പനാജി: അടുത്തവർഷം ആദ്യം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗോവയിൽ പാർട്ടികളിലെ കൊഴിഞ്ഞുപോക്ക് തുടരുന്നു. വാസ്‌കോയിൽനിന്നുള്ള ബിജെപി എംഎ‍ൽഎ കാർലോസ് അൽമേഡയാണ് ഏറ്റവും ഒടുവിൽ രാജിവെച്ചത്.

കഴിഞ്ഞദിവസം രാജിവെച്ച ഗോവ കോൺഗ്രസ് എംഎ‍ൽഎ അലക്സോ റെജിനാൾഡോ ലൊറൻകോ തൃണമൂൽ കോൺഗ്രസിൽ ചേർന്നു. ദാജി സൽക്കാറിന്റെ നേതൃത്വത്തിന് കീഴിൽ മണ്ഡലത്തിൽ പ്രവർത്തിക്കാൻ ആവശ്യപ്പെട്ടതിനാലാണ് രാജിയെന്ന് അൽമേഡ പറഞ്ഞു. ദാജിക്കെതിരെ അൽമേഡ വഞ്ചനക്കേസ് നൽകിയിരുന്നു. ബിജെപി വിടുന്ന രണ്ടാമത് എംഎ‍ൽഎയാണ് അൽമേഡ. ഏഴ് എംഎ‍ൽഎമാരാണ് അടുത്തിടെ ഗോവയിൽ രാജി നൽകിയത്.

തിങ്കളാഴ്ച രാവിലെ എംഎ‍ൽഎ സ്ഥാനം രാജിവെച്ച ലൊറൻകോ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ സാന്നിധ്യത്തിൽ അവരുടെ വസതിയിൽവെച്ച് ചൊവ്വാഴ്ചയാണ് തൃണമൂൽ അംഗമായത്. ഇതോടെ 40 അംഗ നിയമസഭയിൽ കോൺഗ്രസിന്റെ അംഗബലം രണ്ടായി ചുരുങ്ങി. മുൻ ഗോവ മുഖ്യമന്ത്രി ലൂസിഞ്ഞോ ഫലീറോയും കോൺഗ്രസ് വിട്ട് തൃണമൂലിൽ ചേർന്നിരുന്നു. രവി നായിക്ക് ആണ് രാജിവെച്ച മറ്റൊരു കോൺഗ്രസ് എംഎ‍ൽഎ. ജയേഷ് സൽഗാവോങ്കർ (ഗോവ ഫോർവേഡ് പാർട്ടി), രോഹൻ കൗണ്ടെ (സ്വതന്ത്രൻ), അലിന സൽദാന (ബിജെപി) എന്നിവരാണ് രാജിവെച്ച മറ്റുള്ളവർ.