെന്നാണ് പെൺകുട്ടി മൊഴി നൽകിയത്. എന്നാൽ പൊലീസ് എത്ര ശ്രമിച്ചിട്ടും പീഡനത്തിനിരയാക്കപ്പെട്ട വീടോ സ്ഥലമോ പെൺകുട്ടിക്ക് വ്യക്തമാക്കാൻ കഴിഞ്ഞില്ല.

ശരത് എന്നയാളുടെ പേര് മാത്രമേ കുട്ടിയുടെ ഓർമ്മയിൽ തെളിയുന്നുള്ളൂ. ഈ പേരുകാരനെ പൊലീസ് അന്വേഷണത്തിലും ഇതുവരെ കണ്ടെത്താനായില്ല. പെൺകുട്ടി തീർത്തും പൊലീസ് കൊണ്ടു പോയ സ്ഥലം അപരിചിതമായാണ് പെറുമാറിയിട്ടുള്ളത്. ഒരു പക്ഷെ കൊണ്ടു പോയവർ സ്ഥലം മുഴപ്പിലങ്ങാടെന്ന് തെറ്റിദ്ധരിപ്പിച്ചതായും കരുതുന്നു.