ഡെറാഡൂൺ: രക്ഷിക്കേണ്ടവർ തന്നെ ശിക്ഷിച്ചാൽ അതിൽ നിന്ന് കരകയറാൻ ചിലപ്പോൾ കുട്ടികൾക്ക് കഴിഞ്ഞില്ലെന്നുവരും. ആ ഷോക്ക് തന്നെയാണ് ഡെറാഡൂണിലെ ഈ പെൺകുട്ടിയുടെ മനോനില പോലും തെറ്റിച്ചിരിക്കുന്നത്. 57കാരനായ സ്വന്തം അദ്ധ്യാപകനാണ് ഈ പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയത്. കഴിഞ്ഞ ആഴഅച ഈ പെൺകുട്ടി ഒരു കുഞ്ഞിന് ജന്മം നൽകുകയും ചെയ്തു. ഇതോടെ കടുത്ത മാനസിക സംഘർഷമാണ് ഈ പെൺകുട്ടി അനുഭവിക്കുന്നത്.

രണ്ട് മാസം മുമ്പാണ് പെൺകുട്ടി ഗർഭിണിയാണെന്നറിഞ്ഞത്. വയറുവേദനയെത്തുടർന്ന് ആശുപത്രിയിലെത്തിച്ചപ്പോഴാണ് പെൺകുട്ടി ഏഴു മാസം ഗർഭിണിയാണെന്ന് കണ്ടെത്തി. അപ്പോഴേക്കും ഗർഭഛിദ്രവും സാധ്യമാകുമായിരുന്നില്ല. ഇതോടെ പഠിപ്പും മുടങ്ങി. കുഞ്ഞുണ്ടായതോടെ പെൺകുട്ടി മാനസികമായി തകർന്ന നിലയിലാണെന്ന് പിതാവ് പറയുന്നു. ബോർഡ് പരീക്ഷയ്ക്കായുള്ള തയ്യാറെടുപ്പുകൾ നടത്താനാവാത്തതിലും കുട്ടിക്ക് കടുത്ത മാനസികസംഘർഷമാണുള്ളതെന്ന് കുട്ടിയുടെ പിതാവ് പറയുന്നു.

ഇതിനെ എവിടെയെങ്കിലും കൊണ്ടുപോയിക്കളയൂ, എനിക്കിതിനെ നോക്കാൻ പറ്റുന്നില്ല എന്ന് പറഞ്ഞ് അവൾ തന്നോട് അപേക്ഷിക്കുകയാണെന്ന് പിതാവ് പറയുന്നു. സർക്കാർ സ്‌കൂളിലെ വിദ്യാർത്ഥിനിയായിരുന്ന പെൺകുട്ടിയെ ചരിത്രാധ്യാപകനായിരുന്ന അമ്പത്തിയേഴുകാരനാണ് നിരന്തരം പീഡിപ്പിച്ചത്. വിവരം പുറത്തുപറഞ്ഞാൽ അവളെ കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു.

കേസിൽ അന്വേഷണം ഇപ്പോഴും പുരോഗമിക്കുകയാണ്. കുട്ടിയെ പീഡിപ്പിച്ച അദ്ധ്യാപകൻ ജയിലിലാണുള്ളത്. കുഞ്ഞ് ഇയാളുടേത് തന്നെയാണോ എന്നറിയാൻ ഡിഎൻഎ പരിശോധന എത്രയും വേഗം നടത്തുമെന്നാണ് പൊലീസ് അറിയിച്ചു. നിയമനടപടികളെല്ലാം പൂർത്തിയായ ശേഷം പെൺകുട്ടിയുടെ വീട്ടകാർക്ക് താല്പര്യമാണെങ്കിൽ കുഞ്ഞിനെ ശിശുക്ഷേമസമിതി വഴി ആർക്കെങ്കിലും ദത്ത് നൽകാനാണ് സാധ്യതയെന്നും പൊലീസ് അറിയിച്ചു.