കൊച്ചി: കോടികളുടെ വായ്‌പ്പാ തട്ടിപ്പ് നടത്തിയ ശേഷം ദുബായിലിൽ നിന്നും കേരളത്തിലേക്ക് മുങ്ങിയ ആലപ്പുഴ സ്വദേശികൾ മുൻകൂർ ജാമ്യത്തിന് ഹൈക്കോടതിയെ സമീപിച്ചു. സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങിയതോടെയാണ് ദമ്പതികൾ ഹൈക്കോടതിയ സമീപിച്ചത്. 17.88 കോടി രൂപയുടെ തട്ടിപ്പു നടത്തിയതിനാണ് ദമ്പതികൾക്കെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചത്.

ദുബായിൽ പരസ്യക്കമ്പനി നടത്തിയിരുന്ന ആലപ്പുഴ കരുവാറ്റ സ്വദേശിയും ഭാര്യയുമാണു മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്. പല ബാങ്കുകളിൽ നിന്നാണ് ഇവർ അതിവിദഗ്ദമായി ഇവർ 17.88 കോടി തട്ടിയത്. തന്റെ സ്ഥാപനത്തിന് 41.26 കോടി രൂപയുടെ ആസ്തിയുണ്ടെന്ന ഓഡിറ്റ് റിപ്പോർട്ട് കാണിച്ചായിരുന്നു തട്ടിപ്പ്. ദുബായ് ആസ്ഥാനമായ ബാങ്കിൽനിന്ന് 3.88 കോടി രൂപയാണ് 2014-15 കാലയളവിൽ വായ്പ എടുത്തത്. തുക തിരിച്ചടയ്ക്കാതെ വഞ്ചിച്ചെന്നാണു കരുവാറ്റ സ്വദേശിക്കെതിരെയുള്ള കേസ്. ഭർത്താവിനു വേണ്ടി ബാങ്കിൽ ജാമ്യം നിന്നതിന്റെ പേരിലാണു ഭാര്യയും പ്രതിയായത്.

ബിസിനസ് ആവശ്യത്തിനുമാത്രം ഉപയോഗിക്കാനാണു മാസ്റ്റർ ക്രെഡിറ്റ് സംവിധാനത്തിലൂടെ ബാങ്ക് വായ്പ നൽകിയത്. എന്നാൽ, ബിസിനസ് നടത്തിയതായി വ്യാജ രേഖയുണ്ടാക്കിയെന്നാണു മറ്റൊരാരോപണം. വായ്പയ്ക്കുള്ള അപേക്ഷയ്‌ക്കൊപ്പം ബാങ്കിൽ ഗാരന്റിയായി നൽകിയിരുന്ന ചെക്ക് ക്ലിയറൻസിന് അയച്ചപ്പോൾ അക്കൗണ്ടിൽ പണമില്ലാത്തതിനാൽ മടങ്ങി. ഇതോടെ ബാങ്ക് അധികൃതർ വണ്ടിച്ചെക്കു കേസ് കൊടുക്കുകയും യാത്രാവിലക്ക് ഏർപ്പെടുത്തുകയും ചെയ്തു. എന്നാൽ ഇരുവരും യുഎഇയിൽനിന്ന് അപ്രത്യക്ഷരായി.

യുഎഇ സെൻട്രൽ ബാങ്ക് ലഭ്യമാക്കിയ കണക്ക് പ്രകാരം ഇതേ കമ്പനിയുടെ പേരിൽ ഇവർ 17.88 കോടി രൂപ പല ബാങ്കുകളിൽ നിന്നായി വായ്പയെടുത്തിട്ടുണ്ട്. 41.26 കോടി ആസ്തിയുണ്ടെന്ന ഓഡിറ്റ് റിപ്പോർട്ട് നൽകിയാണു 10 ബാങ്കുകളിൽനിന്നു വായ്പ നേടിയത്. എറണാകുളം സെൻട്രൽ പൊലീസ് രജിസ്റ്റർ ചെയ്ത മുപ്പതോളം കേസുകൾ അന്വേഷണത്തിനായി ഇതുവരെ ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിനു കൈമാറിയിട്ടുണ്ട്.

ഇത്രയും കേസുകളിലായി 800 കോടിയിലധികം രൂപയുടെ സാമ്പത്തിക വഞ്ചനയാണ് ആരോപിച്ചിരിക്കുന്നത്. ദുബായിലെ രണ്ടു ബാങ്കുകൾ കൂടി പരാതി നൽകിയിട്ടുണ്ട്. ഇവയും ക്രൈംബ്രാഞ്ചിനു കൈമാറും.