- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നേപ്പാൾ വിമാനദുരന്തത്തിൽ 16 മൃതദേഹങ്ങൾ കണ്ടെത്തി; മറ്റുള്ള മൃതദേഹങ്ങൾക്കായി തിരച്ചിൽ ശക്തമാക്കി; മിക്ക മൃതദേഹങ്ങളും തിരിച്ചറിയാനാകാത്തവിധമെന്നും നേപ്പാൾ സൈന്യം; അപകടമുണ്ടായത് മോശം കാലാവസ്ഥ കാരണം വിമാനം പർവതത്തിലിടിച്ചെന്ന് നിഗമനം
കാഠ്മണ്ഡു: നേപ്പാളിൽ ഇന്ത്യക്കാരായ നാലംഗ കുടുംബം ഉൾപ്പെടെ 22 പേരുമായി ചെറു വിമാനം തകർന്നുവീണ സ്ഥലത്തുനിന്ന് 16 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. ബാക്കിയുള്ളവയ്ക്കായി തിരച്ചിൽ പുരോഗമിക്കുകയാണ്.മൃതദേഹങ്ങൾ ഒക്കെത്തന്നെയും കത്തിക്കരിഞ്ഞ് തിരിച്ചറിയാൻ പോലും കഴിയാത്ത സ്ഥിതിയിലാണ്.വിമാനത്തിലുണ്ടായിരുന്നവരിൽ ആരും ജീവനോടെ അവശേഷിക്കുന്നില്ലെന്നാണ് രക്ഷാപ്രവർത്തകർ നൽകുന്ന വിവരം.
മുംബൈയിലെ താനെ സ്വദേശികളായ അശോക് കുമാർ ത്രിപാഠി, ഭാര്യ വൈഭവി ബണ്ഡേകർ, മക്കൾ ധനുഷ്, ഋതിക എന്നിവരാണു കാണാതായ ഇന്ത്യൻ യാത്രികർ. 2 ജർമൻകാർ, 13 നേപ്പാളികൾ, ജീവനക്കാരായ 3 നേപ്പാൾ സ്വദേശികൾ എന്നിവരും വിമാനത്തിലുണ്ടായിരുന്നു.
മോശം കാലാവസ്ഥ മൂലം വിമാനം 14,500 അടി ഉയരത്തിൽവച്ച് പർവതത്തിൽ ഇടിച്ചെന്നാണ് റിപ്പോർട്ട്. തുടർന്ന് തകർന്നുവീണ വിമാനം 100 മീറ്ററോളം ചുറ്റളവിൽ ചിതറിത്തെറിച്ചു.
15 നേപ്പാളി സൈനികരുടെ സംഘത്തെ ഹെലികോപ്റ്ററിൽ പർവതത്തിന്റെ 11,000 അടി ഉയരത്തിൽ എത്തിച്ചാണ് രക്ഷാപ്രവർത്തനത്തിന് വഴിയൊരുക്കിയത്.ഞായറാഴ്ച രാവിലെ കാണാതായ വിമാനം നേപ്പാളിലെ പർവതമേഖലയിൽ തകർന്നു വീണതായി രാത്രിയോടെ സ്ഥിരീകരിച്ചെങ്കിലും കനത്ത മഞ്ഞുവീഴ്ച മൂലം രക്ഷാപ്രവർത്തനം തടസ്സപ്പെട്ടിരുന്നു. ഇന്നു രാവിലെ തിരച്ചിൽ പുനരാരംഭിച്ചപ്പോഴാണ് അവശിഷ്ടങ്ങൾ കണ്ടെത്താനായത്.
2016 ൽ ഇതേ വ്യോമ പാതയിൽ പറന്ന താര എയർലൈനിന്റെ വിമാനം തകർന്ന് 23 പേർ കൊല്ലപ്പെട്ടിരുന്നു. നേപ്പാൾ പർവതമേഖലയിലെ വ്യോമഗതാഗതത്തിന് 2009 ൽ ആരംഭിച്ചതാണ് താര എയർലൈൻസ്.ഞായറാഴ്ച രാവിലെ 9.55ന് നേപ്പാളിലെ ടൂറിസ്റ്റ് നഗരമായ പൊഖാറയിൽ
നിന്ന് ജോംസോമിലേക്ക് പറന്ന താര എയറിന്റെ ഇരട്ട എൻജിനുള്ള 9എൻ-എഇടി വിമാനത്തിന് 15 മിനിറ്റിനു ശേഷം കൺട്രോൾ റൂമുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു. പൊഖാറ-ജോംസോം വ്യോമപാതയിൽ ഘോറെപാനിക്കു മുകളിൽവച്ചാണു വിമാനവുമായുള്ള ബന്ധം നഷ്ടമായതെന്ന് നേപ്പാൾ വ്യോമയാന വൃത്തങ്ങൾ പറഞ്ഞു.
ജോംസോമിലെ ഘാസയിൽ വലിയ ശബ്ദം കേട്ടതായി നാട്ടുകാർ പറയുന്നു. തിരച്ചിലിനു പോയ ഹെലികോപ്റ്റർ മോശം കാലാവസ്ഥ മൂലം മടങ്ങിയിരുന്നു. സ്ഥലം വ്യക്തമായതോടെ പിന്നീട് നേപ്പാൾ കരസേനയുടെ 10 അംഗ സംഘം ഹെലികോപ്റ്ററിൽ നർഷാങ് ആശ്രമത്തിനു സമീപം നദിക്കരയിൽ തിരച്ചിലിനായി ഇറങ്ങി.
പിന്നീട്, മസ്താങ് ജില്ലയിലെ ലാറിക്കോട്ടയിലെ പർവത പ്രദേശമായ ലാനിങ്ഗോളയിൽ തകർന്നുവീണ് തീപടർന്ന അവസ്ഥയിൽ വിമാനം കണ്ടെത്തിയതായി നേപ്പാളിലെ കരസേനാ മേജർ ജനറൽ ബാബുറാം ശ്രേഷ്ഠ വെളിപ്പെടുത്തിയിരുന്നു. പക്ഷേ പ്രതികൂല കാലാവസ്ഥ മൂലം തിരച്ചിൽ നിർത്തേണ്ടിവന്നിരുന്നു.
മറുനാടന് മലയാളി ബ്യൂറോ