ബംഗളൂരു: വിഐപികൾക്കെത്താൻ പതിനഞ്ചോളം ഹെലിപാഡുകളും അരലക്ഷത്തോളംപേർക്ക് മൃഷ്ടാന്ന ഭോജനവുമൊരുക്കി ശതകോടികളുടെ ചെലവിൽ ഒരു ആഡംബര കല്യാണം. രാജ്യത്തെ കള്ളപ്പണ മുക്തമാക്കാൻ നരേന്ദ്ര മോദിയുടെ കറൻസി നിരോധനം വന്നതിന് പിന്നാലെ മുൻ കർണാടക ബിജെപി മന്ത്രിയും ഖനിമുതലാളിയുമായ ജനാർദ്ദന റെഡ്ഡിയുടെ മകളുടെ വിവാഹം കോടികൾ പൊടിച്ച് നടത്തുന്നത് രാജ്യമെങ്ങും വലിയ ചർച്ചയായി മാറിയിരിക്കുകയാണ്.

വിവാഹത്തിന്റെ ആഘോഷങൾ ഇന്നുമുതൽ ആരംഭിക്കുമ്പോൾ വിവാഹവേദിയായി ബാംഗഌർ നഗരമധ്യത്തിലെ പാലസ് ഗ്രൗണ്ടിൽ ഉത്സവാന്തരീക്ഷമാണ് ഒരുക്കിയിട്ടുള്ളത്. 16നു പാലസ് ഗ്രൗണ്ടിലാണു ബ്രഹ്മണിയും വ്യവസായപ്രമുഖൻ രാജീവ് റെഡ്ഡിയുമായുള്ള വിവാഹം. 500 കോടി രൂപയിലേറെ ചെലവു പ്രതീക്ഷിക്കുന്ന വിവാഹത്തിന്റെ പന്തൽ വിജയനഗര സാമ്രാജ്യത്തിലെ സുവർണ കൊട്ടാരത്തിന്റെ മാതൃകയിലാണ് ഒരുക്കിയിട്ടുള്ളത്.

ഇതിനു മാത്രം 150 കോടിയോളം ചെലവായെന്നാണ് സംസാരം. ബോളിവുഡ് സിനിമ 'ദേവദാസി'ന് സെറ്റിട്ട കലാസംവിധായകൻ നിതിൻ ചന്ദ്രകാന്ത് ദേശായി ആണ് സെറ്റ് നിർമ്മാണത്തിന്റെ മേൽനോട്ടം നിർവഹിക്കുന്നത്. സെറ്റ് നിർമ്മാണം നടക്കുന്ന പാലസ് ഗ്രൗണ്ടിൽ മാദ്ധ്യമങ്ങലെ വിലക്കിയിട്ട് കുറച്ചു നാളുകളായി. ഹംപിയിലെ വിജയവിഠല ക്ഷേത്രം, ലോട്ടസ് മഹൽ എന്നിവയും പാലസ് ഗ്രൗണ്ടിൽ പുനരാവിഷ്‌കരിച്ചിട്ടുണ്ട്. വിവാഹച്ചടങ്ങിനു മാത്രം 50,000 പേരെയാണു ക്ഷണിച്ചിരിക്കുന്നത്. രാജ്യത്തിന്റെ പല ഭാഗത്തുനിന്നും എത്തുന്ന വമ്പൻ ബിസിനസുകാർ ഉൾപ്പെടെയുള്ള വിഐപികൾക്കായി 15 ഹെലിപാഡുകളും ഒരുക്കിയിട്ടുണ്ട്.

അനധികൃത ഖനന കേസിൽ 2011ൽ അറസ്റ്റിലായ ജനാർദന റെഡ്ഡിക്കു മൂന്നരവർഷത്തെ ജയിൽവാസത്തിനു ശേഷം സുപ്രീം കോടതിയിൽനിന്നു ജാമ്യം ലഭിച്ചതു 2015 ജനുവരിയിലാണ്. മാറിയ സാഹചര്യത്തിൽ കള്ളപ്പണക്കാരനായ ബിജെപി നേതാവിന്റെ കല്യാണമാമാങ്കമായി ബാംഗഌരിലെ വിവാഹം വലിയ ചർച്ചയായിക്കഴിഞ്ഞു. കല്യാണത്തിനുവേണ്ടി തയ്യാറാക്കിയ എൽഇഡി ക്ഷണക്കത്തിന്റെ ആഡംബരം മുതൽ കോടികൾ പൊടിച്ച് പന്തലൊരുക്കിയതും ഹെലിപാഡുകൾ നിർമ്മിച്ചതുമെല്ലാം ഇപ്പോൾ വാർത്തകളിൽ നിറയുന്നു. റെഡ്ഡിയും കുടുംബവും എൽ.സി.ഡി ഡിസ്‌പ്ലേയിലൂടെ ആട്ടവും പാട്ടുമായി വിവാഹക്ഷണം നടത്തുന്നത് വലിയ വാർത്തയായിരുന്നു.

ഒരു ബോക്‌സിൽ എത്തുന്ന ക്ഷണക്കത്ത് ആണ് ആദ്യം വിവാഹം പൊടിപാറുമെന്നതിന്റെ വിളംബരമായത്. ബോക്‌സ് തുറക്കുമ്പോൾ ഒരു ചെറിയ എൽ.സി.ഡി സ്‌ക്രീൻ പ്രവർത്തിക്കാൻ തുടങ്ങും. ഒരു ഗാനത്തിനൊപ്പം.. പിന്നീടു വരുന്ന ദൃശ്യത്തിൽ റെഡ്ഡിയും കുടുംബം പാടുന്നതും വിവാഹത്തിന് എല്ലാവരേയും ക്ഷണിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ തെളിയും. ബോളിവുഡിനെ പോലും അതിശയപ്പെടുത്തുന്ന രീതിയിലുള്ള ഒരുക്കങ്ങളാണ് ദൃശ്യങ്ങളിൽ ഉള്ളത്. ഒരു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ വിവാഹ തീയതിയും സ്ഥലവും അറിയിക്കുന്നതോടെയാണ് അവസാനിക്കുന്നത്. 49കാരനായ റെഡ്ഢി കർണാടകയിലെ ശക്തരായ വ്യക്തികളിൽ ഒരാളാണ്.

കള്ളപ്പണം വെളുപ്പിക്കാനും വ്യാജകറൻസി തടയാനും കേന്ദ്രസർക്കാർ കൈക്കൊണ്ട നടപടിയെ തുടർന്ന് രാജ്യത്ത് ജനങ്ങൾ കൈവശമുള്ള ആയിരവും അഞ്ഞൂറും മാറ്റിവാങ്ങാൻ നെട്ടോട്ടമോടുമ്പോൾ കോടികൾ പൊടിച്ച് നടത്തുന്ന കല്യാണത്തിന് കള്ളപ്പണം ഒഴുകിയിറങ്ങുന്നുവെന്ന വിമർശനം രൂക്ഷമായിരിക്കുകയാണിപ്പോൾ. ബിഎസ് യദിയൂരപ്പ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് ഗലി ജനാർദ്ദൻ റെഡ്ഡി മന്ത്രിയായിരുന്നത്. അനധികൃത ഖനന കേസിനെ തുടർന്നാണ് 40 മാസം ജയിൽവാസം അനുഭവിക്കേണ്ടവന്നത്.